ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്; പടിക്കൽ കലമുടച്ച് കേരള പോലീസ്
Thursday, November 28, 2024 3:01 AM IST
ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പതിനെട്ടാംപടിയില്‍ ശ്രീകോവിലിനു പുറം തിരിഞ്ഞുനിന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എപിയിലെ 23 പോലീസുകാര്‍ക്ക് നല്ലനടപ്പുശിക്ഷ.
ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത ഇവരെ കണ്ണൂര്‍ കെഎപി ക്യാമ്പിലേക്ക് മാറ്റാനും തീവ്രപരിശീലനം നല്‍കാനും എഡിജിപി എസ്. ശ്രീജിത്ത് നിര്‍ദേശിച്ചു. തിരികെ എത്തുന്പോൾ ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും നിർദേശമുണ്ട്.
ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിച്ചശേഷമുള്ള ആദ്യബാച്ച് പോലീസുകാരിലെ 23 പേരാണ് ഡ്യൂട്ടി അവസാനിക്കുന്നതിനു മുമ്പായി കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പതിനെട്ടാംപടിയില്‍ നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തത്. ഇത് സമൂഹമാധ്യമങ്ങളില്‍ അവര്‍തന്നെ പ്രചരിപ്പിച്ചതോടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
തിങ്കളാഴ്ച രാവിലെ ഇവര്‍ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുകയും ചെയ്തിരുന്നു. പിന്നാലെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ശബരിമലയില്‍ പോലീസ് കോ-ഓര്‍ഡിനേറ്ററായ എഡിജിപി എസ്. ശ്രീജിത്തിനോടു വിശദീകരണം തേടുകയും ചെയ്തു.
എഡിജിപി സന്നിധാനം സ്പെഷല്‍ ഓഫീസറോട് റിപ്പോർട്ട് വാങ്ങി. പോലീസുകാരുടെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടെന്നും സേനയ്ക്ക് മാനക്കേടുണ്ടാക്കിയതായും സ്പെഷൽ ഓഫീസർ റിപ്പോർട്ട് നൽകിയതിനെത്തുടര്‍ന്ന് ആരോപണവിധേയരായ പോലീസുകാരിൽനിന്നു വിശദീകരണം തേടി. ആചാരലംഘനമാണെന്ന് അറിയില്ലെന്നാണ് ഭൂരിഭാഗം പേരും മേലുദ്യോഗസ്ഥരെ അറിയിച്ചത്.
എന്നാല്‍ ഇതംഗീകരിക്കാന്‍ ഉന്നത പോലീസ് ദ്യോഗസ്ഥര്‍ തയാറായില്ല. തീവ്രപരിശീലന കാലയളവില്‍ പോലീസുകാര്‍ക്ക് അവധിയടക്കം നിഷേധിക്കപ്പെടാം.
ഭക്തര്‍ പരിപാവനമായി കരുതുന്ന പതിനെട്ടാം പടിയില്‍ ഭഗവാന് പുറംതിരിഞ്ഞുനിന്ന് പോലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയത് ആചാരലംഘനമെന്ന് ഭക്തസംഘടനകള്‍ ആരോപിച്ചിരുന്നു. സേവനം പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന മേല്‍ശാന്തിമാര്‍ പോലും ഭഗവാന് അഭിമുഖമായി പുറകോട്ടാണ് പതിനെട്ടാംപടിയിറങ്ങുന്നത്.
പടിയില്‍ ഡ്യൂട്ടിയുള്ള പോലീസുകാരും പിന്തിരിഞ്ഞ് നില്‍ക്കാറില്ല. പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയില്‍ താഴെ മുതല്‍ മുകളില്‍ വരെ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ചിലര്‍ വശങ്ങളില് ഇരിക്കുന്നുമുണ്ട്.
പോലീസിന്റെ ആദ്യബാച്ചില്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ നല്ലനിലയിലാണ് പ്രവര്‍ത്തിച്ചതെന്ന പ്രശംസ നിലനില്‍ക്കുമ്പോഴാണ് ഇതേ സംഘത്തിൽ പെട്ടവർ ഫോട്ടോഷൂട്ട് വിവാദത്തില്‍ പെട്ടത്.
തിരക്ക് നിയന്ത്രണത്തിനും കൂടുതല്‍ പേരെ പതിനെട്ടാംപടി കയറ്റുന്നതിലും ആദ്യബാച്ചിന്റെ പ്രവര്‍ത്തനം പൊതുവേ പ്രശംസിക്കപ്പെട്ടിരുന്നു.