ഡോ. സിസ തോമസും ഡോ. ശിവപ്രസാദും വിസിമാർ
Thursday, November 28, 2024 3:01 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയും കുസാറ്റ് ഷിപ്പ് ടെക്നോളജി വകുപ്പിലെ പ്രഫസർ ഡോ. കെ. ശിവപ്രസാദിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയും നൽകി ഗവർണർ ഉത്തരവിട്ടു.
സിസ തോമസിനെ സാങ്കേതിക സർവകലാശാല വിസി ആയി ഗവർണർ നിയമിച്ചതു ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ നൽകുന്ന പാനലിൽനിന്ന് താത്കാലിക വിസിയെ നിയമിക്കണമെന്ന് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ഉണ്ടായിരുന്നുവെങ്കിലും കണ്ണൂർ സർവകലാശാലാ വിസി ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ വിസിനിയമനത്തിൽ സർക്കാർ ഇടപെടാൻ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലർമാരെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്.