കർഷകരുടെ 225 ഏക്കര്‍ പ്ലാന്റേഷന് കോര്പറേഷന് കൈമാറുന്നത് നിയമവിരുദ്ധമായി: മാത്യു സ്റ്റീഫന്‍
Thursday, November 28, 2024 2:27 AM IST
കോട്ടയം: ദേവികുളം ആനവിരട്ടി വില്ലേജില്‍ 225 ഏക്കര്‍ കൈവശഭൂമി സര്‍ക്കാര്‍ പ്ലാന്റേഷന് കോര്പറേഷന് നിയമവിരുദ്ധമായി കൈമാറാന്‍ ഉത്തരവിട്ടതായി പശ്ചിമഘട്ട സംരക്ഷണ സമിതി. ബ്ലോക്ക് 12ല്‍ 2ല്‍ സര്‍വേ 234/12, 13, 14, 15, 16 നമ്പരില്‍പെട്ട ഭൂമിയാണ് പ്ലാന്റേഷന് കോര്പറേഷന് നൽകാൻ സെപ്റ്റംബര്‍ 14നാണു ഉത്തരവിട്ടതെന്ന് സമിതി ചെയർമാൻ മാത്യു സ്റ്റീഫന്‍ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
150 കൃഷിക്കാര്‍ കുടുംബമായി താമസിക്കുന്ന ഭൂമി സുപ്രീംകോടതിയുടെ ഉത്തരവിന്റെ മറവിലാണ് പ്ലാന്റേഷന് കോര്പറേഷന് നല്‍കിയത്. ഭൂമി പാട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ സുപ്രീംകോടതിയില്‍ നല്കിയ കേസ് തള്ളിയിരുന്നു.
കൃഷിക്കാരെ കുടിയിറക്കാനോ കൃഷിഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുവാനോ കോടതി പറഞ്ഞിട്ടില്ല. കേസിനുപോയ കൃഷിക്കാരന്റെ റിവ്യൂ പെറ്റീഷന് കോടതിയില്‍ നിലവിലുണ്ട്.
വസ്തു അളന്നു തിട്ടപ്പെടുത്തി താമസമുള്ള കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെ തിടുക്കത്തില്‍ ഭൂമി കൈമാറുന്നതിനു പിന്നിൽ സിപിഐയുടെ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ താത്പര്യമാണ്.
എം.എം. മണിയും മുന്‍ സിപിഐ ജില്ലാ സെക്രട്ടറിയും തമ്മിലുള്ള പോരാണ് ഇപ്പോഴത്തെ നടപടിക്കു പിന്നിലെന്നും മാത്യു സ്റ്റീഫന്‍ പറഞ്ഞു.