സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം; രാജിസൂചന നൽകി കെ. സച്ചിദാനന്ദൻ, വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു
Thursday, November 28, 2024 2:27 AM IST
തൃശൂർ: സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിസൂചന നൽകി കെ. സച്ചിദാനന്ദൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു.
“എനിക്കു ഭൂമിയിൽ കുറച്ചു സമയമാണുള്ളത്. ലാപ്ടോപ്പിനു മുന്പിൽ കൂടുതൽ സമയം ചെലവഴിക്കണം. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി, ഇംഗ്ലീഷ്-മലയാളം പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ എഡിറ്റിംഗ് ജോലികളിൽനിന്നു പിൻമാറുന്നു” എന്നായിരുന്നു പോസ്റ്റ്. ഇതു മാധ്യമങ്ങളിൽ വാർത്തയായതോടെ പിൻവലിച്ചു.
ഇതിനുമുന്പ് എഴുതിയ കുറിപ്പിലും ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽനിന്നു വിട്ടുനിൽക്കുകയാണെന്നു വ്യക്തമാക്കിയിരുന്നു. ഏഴു വർഷത്തിനിടെ പലവട്ടം സന്നിബാധയുണ്ടായി. ഇതിൽ രണ്ടെണ്ണം കഴിഞ്ഞ മൂന്നു മാസത്തിനിടെയാണ്. കൂടുതൽ എഴുതണം.
നാടകത്തിന്റെ പണിപ്പുരയിലാണ്. മറ്റൊന്നു മനസിലുണ്ട്. ചില ലേഖനങ്ങളും കവിതകളും എഴുതണം. മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമാണ് അക്ഷരങ്ങളെന്നും അദ്ദേഹം പറയുന്നു.
അനാരോഗ്യത്തെത്തുടർന്ന് പൊതുപരിപാടികളിൽനിന്നു മാറിനിൽക്കുകയാണ് സച്ചിദാനന്ദൻ.മറവിരോഗമുണ്ടെന്നും ഒക്ടോബറിൽ നിരവധി പരിപാടികളിൽ പങ്കെടുത്തതിനാൽ മാനസികസമ്മർദമുണ്ടെന്നും വ്യക്തമാക്കുന്ന പോസ്റ്റും വലിയ ചർച്ചയായിരുന്നു.
പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്നും യാത്രയും പ്രസംഗവും ഒഴിവാക്കുമെന്നും ജീവൻ നിലനിർത്തുന്ന കവിതയുമായി ബന്ധപ്പെട്ട പരിപാടികളിൽമാത്രമേ പങ്കെടുക്കൂ എന്നും ഓർമയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുതുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.