മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകം: നടന് പ്രേംകുമാര്‍
Thursday, November 28, 2024 2:27 AM IST
കൊച്ചി: ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിനു മാരകമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍.
സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമാണ്. സിനിമയും സീരിയലും വെബ് സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണു കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണു താന്‍. സിനിമയില്‍ സെന്‍സറിംഗ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
സീരിയലുകള്‍ ഷൂട്ട് ചെയ്ത് അതേദിവസം തന്നെ കാണിക്കുന്നുവെന്നാണ് ആ രംഗത്തുള്ളവര്‍ പറയുന്നത്. അതിനിടെ സെന്‍സറിംഗ് നടത്താന്‍ സമയമില്ല. കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.