പ്ലാന്റേഷൻ മേഖലയിൽ പുതിയ നയം നടപ്പിലാക്കും: മന്ത്രി പി. രാജീവ്
Thursday, November 28, 2024 2:27 AM IST
തിരുവനന്തപുരം: പ്ലാന്റേഷൻ മേഖലയുടെ വൈവിധ്യവത്കരണവും നവീകരണവും സംബന്ധിച്ച് സമഗ്രനയം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന വ്യവസായ വകുപ്പ്.
പ്ലാന്റേഷൻ മേഖലയുടെ വൈവിധ്യവത്കരണത്തെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പുതിയ നയം നടപ്പിലാക്കുക. പ്ലാന്റേഷൻ മേഖലയിലെ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു പുതിയ നയം നടപ്പാക്കാനാണു സർക്കാർ തയാറെടുക്കുന്നതെന്നു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
തോട്ടം ഉടമകൾ ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ തയാറാകണമെന്നു മന്ത്രി പറഞ്ഞു.
ഈ സാധ്യത ഉപയോഗപ്പെടുത്തിയാൽ വലിയ തോതിലുള്ള നിക്ഷേപമാണു തോട്ടം മേഖലയിൽ ഉണ്ടാകാൻ പോകുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്ലാന്റേഷൻ ഭൂമിയുള്ളത്. പ്ലാന്റേഷൻ ഭൂമി അതേപടി നിലനിർത്തിക്കൊണ്ടുള്ള വൈവിധ്യവത്കരണമാണു നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഐഎംകെ പ്രതിനിധികളായ പ്രഫ. എസ്. വെങ്കിട്ടരാമൻ, പ്രഫ. അശുതോഷ് സർക്കാർ എന്നിവരാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.
കേരളത്തിലെ തോട്ടം ഭൂമിയിൽനിന്നുള്ള ലാഭത്തിന്റെ കുറവാണ് ഇത്തരമൊരു പഠനത്തിനു പ്രേരിപ്പിച്ച പ്രാഥമിക ഘടകമെന്ന് ഐഐഎംകെ പ്രതിനിധികൾ പറഞ്ഞു.
സാന്പത്തിക, സാമൂഹിക സുസ്ഥിരത കൈവരിക്കുന്നതിനായി തോട്ടം മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വെളിച്ചം വീശുന്നതാണ് 69 പേജുള്ള റിപ്പോർട്ട്. ഒന്നിലധികം വിളകൾ പ്ലാന്റേഷൻ ഭൂമിയിൽ കൃഷിചെയ്യുന്നതിലൂടെ തോട്ടം മേഖല ലാഭകരമാക്കാമെന്നും പുതിയ വിപണി കണ്ടെത്താമെന്നും പരിസ്ഥിതി സംരംക്ഷണത്തിലൂന്നി മുന്നോട്ടു പോകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടർ ആനി ജൂല തോമസ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഡോ.കെ.എസ്. കൃപകുമാർ എന്നിവരും സന്നിഹിതരായിരുന്നു. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് റിപ്പോർട്ടിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വീഡിയോ കോണ്ഫറൻസിംഗിലൂടെ പങ്കുവച്ചു.
തോട്ടം ഉടമകളും തൊഴിലാളി യൂണിയൻ നേതാക്കളും പ്രമുഖ വ്യവസായികളും ജനപ്രതിനിധികളും റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു.