സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹികസുരക്ഷാ പെൻഷൻ
കൈപ്പറ്റുന്നതായി കണ്ടെത്തൽ
തിരുവനന്തപുരം: അർഹതയില്ലാതെ സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റി സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാന്പത്തിക തട്ടിപ്പു നടത്തിയതായി കണ്ടെത്തി.
55 വകുപ്പുകളിലായി പാർട്ട് ടൈം സ്വീപ്പർമാർ മുതൽ ഹയർ സെക്കൻഡറി, കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും വരെയുള്ളവർ സാമൂഹികസുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ.
ധനവകുപ്പ് നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് സർക്കാർ ജീവനക്കാരുടെ വൻ സാന്പത്തിക തട്ടിപ്പു കണ്ടെത്തിയത്. കുറ്റക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ കർശന അച്ചടക്കനടപടി സ്വീകരിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. അനധികൃതമായി ഇതുവരെ കൈപ്പറ്റിയ പെൻഷൻ തുക പലിശയടക്കം തിരിച്ചുപിടിക്കാനും നിർദേശിച്ചു.
വികലാംഗ ക്ഷേമപെൻഷൻ, വിധവ പെൻഷൻ തുടങ്ങിയ ഇനങ്ങളിലാണ് പ്രധാനമായും സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി പെൻഷൻ വാങ്ങുന്നത്. ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു ക്ഷേമപെൻഷന് അപേക്ഷിക്കാൻ അർഹതയില്ല. ഈ മാനദണ്ഡം കാറ്റിൽ പറത്തിയാണ് സർക്കാർ ജീവനക്കാർ ശന്പള ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റുന്നതിനൊപ്പം ക്ഷേമ പെൻഷനും വാങ്ങുന്നത്.
കോളജ് അസിസ്റ്റന്റ് പ്രഫസർമാരായ രണ്ടു പേരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരാൾക്ക് തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജിലാണ് ജോലി. മറ്റൊരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളജിലാണ്. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നത്.
വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ് ധനവകുപ്പിന്റെ തീരുമാനം. അനർഹരെ കണ്ടെത്തി ഒഴിവാക്കി അർഹരായവർക്ക് കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുന്ന നടപടി തുടരുമെന്ന് ധനവകുപ്പ് അറിയിച്ചു.
അതേസമയം, ചില സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്ഷന് കൈപ്പറ്റിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പെന്ഷന് നല്കുമ്പോള് ചില പുഴുക്കുത്തുകള്‍ ഉണ്ടാകും. ഇവരെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഗോവിന്ദൻ തൊടു പുഴയിൽ പറഞ്ഞു.
ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമപെൻഷൻ വാങ്ങുന്നതെന്നാണു കണ്ടെത്തൽ- 373 പേർ. വിവിധ വകുപ്പുകളിൽ അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ എണ്ണം ചുവടെ:
പൊതു വിദ്യാഭ്യാസം -224
മെഡിക്കൽ എഡ്യുക്കേഷൻ-124
ആയുർവേദം-114
മൃഗസംരക്ഷണം-74
പൊതുമരാമത്ത്-47
സാങ്കേതിക വിദ്യാഭ്യാസം- 46
ഹോമിയോപ്പതി-41
കൃഷി-35
റവന്യു- 35
ജുഡീഷറി ആൻഡ്
സോഷ്യൽ ജസ്റ്റീസ്- 34
ഇൻഷ്വറൻസ് മെഡിക്കൽ
സർവീസ് -31
കൊളീജിയറ്റ്
എഡ്യുക്കേഷൻ-27
വിൽപ്പന നികുതി- 14
പട്ടികജാതി ക്ഷേമം- 13
ഗ്രാമവികസനം-10
പോലീസ്-10
പിഎസ്സി-10
ആയുർവേദ മെഡിക്കൽ
എഡ്യൂക്കേഷൻ- 10
വനം വന്യജീവി -09
സഹകരണം- 08
ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്-07
തൊഴിൽ പരിശീലനം-07
വൊക്കേഷണൽ
ഹയർ സെക്കൻഡറി-07
സോയിൽ സർവേ-06
ഫിഷറീസ്-06
തദ്ദേശം-04
ഗതാഗതം-04
വ്യവസായവും വാണിജ്യവും-04
ഫയർഫോഴ്സ്-04
ക്ഷീരവികസനം-04
പൊതുവിതരണം-04
അഡ്വക്കറ്റ് ജനറൽ ഓഫീസ്-04
സാമൂഹികക്ഷേമം-03
രജിസ്ട്രേഷൻ-03
മ്യുസിയം-03
പ്രിന്റിംഗ്-03
ഭക്ഷ്യസുരക്ഷ-03
എക്സൈസ്-03
ആർക്കിയോളജി-03
തൊഴിൽ-02
ലീഗൽ മെട്രോളജി-02
മെഡിക്കൽ എക്സാമിനേഷൻ ലബോട്ടറി-02
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ്-02
ലോ കോളജുകൾ-02
എൻസിസി-01
ലോട്ടറീസ്-01
ജയിൽ-01
തൊഴിൽ കോടതി-01
ഹാർബർ എൻജിനിയറിംഗ്-01
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്-01
ഡ്രഗ്സ് കണ്ട്രോൾ-01
പിന്നാക്കവിഭാഗ വികസനം-01
കയർ വികസനം-01
നവീന്‍ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാൻ കോടതി നിര്‍ദേശം
കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
കേസ് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് നവീനിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ നിര്‍ദേശം. അന്തിമ അന്വേഷണറിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.
അന്വേഷണം പൂര്‍ത്തിയാക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നും കുറ്റപത്രം നല്കിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നും സിംഗിള്‍ ബെഞ്ച് വാദത്തിനിടെ സൂചിപ്പിച്ചു.
ഇതൊരു ആത്മഹത്യക്കേസ് അല്ലേയെന്നായിരുന്നു ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചത്. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതു ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി.
അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചല്ലോയെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയസ്വാധീനം ഉള്ളതിനാല്‍ പോലീസില്‍നിന്നു നിഷ്പക്ഷമായ അന്വേഷണവും തുടര്‍നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു മറുപടി.
ലോക്കല്‍ പോലീസിലുള്ള പലരെയും ചേര്‍ത്താണ് പ്രത്യേക അന്വേഷണസംഘം രൂപീ
കരിച്ചിട്ടുള്ളത്. പ്രോട്ടോകോള്‍ പ്രകാരം പ്രതിയേക്കാള്‍ താഴെയുള്ള ഇന്‍സ്പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥന്.
പ്രതിയെ സംരക്ഷിക്കാനാണു സംഘം തെളിവുകളുണ്ടാക്കുന്നത്. സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തതു സ്വാധീനത്തിന്റെ ഭാഗമായാണെന്നും ഹർജിയിൽ ചൂണ്ടി ക്കാട്ടുന്നു. ഹർജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ട കോടതി ഹർജി ഡിസംബര്‍ ആറിന് പരിഗണിക്കാന്‍ മാറ്റി.
സിബിഐ കൂട്ടിലടച്ച തത്ത: എം.വി. ഗോവിന്ദന്
തൊടുപുഴ: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. അന്വേഷണത്തക്കുറിച്ച് സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. സിബിഐയാണ് എല്ലാറ്റിനും അവസാനമെന്ന് അംഗീകരിക്കാനാകില്ല.സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് സിപിഎമ്മിന്റെ അഭിപ്രായവും. നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും ഗോവിന്ദൻ തൊടുപുഴയിൽ പറഞ്ഞു.
ഡോ. സിസ തോമസും ഡോ. ശിവപ്രസാദും വിസിമാർ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയും കുസാറ്റ് ഷിപ്പ് ടെക്നോളജി വകുപ്പിലെ പ്രഫസർ ഡോ. കെ. ശിവപ്രസാദിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയും നൽകി ഗവർണർ ഉത്തരവിട്ടു.
സിസ തോമസിനെ സാങ്കേതിക സർവകലാശാല വിസി ആയി ഗവർണർ നിയമിച്ചതു ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ നൽകുന്ന പാനലിൽനിന്ന് താത്കാലിക വിസിയെ നിയമിക്കണമെന്ന് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ഉണ്ടായിരുന്നുവെങ്കിലും കണ്ണൂർ സർവകലാശാലാ വിസി ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ വിസിനിയമനത്തിൽ സർക്കാർ ഇടപെടാൻ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലർമാരെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്.
ഭരണപരിഷ്കാര കമ്മീഷൻ ശിപാർശ തള്ളി ; പെൻഷൻ പ്രായം ഉയർത്തില്ല
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തണമെന്ന ഭരണപരിഷ്കാര കമ്മീഷൻ ശിപാർശ അംഗീകരിക്കേണ്ടതില്ലെന്നു മന്ത്രിസഭാ യോഗ തീരുമാനം.
പെൻഷൻ പ്രായം ഉയർത്തണമെന്ന നാലാം ഭരണപരിഷ്കാര കമ്മീഷന്റെ ശിപാർശകൾ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശിപാർശകളാണു ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
കേരള സർവീസ് റൂൾസ്, കെഎസ് ആൻഡ് എഎസ്എസ്ആർ, കോണ്ടാക്ട് റൂൾസ് എന്നിവ സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപവത്കരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തി.
സബോർഡിനേറ്റ് സർവീസിലും സ്റ്റേറ്റ് സർവീസിലും പ്രൊബേഷൻ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ടു വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപവത്കരിക്കുന്നതിനു നിർദേശം നൽകും.
പ്രത്യേക ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കും. ഈ വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റു വകുപ്പുകളിലേക്കു പുനർവിന്യസിക്കും. സ്ഥലമാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കാൻ സർവീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപവത്കരിക്കും.
ഏതെങ്കിലും തസ്തികയിലേക്കു സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കിൽ അത് ആർജിക്കാൻ അർഹതാപരീക്ഷ നടത്താനുള്ള ശിപാർശ അംഗീകരിച്ചു. നിയമനാധികാരി എല്ലാ വർഷവും ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദ് ചെയ്യരുത്. തസ്തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം.
റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്മെന്റ് നിയമനം പാടില്ല. ഓരോ തസ്തികയിലെയും ഒഴിവ് സ്പാർക്ക് മുഖേന ലഭ്യമാക്കണം. പെൻഷനാകുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കും.
സെക്രട്ടേറിയറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏർപ്പെടുത്തും. ബൈ ട്രാൻസ്ഫർ മുഖേനയുള്ള എല്ലാ നിയമനങ്ങളും പിഎസ്സി നടത്തുന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമാക്കണം. റാങ്ക് ലിസ്റ്റിന്റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യലിസ്റ്റിന്റെ കാലാവധി കഴിയുന്പോൾ അവസാനിക്കണം.
ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിൽ നിയമനം വേഗത്തിലാക്കാൻ അംഗപരിമിതർക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണം.
എല്ലാ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുന്‍പ് ജീവനക്കാരന്റെ പേരിലുള്ള അച്ചടക്കനടപടി പൂർത്തീകരിക്കണമെന്നും ശിപാർശയിലുണ്ട്.
"മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യും' ; ഭീഷണിയുമായി കെ. സുരേന്ദ്രൻ
പത്തനംതിട്ട: ബിജെപിക്കെതിരേ വാർത്ത നൽകിയ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഭീഷണി.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം തിരികെ മടങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകർക്കു നേരേ സുരേന്ദ്രന്റെ ഭീഷണി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിനു ശേഷം ചില മാധ്യമപ്രവർത്തകർ ബിജെപിയെ അവഹേളിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകുകയാണെന്നു പറഞ്ഞ സുരേന്ദ്രൻ അത്തരക്കാരെ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
“നൂറുക്കണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേയ്ക്കാൻ കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം നെറികേടുകൾ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല”-സുരേന്ദ്രൻ പറഞ്ഞു.
കള്ളവാർത്തകൾ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളവർ, ഏത് കൊമ്പത്തിരിക്കുന്നവരാണെങ്കിലും അവരെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ പരസ്യ പ്രസ്താവനയെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് സുരേന്ദ്രൻ ഒഴിഞ്ഞുമാറി.
അപക്വമായ പ്രതികരണം: കെയുഡബ്ല്യുജെ
മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഭീഷണിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.
രാജ്യത്തെ ഏതു രാഷ്ട്രീയപാർട്ടിയിൽ പ്രശ്നങ്ങളുണ്ടായാലും മാധ്യമങ്ങൾ വാർത്തയാക്കാറുണ്ട്. രാജ്യം ഭരിക്കുന്ന പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സ്വാഭാവികമായി അതു കൂടുതൽ ചർച്ച ചെയ്യപ്പെടും.
സ്വന്തം നില മറന്നുകൊണ്ടുള്ള അപക്വമായ പ്രതികരണമാണ് സുരേന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത്തരം ഫാസിസ്റ്റ് സമീപനം കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയിൽ പറഞ്ഞു.
മുനന്പം: കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ തയാറാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമി സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി സർക്കാർ രൂപവത്കരിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്) തയാറാക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
മുനന്പം തർക്കവിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യാൻ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം നിയോഗിച്ച ജുഡീഷൽ കമ്മീഷൻ മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചു.
ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആയി വിരമിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായരെയാണ് ജുഡീഷൽ കമ്മീഷനായി നിയോഗിച്ചത്. കമ്മീഷന് ആവശ്യമായ ഓഫീസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏർപ്പെടുത്താൻ എറണാകുളം ജില്ലാ കളക്ടറെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്; പടിക്കൽ കലമുടച്ച് കേരള പോലീസ്
ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പതിനെട്ടാംപടിയില്‍ ശ്രീകോവിലിനു പുറം തിരിഞ്ഞുനിന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എപിയിലെ 23 പോലീസുകാര്‍ക്ക് നല്ലനടപ്പുശിക്ഷ.
ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത ഇവരെ കണ്ണൂര്‍ കെഎപി ക്യാമ്പിലേക്ക് മാറ്റാനും തീവ്രപരിശീലനം നല്‍കാനും എഡിജിപി എസ്. ശ്രീജിത്ത് നിര്‍ദേശിച്ചു. തിരികെ എത്തുന്പോൾ ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും നിർദേശമുണ്ട്.
ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിച്ചശേഷമുള്ള ആദ്യബാച്ച് പോലീസുകാരിലെ 23 പേരാണ് ഡ്യൂട്ടി അവസാനിക്കുന്നതിനു മുമ്പായി കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പതിനെട്ടാംപടിയില്‍ നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തത്. ഇത് സമൂഹമാധ്യമങ്ങളില്‍ അവര്‍തന്നെ പ്രചരിപ്പിച്ചതോടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
തിങ്കളാഴ്ച രാവിലെ ഇവര്‍ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുകയും ചെയ്തിരുന്നു. പിന്നാലെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ശബരിമലയില്‍ പോലീസ് കോ-ഓര്‍ഡിനേറ്ററായ എഡിജിപി എസ്. ശ്രീജിത്തിനോടു വിശദീകരണം തേടുകയും ചെയ്തു.
എഡിജിപി സന്നിധാനം സ്പെഷല്‍ ഓഫീസറോട് റിപ്പോർട്ട് വാങ്ങി. പോലീസുകാരുടെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടെന്നും സേനയ്ക്ക് മാനക്കേടുണ്ടാക്കിയതായും സ്പെഷൽ ഓഫീസർ റിപ്പോർട്ട് നൽകിയതിനെത്തുടര്‍ന്ന് ആരോപണവിധേയരായ പോലീസുകാരിൽനിന്നു വിശദീകരണം തേടി. ആചാരലംഘനമാണെന്ന് അറിയില്ലെന്നാണ് ഭൂരിഭാഗം പേരും മേലുദ്യോഗസ്ഥരെ അറിയിച്ചത്.
എന്നാല്‍ ഇതംഗീകരിക്കാന്‍ ഉന്നത പോലീസ് ദ്യോഗസ്ഥര്‍ തയാറായില്ല. തീവ്രപരിശീലന കാലയളവില്‍ പോലീസുകാര്‍ക്ക് അവധിയടക്കം നിഷേധിക്കപ്പെടാം.
ഭക്തര്‍ പരിപാവനമായി കരുതുന്ന പതിനെട്ടാം പടിയില്‍ ഭഗവാന് പുറംതിരിഞ്ഞുനിന്ന് പോലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയത് ആചാരലംഘനമെന്ന് ഭക്തസംഘടനകള്‍ ആരോപിച്ചിരുന്നു. സേവനം പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന മേല്‍ശാന്തിമാര്‍ പോലും ഭഗവാന് അഭിമുഖമായി പുറകോട്ടാണ് പതിനെട്ടാംപടിയിറങ്ങുന്നത്.
പടിയില്‍ ഡ്യൂട്ടിയുള്ള പോലീസുകാരും പിന്തിരിഞ്ഞ് നില്‍ക്കാറില്ല. പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയില്‍ താഴെ മുതല്‍ മുകളില്‍ വരെ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ചിലര്‍ വശങ്ങളില് ഇരിക്കുന്നുമുണ്ട്.
പോലീസിന്റെ ആദ്യബാച്ചില്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ നല്ലനിലയിലാണ് പ്രവര്‍ത്തിച്ചതെന്ന പ്രശംസ നിലനില്‍ക്കുമ്പോഴാണ് ഇതേ സംഘത്തിൽ പെട്ടവർ ഫോട്ടോഷൂട്ട് വിവാദത്തില്‍ പെട്ടത്.
തിരക്ക് നിയന്ത്രണത്തിനും കൂടുതല്‍ പേരെ പതിനെട്ടാംപടി കയറ്റുന്നതിലും ആദ്യബാച്ചിന്റെ പ്രവര്‍ത്തനം പൊതുവേ പ്രശംസിക്കപ്പെട്ടിരുന്നു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ; ആദ്യ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്
പുനഃപരിശോധിക്കണമെന്ന് യുവതിയുടെ അച്ഛൻ
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ആദ്യകേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എറണാകുളം പറവൂര്‍ സ്വദേശിനിയായ യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു.
“ആദ്യത്തെ കേസിനു പിന്നാലെ ഒത്തുതീര്‍പ്പിനു വന്ന് മോഹനവാഗ്ദാനങ്ങള്‍ നല്കി എന്റെ മകളെ മയക്കി ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചത്. പിന്നീട് അവളെ അവര്‍ക്കു കിട്ടിയശേഷം തനിസ്വഭാവം കാണിച്ചു.
മകള്‍ യുട്യൂബില്‍ ഇട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. ഇനിയും ഇതു തുടരാനാകില്ല. കൊലപാതകശ്രമമാണു രാഹുല്‍ നടത്തിയത്. ഇനി കേസുമായി മുന്നോട്ടുപോകും.
അന്ന് ഗത്യന്തരമില്ലാതെയാണു കേസ് പിന്‍വലിക്കേണ്ടിവന്നത്. മകളും ഇപ്പോള്‍ നല്കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. അന്ന് പോലീസ് റിപ്പോര്‍ട്ടും ഡോക്ടറുടെ റിപ്പോര്‍ട്ടുമൊക്കെ ശക്തമായിരുന്നു. കോടതിക്കും ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. കൊലപാതകശ്രമമാണു നടന്നത്.
മറ്റൊരു വിവാഹം കഴിച്ച രാഹുല്‍ അതു നിയമപരമായി വേർപെടുത്തിയിട്ടില്ല. ഇതിനുപുറമേ എന്റെ മകളെ അവന് ക്രൂരമായി മര്‍ദിച്ചു. ഇനിയൊരിക്കലും അവനോടൊപ്പം ജീവിക്കാന്‍ അവള് തയാറല്ല’’ - യുവതിയുടെ അച്ഛൻ പറഞ്ഞു.
രോഗിയാണെന്ന പരിഗണന പോലും നല്‍കിയില്ല
രാഹുലിന്റെ പെരുമാറ്റം ശവത്തില്‍ കുത്തുംപോലെയായിരുന്നു. ആംബുലന്‍സില്‍ സ്ട്രെച്ചറില്‍ കിടക്കുമ്പോള്‍ രോഗിയാണെന്ന പരിഗണന പോലും നല്‍കാതെയാണു മകളെ ക്രൂരമായി മര്‍ദിച്ചത്. ആദ്യം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയാറായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു.
“കഴിഞ്ഞ മാസം കോടതി ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിച്ചു. കോടതിയുടെ അനുമതിയായതിനാല്‍ ഞാന്‍ വേറൊന്നിനും പോയില്ല. കോഴിക്കോട് അവര്‍ ഒരുമിച്ചു ജീവിക്കുന്നുവെന്നാണ് ധരിച്ചിരുന്നത്. മകള്‍ ഇവിടെനിന്നു പോയതിനുശേഷം അവളെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കാരണം അവളുടെ ഫോണ്‍ അവന്റെ കൈയിലായിരുന്നു.
മോള്‍ക്ക് വീട്ടിലേക്ക് ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല, തിരിച്ച് ഞങ്ങള്‍ക്കും. തിങ്കളാഴ്ച രാത്രി കോഴിക്കോട് പോലീസ് സ്റ്റേഷനില്‍നിന്ന് എന്നെ വിളിച്ചു. മര്‍ദനമേറ്റ് മകള്‍ മെഡിക്കല്‍ കോളജിലുണ്ട്. എത്രയും വേഗം വരണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടെനിന്ന് വണ്ടിയെടുത്ത് ഞാനും ഭാര്യയും കൂടി ഒമ്പതരയോടെ കോഴിക്കോടേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ ഒന്നരയോടെ അവിടെയെത്തി. മകളുടെ കണ്ണിലും ചുണ്ടിലും മുറിവു കണ്ടു. തലയ്ക്കും ഇടിച്ചെന്ന് പറഞ്ഞു.
ആ സമയം രാഹുല്‍ അവിടെ ഉണ്ടായിരുന്നില്ല. ഡോക്ടര്‍ സ്കാന്‍ ചെയ്യാനും മറ്റും എഴുതിക്കൊടുത്തിരുന്നു. ഇതൊന്നും രാഹുലിന്റെ അമ്മ ചെയ്തിരുന്നില്ല. ഇതൊക്കെ ചെയ്യേണ്ടതാണ്, ഒന്നും ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
മകള്‍ ആകെ അവശയായാണ് ആശുപത്രിയിൽ കിടന്നത്. ആ കാഴ്ച എനിക്കും ഭാര്യയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പോലീസ് സംരക്ഷണയില്‍ മകളുടെ സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും രാഹുലിന്റെ വീട്ടില്‍ പോയി എടുത്ത് മകളെയും കൂട്ടി തിരികെ പറവൂരിലേക്ക് പോന്നു.’’ യുവതിയുടെ അച്ഛൻ പറഞ്ഞു.
വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് അഭിഭാഷകന്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ രാഹുലിന്റെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് അഡ്വ. ഷമീം പക്സാന്. വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ നിയമപ്രശ്നങ്ങള്‍ ഇല്ലെങ്കിലും തന്റെ ധാര്‍മികത അനുവദിക്കുന്നില്ലെന്ന് അഭിഭാഷകന് പറഞ്ഞു.
പന്തീരാങ്കാവ് പീഡനക്കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു ഷമീം പക്സാന്. വക്കാലത്ത് ഏറ്റെടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
വക്കാലത്ത് ഏറ്റെടുക്കണം എന്ന ആവശ്യവുമായി രാഹുലിന്റെ കുടുംബം വീണ്ടും സമീപിച്ചിരുന്നു. തെറ്റ് തിരുത്തി ജീവിക്കാനുള്ള അവസരം ഹൈക്കോടതി നല്‍കിയെങ്കിലും രാഹുല്‍ നഷ്ടപ്പെടുത്തിയെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ആദ്യ പീഡനക്കേസ് പുനഃപരിശോധിക്കുന്നതിന് നിയമോപദേശം തേടാന്‍ പോലീസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്. കഴിഞ്ഞ തവണ പോലീസിനെ വെട്ടിച്ച് ജര്‍മനിയിലേക്കു കടക്കുകയും അവിടെവച്ച് ഭാര്യയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ചരടുവലിക്കുകയും ചെയ്ത രാഹുലിനെ ഇത്തവണ പിഴവുകള്‍ വരുത്താതെ അകത്താക്കാന്‍ കഴിഞ്ഞത് പോലീസിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
ഇതോടൊപ്പം രാഹുലിനെതിരേയുണ്ടായിരുന്നു ആദ്യ പീഡനക്കേസ് പുനഃപരിശോധിക്കാന്‍ നിയമോപദേശം തേടാനുള്ള നീക്കത്തിലാണ് പോലീസ്. ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നു പരാതിക്കാരിയുടെ പിതാവും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി ആംബുലന്‍സില്‍വച്ചും യുവതിയെ മര്‍ദിച്ചുവെന്ന ഡിവൈഎഫ്ഐ നേതാവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും.
ഡിവൈഎഫ്ഐയുടെ ആംബുലന്‍സിലായിരുന്നു യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ഇത് കേസില്‍ നിര്‍ണായകമാണ്.
രാഹുലിന്റെ വീട്ടിൽനിന്നു തിങ്കളാഴ്ച രാത്രിയാണ് യുവതിയെ ആംബുലൻസിൽ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതി ഇല്ലെന്ന നിലപാടിലായിരുന്നു യുവതി.
രാഹുലിനെതിരേ പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിന്റ വീട്ടില്‍നിന്നും തന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നുമായിരുന്നു യുവതി ആദ്യം പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ പറവൂരിൽനിന്നു മാതാപിതാക്കൾ എത്തിയശേഷം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പെൺകുട്ടി പരാതി നൽകാൻ തയാറായി. ഇതേത്തുടർന്നാണു രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തത്.
നിലവില്‍ യുവതി മൊഴിയില്‍ ഉറച്ചുനില്ക്കുമെന്നു മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
നാട്ടിക അപകടം: ഡ്രൈവറും ക്ലീനറും റിമാൻഡിൽ
തൃശൂർ: മദ്യലഹരിയിൽ ലോറി ഓടിച്ച് നാട്ടികയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വാഹനമോടിച്ച ക്ലീനറെയും ഡ്രൈവറെയും കോടതി റിമാൻഡു്ചെയ്തു.
അപകടസമയത്തു വണ്ടിയോടിച്ചിരുന്ന ക്ലീനർ കണ്ണൂർ ആലക്കോട് ഏഴിയാക്കുന്നേൽ അലക്സ് (38), ഡ്രൈവർ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ ചാമക്കാലയിൽ ജോസ് (ബെന്നി - 54) എന്നിവരെയാണ് റിമാൻഡു ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ടു ദിവസത്തിനകം അപേക്ഷ നൽകുമെന്നു പോലീസ് അറിയിച്ചു.
മദ്യലഹരിയിൽ വരുത്തിയ ദുരന്തം എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. മനഃപൂർവമായ നരഹത്യക്കാണു പോലീസ് കേസെടുത്തിട്ടുള്ളത്. അപകടത്തെത്തുടർന്ന് ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കിയിരുന്നു.
തങ്ങൾ മദ്യലഹരിയിലായിരുന്നുവെന്നു പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മദ്യലഹരിയിൽ ഇരുപതു സെക്കൻഡ് കണ്ണടഞ്ഞുപോയെന്നാണു വാഹനമോടിച്ചിരുന്ന ക്ലീനർ അലക്സിന്റെ മൊഴി. അലക്സിനു ഡ്രൈവിംഗ് ലൈസൻസുമുണ്ടായിരുന്നില്ല.
വാഹനം എന്തിലോ തട്ടിയെന്നു തോന്നിയപ്പോൾ വെട്ടിച്ചെന്നും അപ്പോഴാണ് നിലവിളി കേട്ടതെന്നും തുടർന്നു രക്ഷപ്പെടാൻ നോക്കിയെന്നുമാണ് ക്ലീനറുടെ മൊഴി. മാഹിയിൽനിന്നു മദ്യം വാങ്ങി യാത്രയ്ക്കിടെ മദ്യപിച്ചുകൊണ്ടിരുന്നു. പൊന്നാനിയെത്തിയപ്പോൾ ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. തുടർന്നാണ് താൻ വാഹനമോടിക്കാൻ തുടങ്ങിയതെന്നും ക്ലീനർ പോലീസിനു മൊഴിനൽകിയിട്ടുണ്ട്.
രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു
അഞ്ചു പേരുടെ മരണത്തിനിടയാക്കിയ നാട്ടിക ലോറി അപകടത്തിൽ പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.
ചിത്ര, ജാൻസി എന്നിവരാണ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്നത്. ഇവർക്കു ചിലപ്പോൾ ഒരു ശസ്ത്രക്രിയകൂടി വേണ്ടിവരുമെന്നു ഡോക്ടർമാർ സൂചന നൽകിയിട്ടുണ്ട്.
പരിക്കേറ്റ് ചികിത്സയിലുള്ള മറ്റുള്ളവർ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തൃശൂർ: നാട്ടികയിൽ തടിലോറി പാഞ്ഞുകയറി കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ജില്ലാ പോലീസ് മേധാവി (റൂറൽ) സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയാണ് നിർദേശം നൽകിയത്.
പൂരം ഒരാനപ്പുറത്ത് നടത്തേണ്ടിവരും: തിരുവമ്പാടി ദേവസ്വം
തൃശൂർ: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്നു തിരുവമ്പാടി ദേവസ്വം. ഒരാനപ്പുറത്തു ശീവേലിപോലെ നടത്തേണ്ടിവരും.
പുതിയ നിയന്ത്രണങ്ങൾ തടസങ്ങൾ സൃഷ്ടിക്കും. പൂരത്തിന്റെ ഭംഗിയും പ്രൗഢിയും ഇല്ലാതാകും. സർക്കാർ ഇടപെടൽ ഉണ്ടാകണം. തമിഴ്നാട്ടിലെ എല്ലാവരും ഒരുമിച്ചുനിന്ന് ജെല്ലിക്കെട്ടിന് അനുകൂല ഉത്തരവ് നേടിയെടുത്തു. കോടതിയെ എതിർക്കാനില്ല.
ആചാരത്തെ അതിന്റേതായ രീതിയിൽ കണ്ട് ഇളവുകൾ വേണമെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലേതു രാഷ്ട്രീയ വിജയം തന്നെയെന്നു രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതു രാഷ്ട്രീയവിജയമാണെന്നും വികസനകാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനത്തിനാണു മുന്‍തൂക്കം നല്‍കുക.
2040ലെ ലോകഭൂപടത്തില്‍ പാലക്കാടിന്റെ സ്ഥാനം എങ്ങനെയാവണമെന്ന ലക്ഷ്യമാണു തന്റെ മുന്നിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയകേരളം എങ്ങനെ മാറണമെന്നതിനെക്കുറിച്ചുള്ള ജനാഭിലാഷംകൂടിയായിരുന്നു തെരഞ്ഞെടുപ്പിലുണ്ടായ വിജയം. ഓരോ കേന്ദ്രത്തിലുമുണ്ടായ വോട്ടുവര്‍ധന ഇതാണ് സൂചിപ്പിക്കുന്നത്.
മതേതരമായി ചിന്തിക്കുന്നവരുടെ വിജയംകൂടിയാണ് ഈ നേട്ടം. വര്‍ഗീയതയ്ക്കു ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വ്യത്യാസമില്ല. മതേതരചിന്താഗതിക്കാരാണു ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍. ഇവര്‍ നേടിത്തന്ന വോട്ടാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിലെത്തിച്ചത്.
ഒന്നരവര്‍ഷംകൊണ്ട് ചെയ്യാനുള്ള പ്രവൃത്തികളെല്ലാം ചെയ്തുതീര്‍ക്കും. പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, മോയന്‍സ് എച്ച്എസ്എസ്, പാലക്കാട് മെഡിക്കല്‍ കോളജ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ബന്ധപ്പെട്ടുപ്രവര്ത്തിക്കും.
വര്‍ഗീയശക്തികളുടെ വോട്ടുകൊണ്ടല്ല തെരഞ്ഞെടുപ്പിലുണ്ടായ വിജയം. യുഡിഎഫിന് അനുകൂലമായി എല്ലാ വിഭാഗം ജനങ്ങളും വോട്ടുചെയ്തിട്ടുണ്ട്. ആരുടെയും വോട്ട് വേണ്ടെന്നു പറഞ്ഞിട്ടുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
മുനന്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് സർക്കാർ സ്വീകരിക്കണം: കെഎൽസിഎ
കൊച്ചി: മുനമ്പത്ത് തർക്കത്തിന് ആധാരമായ ഭൂമി വഖഫ് ഭൂമിയല്ല എന്ന നിയമപരമായ പൊതുനിലപാട് കോടതിയിൽ നിലവിലുള്ള കേസിൽ രേഖാമൂലം സമർപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു.
നിലവിൽ രൂപീകരിച്ചിട്ടുള്ള കമ്മീഷന് ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച റവന്യു രേഖകളും രജിസ്റ്റർ ഓഫീസിൽനിന്നുള്ള ആധാരം സംബന്ധിച്ച രേഖകളും രണ്ടുദിവസംകൊണ്ട് ഉദ്യോഗസ്ഥർ മുഖേന സംഘടിപ്പിക്കാവുന്നതേയുള്ളൂ.
മുനമ്പത്തുള്ളത് വഖഫ് ഭൂമിയല്ലെന്ന നിയമപരമായ വസ്തുതയ്ക്ക് പിന്തുണ കൊടുക്കുന്ന തരത്തിലുള്ള നടപടികൾ കോടതിയിലെ കേസുകളിൽ ഹാജരാക്കി വിഷയം എത്രയും വേഗം അവസാനിപ്പിക്കാനും ഉടമകളുടെ റവന്യു അവകാശം പുനഃസ്ഥാപിക്കാനും സർക്കാർ തയാറാകണം. മുനന്പം വിഷയം സന്പൂർണ സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും കെഎൽസിഎ ഭാരവാഹികൾ പറഞ്ഞു.
അജപാലന കേന്ദ്രം ഇടവകയുടെ ആത്മീയവളര്‍ച്ചയുടെയും പുരോഗതിയുടെയും കേന്ദ്രം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കടുത്തുരുത്തി: ഇടവകയുടെ ആത്മീയവളര്‍ച്ചയുടെയും പുരോഗതിയുടെയും കേന്ദ്രങ്ങളാണ് അജപാലന കേന്ദ്രങ്ങളെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയുടെ പുതിയ ഇടവക അജപാലന കേന്ദ്രത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. പേരുപോലെ തന്നെ പ്രാധാന്യമുള്ളവയാണ് അജപാലന കേന്ദ്രങ്ങളെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
വെഞ്ചരിപ്പിനുശേഷം അജപാലന കേന്ദ്രത്തിനു മുന്നില്‍ ബിഷപ് ദീപം തെളിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഇടവക വികാരി റവ.ഡോ. സൈറസ് വേലംപറമ്പില്‍, ഫൊറോനാ വികാരിമാരായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍, മാന്‍വെട്ടം പള്ളി സഹവികാരി ഫാ. ജോസഫ് ചൂരക്കല്‍, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണി തോട്ടുങ്കല്‍, കോമളവല്ലി രവീന്ദ്രന്, ജനപ്രതിനിധികളായ സുനു ജോര്‍ജ്, ബിജു കൊണ്ടുകാലാ, കണ്‍സ്ട്രക്ഷന്‍ ആൻഡ് ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ കുര്യന് ജോസഫ് മുതുകാട്ടുപറമ്പില്‍, സെക്രട്ടറി ജോര്‍ജ് പുത്തൂപ്പള്ളി, ട്രഷറര്‍ സെബാസ്റ്റ്യന്‍ വിരുത്തിയില്‍, കൈക്കാരന്മാരായ മാത്യൂസ് കെ. മാത്യു പുല്ലാപ്പള്ളി, ജോസ് കെ.എം. കലയന്താനം, ജോസ് ടി. ജയിംസ് തടിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം; രാജിസൂചന നൽകി കെ. സച്ചിദാനന്ദൻ, വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു
തൃശൂർ: സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിസൂചന നൽകി കെ. സച്ചിദാനന്ദൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു.
“എനിക്കു ഭൂമിയിൽ കുറച്ചു സമയമാണുള്ളത്. ലാപ്ടോപ്പിനു മുന്പിൽ കൂടുതൽ സമയം ചെലവഴിക്കണം. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി, ഇംഗ്ലീഷ്-മലയാളം പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ എഡിറ്റിംഗ് ജോലികളിൽനിന്നു പിൻമാറുന്നു” എന്നായിരുന്നു പോസ്റ്റ്. ഇതു മാധ്യമങ്ങളിൽ വാർത്തയായതോടെ പിൻവലിച്ചു.
ഇതിനുമുന്‍പ് എഴുതിയ കുറിപ്പിലും ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽനിന്നു വിട്ടുനിൽക്കുകയാണെന്നു വ്യക്തമാക്കിയിരുന്നു. ഏഴു വർഷത്തിനിടെ പലവട്ടം സന്നിബാധയുണ്ടായി. ഇതിൽ രണ്ടെണ്ണം കഴിഞ്ഞ മൂന്നു മാസത്തിനിടെയാണ്. കൂടുതൽ എഴുതണം.
നാടകത്തിന്റെ പണിപ്പുരയിലാണ്. മറ്റൊന്നു മനസിലുണ്ട്. ചില ലേഖനങ്ങളും കവിതകളും എഴുതണം. മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമാണ് അക്ഷരങ്ങളെന്നും അദ്ദേഹം പറയുന്നു.
അനാരോഗ്യത്തെത്തുടർന്ന് പൊതുപരിപാടികളിൽനിന്നു മാറിനിൽക്കുകയാണ് സച്ചിദാനന്ദൻ.മറവിരോഗമുണ്ടെന്നും ഒക്ടോബറിൽ നിരവധി പരിപാടികളിൽ പങ്കെടുത്തതിനാൽ മാനസികസമ്മർദമുണ്ടെന്നും വ്യക്തമാക്കുന്ന പോസ്റ്റും വലിയ ചർച്ചയായിരുന്നു.
പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്നും യാത്രയും പ്രസംഗവും ഒഴിവാക്കുമെന്നും ജീവൻ നിലനിർത്തുന്ന കവിതയുമായി ബന്ധപ്പെട്ട പരിപാടികളിൽമാത്രമേ പങ്കെടുക്കൂ എന്നും ഓർമയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുതുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ റെയില്‍വെ പദ്ധതികൾ തടസപ്പെടുന്നു: മുഖ്യമന്ത്രിക്ക് കത്തെഴുതി കേന്ദ്ര റെയില്‍വെ മന്ത്രി
കൊല്ലം: പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സഹകരിച്ച് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.
ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം നിരവധി റെയിൽ അടിസ്ഥാന പദ്ധതികളുടെ പുരോഗതിയെ കാര്യമായി തടസപ്പെടുത്തുന്നുവെന്നു കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിൽ മൂന്നു പാത ഇരട്ടിപ്പിക്കലും ഒരു പുതിയ റെയിൽ ലൈൻ പദ്ധതിയും നടക്കുന്നുണ്ട്. തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ, എറണാകുളം- കുമ്പളം ലൈൻ ഇരട്ടിപ്പിക്കൽ, കുമ്പളം- തുറവൂർ പാത ഇരട്ടിപ്പിക്കൽ, അങ്കമാലി- ശബരിമല പുതിയ റെയിൽ ലൈൻ എന്നിവയാണ് പ്രസ്തുത പദ്ധതികൾ.
റെയില്‍വെ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും സംസ്ഥാനത്തെ സാമൂഹിക-സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതികൾ നിർണായകമാണ്.
12,350 കോടി രൂപയുടെ റെയില്‍വെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കൊപ്പം, 2024-25 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് എക്കാലത്തെയും ഉയർന്ന ബജറ്റ് വിഹിതമായ 3,011 കോടി രൂപ ലഭിച്ചുവെന്നും കേന്ദ്രമന്ത്രി കത്തിൽ വ്യക്തമാക്കി.
470 ഹെക്ടർ ഏറ്റെടുത്തതിന് 2,100 കോടി രൂപ സംസ്ഥാനത്തിന് നൽകിയെങ്കിലും 64 ഹെക്ടർ മാത്രമാണ് കേരളം കൈമാറിയതെന്നും കത്തിൽ പറയുന്നു.
കൊല്ലം- എറണാകുളം മെമു മേയ് 30 വരെ ദീർഘിപ്പിച്ചു
കൊല്ലം: വേണാട് എക്സ്പ്രസിലെ തിരക്ക് ഒഴിവാക്കാൻ കൊല്ലം-എറണാകുളം-കൊല്ലം റൂട്ടിൽ റെയിൽവേ താത്കാലികമായി അനുവദിച്ച മെമു സർവീസുകളുടെ കാലാവധി 2025 മേയ് 30 വരെ ദീർഘിപ്പിച്ചു. ഈ മാസം 29 വരെയാണ് നേരത്തേ സർവീസ് പ്രഖ്യാപിച്ചിരുന്നത്.
പുതിയ അറിയിപ്പ് അനുസരിച്ച് ഇരു ദിശകളിലുമുള്ള മെമു ട്രെയിനുകൾ ഡിസംബർ രണ്ടു മുതൽ 2025 മേയ് 30 വരെ ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. ആഴ്ചയിൽ അഞ്ച് ദിവസം.
കേരള കോണ്‍ഗ്രസ്-എം നാളെ റബര്‍ ബോര്‍ഡ് മാര്‍ച്ച് നടത്തും
കോട്ടയം: റബര്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്ന റബര്‍ ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് നാളെ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
കളക്ടറേറ്റിനു മുന്നിനിന്നു രാവിലെ 10.30നു മാര്‍ച്ച് ആരംഭിക്കും. തുടർന്ന് റബര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. മാര്‍ച്ച് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
റബര്‍ വ്യാപാരികള്‍ ഒത്തുകളിച്ച് റബര്‍ വിലയിടിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുക, എല്ലാത്തരം റബറിന്റെയും ഇറക്കുമതി ചുങ്കം ഉയര്‍ത്തുക, റബറിന്റെ താങ്ങു വില 250 രൂപയാക്കുക, ഇതിനു കേന്ദ്രസര്‍ക്കാര്‍ സഹായധനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉയര്‍ത്തും. റബര്‍ തൈകള്‍ ഉള്‍പ്പെടെ റബര്‍ ഉത്പന്നങ്ങളും കൈയിലേന്തിയായിരിക്കും മാര്‍ച്ച്.
ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷതവഹിക്കും. വൈസ് ചെയര്മാന്മാരായ എന്‍. ജയരാജ് എംഎല്‍എ, തോമസ് ചാഴികാടന്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പ്രമോദ് നാരായണന് എംഎല്‍എ, ജോസ് ടോം, സണ്ണി തെക്കേടം, ജോര്‍ജുകുട്ടി അഗസ്തി, സഖറിയാസ് കുതിരവേലി, ബേബി ഉഴുത്തുവാല്‍, വിജി എം. തോമസ്, കെ.ജെ. ഫിലിപ്പ്, ജോസഫ് ചാമക്കാല, ഔസേപ്പച്ചന് വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സ്റ്റീഫന്‍ ജോര്‍ജ്, പ്രഫ. ലോപ്പസ് മാത്യു, വിജി എം. തോമസ്, ജോസഫ് ചാമക്കാല എന്നിവര്‍ പങ്കെടുത്തു.
ഷാജി എന്‍. കരുണിന് ശ്രീലങ്കന്‍ സിനിമയുടെ ആദരം
തിരുവനന്തപുരം: പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് ചെയര്‍മാനുമായ ഷാജി എന്‍. കരുണിനു ശ്രീലങ്കന്‍ സിനിമയുടെ ആദരം.
ശ്രീലങ്കയില്‍ നടന്ന പത്താമത് ഇന്റര്‍നാഷണല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചത്. ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി ചെയര്പേഴ്സന് കൂടിയായിരുന്നു ഷാജി എന്‍. കരുണ്‍.
ശ്രീലങ്കയിലെ നാഷണല്‍ യൂത്ത് സര്‍വീസസ് കൗണ്‍സിലാണ് പുരസ്കാരം സമ്മാനിച്ചത്.
കെഎൽസിഎ സമ്പൂർണസമ്മേളനം: പതാക പ്രയാണം ഉദ്ഘാടനം നാളെ
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സമ്പൂർണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിന്റെ ഉദ്ഘാടനം നാളെ ഗോവ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഫിലിപ്നേരി നിർവഹിക്കും.
ഗോവ ബോം ജീസസ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങും. സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും പങ്കെടുക്കും.
30ന് കണ്ണൂരിൽ എത്തുന്ന പതാകപ്രയാണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല നിർവഹിക്കും. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പതാക ഏറ്റുവാങ്ങും.
കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി അനുഗ്രഹ പ്രഭാഷണം നടത്തും. പ്രയാണം സമ്പൂർണ സംസ്ഥാന സമ്മേളനം നടക്കുന്ന ഡിസംബർ 15ന് തിരുവനന്തപുരത്ത് എത്തും.
ബിഎസ്സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് നാളെ
തിരുവനന്തപുരം: 2024-25 അധ്യയനവർഷത്തെ ബിഎസ്സി നഴ്സിംഗ് കോഴ്സിന് സർക്കാർ / സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് നാളെ എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 നകം നേരിട്ടു ഹാജരായി രജിസ്റ്റർ ചെയ്യണം.
മുൻ അലോട്ട്മെന്റുകളിലൂടെ കോളജുകളിൽ പ്രവേശനം ലഭിച്ചവർ ഈ സ്പോട്ട് അലോട്ട്മെന്റിനുവേണ്ടിയുള്ള നിരാക്ഷേപപത്രം (എൻഒസി) ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ അലോട്ട്മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും.
യുഎസ്ടി പ്രഫഷനലുകള്‍ക്കു വിജയം
തിരുവനന്തപുരം: അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സായ കൊക്കോണ്‍ 2024 നോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാപ്ച്ചര്‍ ദ ഫ്ളാഗ് മത്സരത്തില്‍ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി യുടെ കേരള കേന്ദ്രങ്ങളില്‍നിന്നുള്ള ടെക്നോളജി പ്രഫഷനലുകള്‍ വിജയം കൈവരിച്ചു.
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ദ ലീല ഹോട്ടലില്‍ നടന്ന മത്സരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന് ആണു സംഘടിപ്പിച്ചത്.
ഇന്‍ഫര്‍മേഷന്‍ സുരക്ഷ, സ്വകാര്യത തുടങ്ങിയവയെപ്പറ്റിയുള്ള വിദ്യാഭ്യാസം, പുത്തന്‍ കണ്ടുപിടിത്തങ്ങള്‍, അവബോധം സൃഷ്ടിക്കല്‍ എന്നിവയാണു കൊക്കോണ്‍ ലക്ഷ്യമിടുന്നത്.
ഒഫ്താൽമിക് സർജന്മാരുടെ വാർഷികസമ്മേളനം കൊച്ചിയിൽ
കൊച്ചി: കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസിന്റെ (കെഎസ്ഒഎസ്) 51-ാം വാർഷിക സമ്മേളനം (ദൃഷ്ടി-2024) നാളെമുതൽ ഡിസംബർ ഒന്നുവരെ ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും.
നേത്രചികിത്സാ രംഗത്തെ അത്യാധുനിക ചികിത്സാരീതികളും നേട്ടങ്ങളും ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള 1200 ലധികം നേത്രരോഗ സർജൻമാർ പങ്കെടുക്കും. പത്മശ്രീ ഡോ. എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിലുള്ള ശാസ്ത്ര സെഷനുകൾ ഉണ്ടാകുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. സാജു ജോസഫ് അറിയിച്ചു. 2024-2025 കാലയളവിലെ കെഎസ്ഒഎസിന്റെ 51-ാമത് പ്രസിഡന്റായി ഡോ. ജി. മഹേഷ് സ്ഥാനമേൽക്കും.
പ്രേംകുമാറിന് മറുപടിയുമായി സീരിയൽ താരം സീമ ജി. നായർ
കൊച്ചി: പ്രേംകുമാറിന്റെ പ്രതികരണത്തിന് മറുപടിയുമായി സീരിയല്‍ താരം. ഇവിടുത്തെ ചീഞ്ഞ രാഷ്ട്രീയ കളികളേക്കാള്‍ എത്രയോ ഭേദമാണു സീരിയലെന്ന് നടി സീമ ജി. നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ സോഷ്യല്‍മീഡിയയും മൊബൈല്‍ഫോണുമെല്ലാം വലിയ പങ്ക് വഹിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കാന്‍ പറ്റുമോയെന്നും അവർ ചോദിക്കുന്നു. വേണ്ട എന്നു തോന്നുന്നവര്‍ക്ക് കാണാതിരിക്കാനുള്ള ഓപ്ഷനും സ്വാതന്ത്ര്യവുമുണ്ടെന്നും അവർ പറഞ്ഞു.
മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകം: നടന് പ്രേംകുമാര്‍
കൊച്ചി: ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിനു മാരകമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍.
സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമാണ്. സിനിമയും സീരിയലും വെബ് സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണു കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണു താന്‍. സിനിമയില്‍ സെന്‍സറിംഗ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
സീരിയലുകള്‍ ഷൂട്ട് ചെയ്ത് അതേദിവസം തന്നെ കാണിക്കുന്നുവെന്നാണ് ആ രംഗത്തുള്ളവര്‍ പറയുന്നത്. അതിനിടെ സെന്‍സറിംഗ് നടത്താന്‍ സമയമില്ല. കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാസമ്പന്നരായ സ്ത്രീകളിലെ തൊഴിലില്ലായ്മ ; നികുതിയിളവ്, പ്രസവാവധി
നിര്‍ദേശങ്ങളുമായി വനിതാ കമ്മീഷന്
ബിനു ജോര്‍ജ്
കോഴിക്കോട്: കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ വിവാഹം, പ്രസവം, കുറഞ്ഞ ശമ്പളം തുടങ്ങിയവയാണെന്നും തൊഴില്‍ മേഖലയിലുള്ള സ്ത്രീകളോടു സമൂഹത്തിനു തെറ്റായ മനോഭാവമാണ് ഉള്ളതെന്നും സംസ്ഥാന വനിതാ കമ്മീഷന്റെ പഠന റിപ്പോര്‍ട്ട്.
പഠനവിധേയമാക്കിയ 93 ശതമാനം സ്ത്രീകളും ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്നവരാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍, സ്ത്രീകള്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യവും അന്തരീക്ഷവും ഒരുക്കണമെന്നു വനിതാ കമ്മീഷന് സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിച്ചു.
ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, അമ്മമാര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഗര്‍ഭാവസ്ഥയും ശിശു സംരക്ഷണവും മൂലം തൊഴില്‍ മേഖലയില്‍നിന്നു വിട്ടുനില്‍ക്കുന്ന സ്ത്രീകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും.
ഗര്‍ഭിണികള്‍ക്കും പ്രസവാവധി കഴിഞ്ഞു തൊഴില്‍ മേഖലയിലേക്കു തിരിച്ചെത്തുന്ന അമ്മമാര്‍ക്കും കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ‘വര്‍ക്ക് ഫ്രം ഹോം’ ക്രമീകരണം ഏര്‍പ്പെടുത്തണം.
12-26 ആഴ്ച വരെയുള്ള പ്രസവാവധി സ്വകാര്യമേഖലയിലേക്കും ഒരു നിശ്ചിത കാലയളവില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള താത്കാലിക തസ്തികകളിലേക്കും വ്യാപിപ്പിക്കണമെന്നും വനിതാ കമ്മീഷന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തൊഴില്‍രഹിതരായ 300 സ്ത്രീകളിലാണ് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ യോഗ്യത എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ച് 2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവിൽ വനിതാ കമ്മീഷന് പഠനം നടത്തിയത്.
പഠനവിധേയരാക്കിയ 47.7 ശതമാനം പേരും മുമ്പ് ഏതെങ്കിലും ജോലി ചെയ്തിരുന്നവരാണ്. വിവാഹം, പ്രസവം, കുറഞ്ഞ ശമ്പളം, കരാറിന്റെ കാലാവധി കഴിയല്‍ എന്നീ കാരണങ്ങളാല്‍ ഭൂരിഭാഗം പേരും ജോലി അവസാനിപ്പിച്ചുവെന്നാണു വനിതാ കമ്മീഷന് കണ്ടെത്തിയത്.
പ്രഫഷണല്‍ യോഗ്യതയുള്ള 63 ശതമാനം പേരും മുമ്പ് ജോലി ഉണ്ടായിരുന്നവരാണ്. 7.3 ശതമാനം പേര്‍ക്ക് മാത്രമാണു പാര്‍ട്ട് ടൈം ജോലിയോ ഇതര വരുമാന മാര്‍ഗമോ ഉള്ളത്. ജോലി ചെയ്യുന്ന സ്ത്രീകളോടുള്ള മനോഭാവം മാറ്റുന്നതിനു ബോധവത്കരണവും പ്രചാരണവും നടത്തണം.
വിവാഹപൂര്‍വ കൗണ്‍സലിംഗുകളില്‍ പ്രായമായവരുടെയും കുട്ടികളുടെയും സംരക്ഷണ ചുമതല ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ സ്ത്രീയും പുരുഷനും തുല്യമായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടുത്തണം.
പിതൃത്വ അവധി വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക, ജോലിക്കാരായ സ്ത്രീകള്‍ക്കു നികുതി ഇളവ് നല്‍കുക, പ്രായമായവരെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍തലത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വനിതാ കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്.
ഡേവിസ് തൊമ്മാനയ്ക്ക് ഗുഡ് സമരിറ്റൻ അവാർഡ്
ഇരിങ്ങാലക്കുട: ബഹ്റിനിലെ സീറോമലബാർ സൊസൈറ്റി രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മികച്ച സാമൂഹ്യപ്രവർത്തകന്‍ ഏർപ്പെടുത്തിയ ഗുഡ് സമരിറ്റൻ അവാർഡിനു മലയാളിയായ ഡേവിസ് തൊമ്മാന അർഹനായി.
ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അവാർഡ് സമ്മാനിച്ചു. നോർത്തേണ്‍ അറേബ്യ അപ്പസ്തോലിക് വികാർ ബിഷപ് ഡോ. അൽഡോ ബെരാർഡി സന്നിഹിതനായിരുന്നു.
നാലു പതിറ്റാണ്ടിലേറെക്കാലമായി ബഹ്റിനിൽ ജോലിചെയ്യുന്ന ഡേവിസ് ബഹ്റിനിലും കേരളത്തിലുമായി നിരവധി സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിവരുന്നു. പുല്ലൂർ ഊരകം സ്വദേശിയാണ്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ യാത്രക്കാരെ ഓടിച്ചിട്ടു കടിച്ചു
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ കടിച്ച് 25 യാത്രക്കാർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലും രണ്ടും മൂന്നും പ്ലാറ്റ്ഫോമിലും ട്രെയിൻ കാത്തുനിന്ന യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിന്നവരെയുമാണു തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഭീകരത സൃഷ്ടിച്ച നായയെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് തെരഞ്ഞുപോയപ്പോൾ റെയിൽവേ ക്വാർട്ടേഴ്സിനു സമീപം ഒരു നായയെ ചത്തനിലയിൽ കണ്ടെത്തി. പരസ്പരം കടികൂടി ചത്തതാണ് ഈ നായയെന്ന് പറയുന്നു. യാത്രക്കാരെ കടിച്ച നായയല്ല ഇതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കടിയേറ്റവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും. ഇതിൽ ഏഴു പേർക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മുതൽ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ തെരുവുനായ ആക്രമിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു.
വൈകുന്നേരമാണ് നായ ഭ്രാന്തമായ പരാക്രമം അഴിച്ചുവിട്ടത്. തെരുവുനാായ സ്റ്റേഷൻ പരിസരത്ത് യാത്രക്കാരെ വ്യാപകമായി കടിച്ച വിവരം കോർപറേഷനിൽ റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് റെയിൽവേ ജീവനക്കാർ ആക്ഷേപമുന്നയിച്ചു.
നാട്ടിക വാഹനാപകടം: മരിച്ചവരുടെ ആശ്രിതരെ കണ്ടെത്താൻ നടപടി
തിരുവനന്തപുരം: തൃശൂർ നാട്ടികയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ ആശ്രിതരെ കണ്ടെത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആശ്രിതരെ കണ്ടെത്തി ധനസഹായം നൽകാനുള്ള തുടർനടപടികൾ മുഖ്യമന്ത്രിതലത്തിൽ സ്വീകരിക്കും.
കർഷകരുടെ 225 ഏക്കര്‍ പ്ലാന്റേഷന് കോര്പറേഷന് കൈമാറുന്നത് നിയമവിരുദ്ധമായി: മാത്യു സ്റ്റീഫന്‍
കോട്ടയം: ദേവികുളം ആനവിരട്ടി വില്ലേജില്‍ 225 ഏക്കര്‍ കൈവശഭൂമി സര്‍ക്കാര്‍ പ്ലാന്റേഷന് കോര്പറേഷന് നിയമവിരുദ്ധമായി കൈമാറാന്‍ ഉത്തരവിട്ടതായി പശ്ചിമഘട്ട സംരക്ഷണ സമിതി. ബ്ലോക്ക് 12ല്‍ 2ല്‍ സര്‍വേ 234/12, 13, 14, 15, 16 നമ്പരില്‍പെട്ട ഭൂമിയാണ് പ്ലാന്റേഷന് കോര്പറേഷന് നൽകാൻ സെപ്റ്റംബര്‍ 14നാണു ഉത്തരവിട്ടതെന്ന് സമിതി ചെയർമാൻ മാത്യു സ്റ്റീഫന്‍ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
150 കൃഷിക്കാര്‍ കുടുംബമായി താമസിക്കുന്ന ഭൂമി സുപ്രീംകോടതിയുടെ ഉത്തരവിന്റെ മറവിലാണ് പ്ലാന്റേഷന് കോര്പറേഷന് നല്‍കിയത്. ഭൂമി പാട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ സുപ്രീംകോടതിയില്‍ നല്കിയ കേസ് തള്ളിയിരുന്നു.
കൃഷിക്കാരെ കുടിയിറക്കാനോ കൃഷിഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുവാനോ കോടതി പറഞ്ഞിട്ടില്ല. കേസിനുപോയ കൃഷിക്കാരന്റെ റിവ്യൂ പെറ്റീഷന് കോടതിയില്‍ നിലവിലുണ്ട്.
വസ്തു അളന്നു തിട്ടപ്പെടുത്തി താമസമുള്ള കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെ തിടുക്കത്തില്‍ ഭൂമി കൈമാറുന്നതിനു പിന്നിൽ സിപിഐയുടെ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ താത്പര്യമാണ്.
എം.എം. മണിയും മുന്‍ സിപിഐ ജില്ലാ സെക്രട്ടറിയും തമ്മിലുള്ള പോരാണ് ഇപ്പോഴത്തെ നടപടിക്കു പിന്നിലെന്നും മാത്യു സ്റ്റീഫന്‍ പറഞ്ഞു.
കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ബോചെ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: യുണൈറ്റഡ് ഇന്‍ഡോര്‍ കോംപാക്ട് സംഘടിപ്പിച്ച പ്രോ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പായ ‘ഫൈറ്റ് നൈറ്റ്’ ബോചെ കിക്ക് ബോക്സിംഗ് പ്രദര്‍ശനം നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്കുള്ള ഫൈറ്റ് ബെല്‍റ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. കോഴിക്കോട് ലുലു മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡബ്ല്യുബിസി, ഐബിസി, യുഐസി പ്രോ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പുകള്‍ അരങ്ങേറി.
2025 ഫെബ്രുവരിയില്‍ വരാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ ആദ്യ ഘട്ടം ബോചെ ആയിരമേക്കറില്വച്ച് നടത്തുമെന്ന് ഉദ്ഘാടനവേളയില്‍ ബോചെ അറിയിച്ചു.
ചാമ്പ്യന്‍ഷിപ്പുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളവയാണെന്ന് ചടങ്ങില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍നിന്നും നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
റിഷ ടി. ഗോപാലിനെ പിഎസ്സി അംഗമായി നിയമിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി റിഷ ടി. ഗോപാലിനെ നിയമിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പാലക്കാട് ചിറ്റൂർ സ്വദേശിനിയാണ് റിഷ ടി. ഗോപാൽ. ജനതാദൾ-എസ് അംഗമായ റിഷ ടി. ഗോപാൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ഒപ്പംനിന്ന സിപിഎം ഒടുവിൽ പിന്മാറുന്നു ; പോരാട്ടം തുടർന്ന് നവീന്റെ കുടുംബം
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന മലയാലപ്പുഴ സ്വദേശി നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തോടു യോജിപ്പില്ലെന്ന സിപിഎം നിലപാട് പുറത്തുവന്നുവെങ്കിലും പോരാട്ടം തുടരാൻ കുടുംബം.
സംഭവത്തില്‍ തുടക്കം മുതല്‍ കുടുംബത്തോടൊപ്പം നില്‍ക്കുകയായിരുന്ന സിപിഎം പത്തനംതിട്ട ഘടകം സിബിഐ അന്വേഷണമെന്ന ആവശ്യം കുടുംബകാര്യമെന്ന നിലയിലാണ് ആദ്യം വിലയിരുത്തിയത്.
കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ ജാമ്യത്തിലിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ എത്തിയതും സിപിഎം അഭിഭാഷകന് ദിവ്യക്കുവേണ്ടി കേസ് വാദിക്കുന്നതും പത്തനംതിട്ട ഘടകത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
പി.പി. ദിവ്യ പാര്‍ട്ടി കേഡറാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രഖ്യാപിച്ചതോടെ കുടുംബത്തിനുവേണ്ടിയുള്ള പരസ്യ പ്രതികരണങ്ങളില്‍നിന്ന് പത്തനംതിട്ട ജില്ലാ നേതൃത്വം പിന്മാറുകയും ചെയ്തതാണ്.
നവീന്‍ ബാബുവിന്റെ മരണശേഷം എല്ലാ ദിവസവും അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്ന സിപിഎം ജില്ലാ നേതാക്കള്‍ കുറെ ദിവസങ്ങളായി അകലം പാലിച്ചിരുന്നു. സിബിഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തോടു യോജിപ്പില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതോടെ സിപിഎം ജില്ലാ കമ്മിറ്റിക്കു മറിച്ച് ഒരു തീരുമാനമെടുക്കാനാകില്ല.
കുടുംബത്തിന്റെ ആവശ്യത്തിൽ തെറ്റുപറയാനില്ല: മലയാലപ്പുഴ മോഹനൻ
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതിൽ തെറ്റു പറയാനില്ലെന്ന് സിഐടിയു സംസ്ഥാന സമിതിയംഗം മലയാലപ്പുഴ മോഹനൻ. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ കുടുംബത്തിന് ഏത് അന്വേഷണവും ആവശ്യപ്പെടാം.
സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിട്ടില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന സുപ്രീംകോടതിയുടെ പരാമർശം ചൂണ്ടിക്കാട്ടുകയാണ് ഗോവിന്ദൻ ചെയ്തതെന്ന് മലയാലപ്പുഴ മോഹനൻ പറഞ്ഞു.
സിപിഎം കാട്ടിയത് കൊടുംചതി: സുരേന്ദ്രൻ
പത്തനംതിട്ട: ചരിത്രത്തിലില്ലാത്ത ചതിയാണ് പിണറായി വിജയനും പാർട്ടിയും എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ കുടുംബത്തോടു ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
എഡിഎം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. നീതിപീഠം ഇക്കാര്യത്തിൽ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചന പുറത്തു കൊണ്ടുവരണം: നവീന്‍ ബാബുവിന്റെ സഹോദരന്
പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലാത്തതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കിയതെന്ന് സഹോദരന് പ്രവീണ്‍ ബാബു പ്രതികരിച്ചു. കൊലപാതകമെന്ന് സംശയമുണ്ട്. അതാണെങ്കിലും അല്ലെങ്കിലും തെളിയിക്കപ്പെടണം. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല. പുതിയ ഏജന്‍സി അന്വേഷിച്ച് സംശയങ്ങളെല്ലാം നീക്കണമെന്ന് പ്രവീണ്‍ ബാബു പറഞ്ഞു.
ഈ വർഷം സെപ്റ്റംബർവരെ 36,561 വാഹനാപകടങ്ങൾ
തൃശൂർ: ഈ വർഷം സെപ്റ്റംബർവരെ സംസ്ഥാനത്തുണ്ടായത് 36,561 വാഹനാപകടങ്ങൾ. കഴിഞ്ഞ രണ്ടുമാസമുണ്ടായ അപകടങ്ങളുടെ കണക്ക് കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായിട്ടില്ല. 2,843 പേരാണ് സെപ്റ്റംബർവരെയുണ്ടായ അപകടങ്ങളിൽ മരിച്ചത്. 40,886 പേർക്കു പരിക്കേറ്റു.
കഴിഞ്ഞവർഷം സംസ്ഥാനത്ത് 48,091 വാഹനാപകടങ്ങളിൽ 4,080 പേർ മരണമടയുകയും 54,320 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. 2020ൽ 27,877 അപകടങ്ങളിൽ 2,979 പേർ മരിച്ചു; 30,510 പേർക്കു പരിക്കേറ്റു.
2021ൽ 33,296 അപകടങ്ങളാണുണ്ടായത്. 3429 മരണം സംഭവിച്ചു. 40,204 പേർക്കാണു പരിക്കേറ്റത്. 2022ലാകട്ടെ 43,910 അപകടങ്ങളിൽ 4,317 പേർ മരണപ്പെടുകയും 49,307 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 2016 മുതൽ 2020വരെ സംസ്ഥാനത്ത് 1,59,182 വാഹനാപകടങ്ങളുണ്ടായെന്നാണു പോലീസിന്റെ ഔദ്യോഗിക കണക്ക്. 17,161 പേർ ഇക്കാലയളവിൽ മരിച്ചു. 1,78,292 പേർക്കു പരിക്കേറ്റു.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ ലൈബ്രേറിയന്മാർക്ക് അനുമതി: മന്ത്രി ഡോ. ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ജോലിചെയ്യുന്ന യുജിസി/നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ലൈബ്രേറിയന്മാർക്കു ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
നാലു വർഷ ബിരുദ കോഴ്സുകളുടെ ഭാഗമായി കോഴ്സ് ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കാനാണ് ഇവർക്ക് അനുമതി നൽകി ഉത്തരവായതെന്നു മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നാലു വർഷ ബിരുദ കോഴ്സുകളുടെ ഭാഗമായി നിലവിൽ എല്ലാ വിദ്യാർഥികളും മൂന്ന് മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ പഠിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, തയാറാക്കിയ കരിക്കുലം ഫ്രെയിംവർക്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എംഡിസി കോഴ്സായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണു തീരുമാനം.
കോളജ് ലൈബ്രറിയുടെ പ്രവർത്തനത്തെയോ മറ്റ് അധ്യാപകരുടെ ജോലിഭാരത്തെയോ ബാധിക്കാതെയും ലൈബ്രേറിയന്മാർക്ക് അധിക ജോലിഭാരമായി കണക്കാക്കാതെയും സർക്കാരിന് അധിക സാമ്പത്തികബാധ്യത ഉണ്ടാകാത്ത വിധത്തിലും മൈനർ കോഴ്സുകൾ, ഫൗണ്ടേഷൻ കോഴ്സുകൾ, സ്കിൽ കോഴ്സുകൾ എന്നിവയുടെ ഇൻസ്ട്രക്ടർമാരായാണ് ഇവർ പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.
കേരള സാങ്കേതിക സര്‍വകലാശാല താത്കാലിക വിസി നിയമനം: ഗവര്‍ണര്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കി
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല താത്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവില്‍ വ്യക്തത തേടി ഗവര്‍ണര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
താത്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്കുന്ന പട്ടികയില്നിന്നാകണമെന്നും അതേസമയം, സാങ്കേതിക സര്‍വകലാശാലയിലെ പ്രത്യേക സാഹചര്യത്തിലെ നിയമനം റദ്ദാക്കുന്നില്ലെന്നുമായിരുന്നു സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ 2023 ഫെബ്രുവരിയില്‍ ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ്.
കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സിസ കേസിലെ ഡിവിഷന് ബെഞ്ച് ഉത്തരവില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ചാന്‍സലറുടെ ആവശ്യം.
സുപ്രീംകോടതി ഉത്തരവിന്റെയോ മറ്റേതെങ്കിലും കോടതി ഉത്തരവിന്റെയോ അടിസ്ഥാനത്തില്‍ തങ്ങള്‍ പുറപ്പെടുവിച്ച മുന്‍ ഉത്തരവിനെ വ്യാഖ്യാനിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.
ഹെലി ടൂറിസം പദ്ധതി: വന്യമൃഗശല്യം രൂക്ഷമാക്കുമെന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹെലിടൂറിസം പദ്ധതിയുടെ കരടു നയം അടങ്ങിയ ഫയൽ മന്ത്രിസഭയിലെത്തി.
മലയോര മേഖലകളിലും അണക്കെട്ടു പ്രദേശങ്ങളിലും ഹെലികോപ്റ്റർ സഞ്ചാരം നടപ്പാക്കുന്നതു കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി പ്രശ്നങ്ങൾ അതീവ സങ്കീർണമാകാൻ സാധ്യതയുണ്ടെന്നു മന്ത്രിമാർ വിലയിരുത്തി.
ഇതേത്തുടർന്ന് ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്ന ഹെലി ടൂറിസം പദ്ധതി ഫയൽ കൂടുതൽ പഠനത്തിനു ശേഷം നടപ്പാക്കിയാൽ മതിയെന്ന വിലയിരുത്തലുണ്ടായി.
ആഭ്യന്തര- വിദേശ ടൂറിസ്റ്റുകളെ ഹെലികോപ്റ്റർമാർഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുന്ന പദ്ധതിയാണു ഹെലി ടൂറിസം പദ്ധതി. ഇടതു മുന്നണി ഘടകകക്ഷികളിൽനിന്നു തന്നെ എതിർപ്പുയർന്ന വിവാദ ജല വിമാന പദ്ധതിക്കു പിന്നാലെയാണു ഹെലി ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ് രംഗത്തെത്തിയത്.
വിനോദ സഞ്ചാരികളുമായി പോകുന്ന ഹെലികോപ്റ്ററുകൾ താഴ്ന്നു പറക്കുന്നതുമൂലം ജൈവവൈവിധ്യ സന്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന സിപിഐയുടെ വാദം ബന്ധപ്പെട്ട മന്ത്രിമാർ അറിയിച്ചു.
അണക്കെട്ടുകളിലും മറ്റും ഹെലിപ്പാഡുകൾ നിർമിക്കുന്പോൾ, ഇവിടെ വെള്ളം കുടിക്കാൻ എത്തുന്ന കാട്ടാനകൾ അടക്കമുള്ളവയ്ക്ക് ഹെലികോപ്റ്ററിന്റെ ശബ്ദം അടക്കം പ്രശ്നം സൃഷ്ടിക്കുമെന്നു നേരത്തേ വനം വകുപ്പ്, മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിനാൽ കാട്ടുമൃഗങ്ങൾ വെള്ളത്തിനും മറ്റുമായി നാട്ടിലേക്ക് ഇറങ്ങുന്നതു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
വന്യമൃഗങ്ങളുടെ ശല്യത്തെത്തുടർന്ന് ഇപ്പോൾത്തന്നെ ജനങ്ങൾ പൊറുതിമുട്ടി കഴിയുകയാണ്. മലയോര മേഖലയിൽ ഹെലികോപ്റ്റർ ടൂറിസം പദ്ധതി വരുന്നതോടെ വന്യമൃഗശല്യം അതീവ രൂക്ഷമാകാൻ ഇടയുണ്ടെന്ന വാദവും സർക്കാർ പരിഗണിക്കണമെന്നാണ് അഭിപ്രായം.
പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഹെലിപാഡുകൾ നിർമിച്ച് ഹെലി ടൂറിസം പദ്ധതി നടപ്പാക്കുന്നതു വഴി കേരളത്തിന്റെ ടൂറിസം മേഖലയ്ക്കു കൂടുതൽ സന്പത്തു കണ്ടെത്താൻ കഴിയുമെന്നാണു ടൂറിസം വകുപ്പു പറയുന്നത്.
ഇതിനായി കന്പനികളിൽനിന്നു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കും. തീരദേശത്തും മലയോര മേഖലയിലും ഒരേ സമയം ടൂറിസം പദ്ധതി നടപ്പാക്കാൻ ഇതുവഴി കഴിയുമെന്നാണു കരുതപ്പെടുന്നതെന്നാണു മന്ത്രിസഭയുടെ അജൻഡയിൽ ഇടം നേടിയ ഹെലി ടൂറിസം പദ്ധതിയിൽ പറയുന്നത്.
മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, തെളിവുണ്ട്: ജമാഅത്തെ ഇസ്ലാമി അമീര്‍
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നു ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്നും സംഘടനയുടെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തുന്നതിന് ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ പിന്തുണച്ചിട്ടുണ്ടാകാമെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്.
വ്യക്തികളെയും മുന്നണികളെയും ജമാഅത്തെ ഇസ്ലാമി പിന്തുണച്ചിട്ടുണ്ട്. ഒരു ഘട്ടത്തിലും ആര്‍ക്കും പിന്തുണ പതിച്ചു നല്‍കിയിട്ടില്ല. അത്തരം സന്ദര്‍ഭങ്ങളിലെ ചര്‍ച്ചകളിലും ധാരണകളിലും പലപ്പോഴായി സിപിഎമ്മിനുവേണ്ടി പങ്കെടുത്തയാളാണ് പിണറായി വിജയന്.
പിന്തുണയെക്കുറിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞതിനു തെളിവുകളുണ്ട് സഭാരേഖകളും തെളിവാണ്. 1996, 2004 ലോക്സഭ തെരഞ്ഞെടുപ്പ് 2006 നിയമസഭാ തെരഞ്ഞെടുപ്പ്, 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ്, 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് എന്നിവയിലെല്ലാം ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്.
രാഷ്ട്രീയ കാരണങ്ങളാല്‍ 2019ല്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. ജമാഅത്തെ ഇസ്ലാമി ഭീകര പ്രസ്ഥാനമാകുന്നത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമാണോയെന്നു മുഖ്യമന്ത്രി വിശദീകരിക്കണം.
മത്തായി ചാക്കോയുടെ മരണത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ് എം. തോമസിനുള്ള പിന്തുണ ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി പ്രഖ്യാപിച്ചത് പൊതുസമ്മേളനം വിളിച്ചാണ്. അന്നൊന്നും ഭീകരതയെക്കുറിച്ച് പറഞ്ഞില്ലെന്നും പി. മുജീബ് റഹ്മാന് പറഞ്ഞു.
മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമം തടയാൻ വയോജന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്ക് എതിരായ അതിക്രമങ്ങൾ തടയാനും ക്ഷേമവും പുനരധിവാസവും ഉറപ്പാക്കാനും ലക്ഷ്യമിട്ട് അർധ ജുഡീഷൽ അധികാരങ്ങളോടെ വയോജന കമ്മീഷൻ രൂപവത്കരിക്കാൻ മന്ത്രിസഭാ തീരുമാനം. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോടു മന്ത്രിസഭായോഗം ശിപാർശ ചെയ്തു.
വയോജന പരിപാലനത്തിൽ പരിചയമുള്ള അധ്യക്ഷനും മൂന്ന് അംഗങ്ങളും കമ്മീഷനിലുണ്ടാകും. ഒരംഗം പട്ടികവിഭാഗത്തിൽനിന്നും ഒരംഗം വനിതയും ആയിരിക്കും. കമ്മീഷനിലെ എല്ലാവരും മുതിർന്ന പൗരൻമാരായിരിക്കണം. മൂന്നു വർഷമാണു കമ്മീഷൻ കാലാവധി. കമ്മീഷൻ അധ്യക്ഷനു ഗവണ്മെന്റ് സെക്രട്ടറിയുടെ പദവി നൽകുമെന്നു മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
അധ്യക്ഷനും അംഗങ്ങൾക്കും ശന്പളവും ബത്തകളുമുണ്ടാകും. അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത സെക്രട്ടറിയും ജോയിന്റ് സെക്രട്ടറി റാങ്കുള്ള രജിസ്ട്രാറുമുണ്ട്.
ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ ഫിനാൻസ് ഓഫീസറായും നിയമിക്കും. തിരുവനന്തപുരമാണ് ആസ്ഥാനം. പ്രത്യേക ആവശ്യങ്ങൾക്കായി രണ്ടുപേരെ കമ്മീഷൻ യോഗങ്ങളിൽ ക്ഷണിതാക്കളാക്കാം. അവർക്കു വോട്ടവകാശമുണ്ടാകില്ല.
വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സഹായവും മാർഗനിർദേശവും നൽകുക, സർക്കാരുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുക, നിയമസഹായം നൽകുക, അവരുടെ കഴിവുകൾ സമൂഹത്തിന് ഉപയുക്തമാക്കുക എന്നിവയാണു പ്രധാന ചുമതലകൾ.
വയോജനങ്ങളുടെ സംരക്ഷണം അടക്കമുള്ള പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാനും കമ്മീഷനു കഴിയും. 2030ഓടെ കേരളത്തിലെ ജനസംഖ്യയിൽ 25 ശതമാനം വയോജനങ്ങളാകുമെന്നാണു കണക്ക്. ഇതുകൂടി മുന്നിൽ കണ്ടാണ് വയോജന കമ്മീഷൻ രൂപവത്കരിക്കുന്നതെന്നു മന്ത്രി ആർ. ബിന്ദു പറഞ്ഞു.
പ്ലാന്റേഷൻ മേഖലയിൽ പുതിയ നയം നടപ്പിലാക്കും: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: പ്ലാന്റേഷൻ മേഖലയുടെ വൈവിധ്യവത്കരണവും നവീകരണവും സംബന്ധിച്ച് സമഗ്രനയം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന വ്യവസായ വകുപ്പ്.
പ്ലാന്റേഷൻ മേഖലയുടെ വൈവിധ്യവത്കരണത്തെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പുതിയ നയം നടപ്പിലാക്കുക. പ്ലാന്റേഷൻ മേഖലയിലെ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു പുതിയ നയം നടപ്പാക്കാനാണു സർക്കാർ തയാറെടുക്കുന്നതെന്നു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
തോട്ടം ഉടമകൾ ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ തയാറാകണമെന്നു മന്ത്രി പറഞ്ഞു.
ഈ സാധ്യത ഉപയോഗപ്പെടുത്തിയാൽ വലിയ തോതിലുള്ള നിക്ഷേപമാണു തോട്ടം മേഖലയിൽ ഉണ്ടാകാൻ പോകുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്ലാന്റേഷൻ ഭൂമിയുള്ളത്. പ്ലാന്റേഷൻ ഭൂമി അതേപടി നിലനിർത്തിക്കൊണ്ടുള്ള വൈവിധ്യവത്കരണമാണു നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഐഎംകെ പ്രതിനിധികളായ പ്രഫ. എസ്. വെങ്കിട്ടരാമൻ, പ്രഫ. അശുതോഷ് സർക്കാർ എന്നിവരാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.
കേരളത്തിലെ തോട്ടം ഭൂമിയിൽനിന്നുള്ള ലാഭത്തിന്റെ കുറവാണ് ഇത്തരമൊരു പഠനത്തിനു പ്രേരിപ്പിച്ച പ്രാഥമിക ഘടകമെന്ന് ഐഐഎംകെ പ്രതിനിധികൾ പറഞ്ഞു.
സാന്പത്തിക, സാമൂഹിക സുസ്ഥിരത കൈവരിക്കുന്നതിനായി തോട്ടം മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വെളിച്ചം വീശുന്നതാണ് 69 പേജുള്ള റിപ്പോർട്ട്. ഒന്നിലധികം വിളകൾ പ്ലാന്റേഷൻ ഭൂമിയിൽ കൃഷിചെയ്യുന്നതിലൂടെ തോട്ടം മേഖല ലാഭകരമാക്കാമെന്നും പുതിയ വിപണി കണ്ടെത്താമെന്നും പരിസ്ഥിതി സംരംക്ഷണത്തിലൂന്നി മുന്നോട്ടു പോകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടർ ആനി ജൂല തോമസ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഡോ.കെ.എസ്. കൃപകുമാർ എന്നിവരും സന്നിഹിതരായിരുന്നു. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് റിപ്പോർട്ടിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ പങ്കുവച്ചു.
തോട്ടം ഉടമകളും തൊഴിലാളി യൂണിയൻ നേതാക്കളും പ്രമുഖ വ്യവസായികളും ജനപ്രതിനിധികളും റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു.
ഗവർണറുടെ നടപടി എകപക്ഷീയമെന്നു സിപിഎം
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വൈസ്ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചട്ടങ്ങൾ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്നു സിപിഎം.
കെടിയുവിൽ ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസ തോമസിനേയും നിയമിച്ചതു സർവകലാശാല ചട്ടങ്ങളെയും ഇതു സംബന്ധിച്ച കോടതി നിർദേശങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിച്ചാണ്.
നേരത്തേ കെടിയുവിൽ സിസ തോമസിനെ താത്കാലിക വിസിയായി നിയമച്ചപ്പോൾത്തന്നെ കോടതി തടഞ്ഞതാണ്. അതു സംബന്ധിച്ചു വ്യക്തത ആവശ്യപ്പെട്ടു ഗവർണർ സമീപിച്ചപ്പോൾ പഴയ ഉത്തരവ് ആവർത്തിച്ച് ഉറപ്പിക്കുകയാണു ഹൈക്കോടതി ചെയ്തത്.
അതായതു കെടിയുവിൽ സർവകലാശാല നിയമപ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പട്ടികയിൽനിന്നു മാത്രമേ ചാൻസലർക്കു നിയമിക്കാൻ അധികാരമുള്ളൂ. ഡിജിറ്റൽ സർവകലാശാലയിലും ഇതു ബാധകമാണ്.
എന്നാൽ സർക്കാർ കൊടുത്ത പട്ടിക പരിഗണിക്കാതെയാണ് ഇപ്പോൾ തന്നിഷ്ടപ്രകാരം ഗവർണർ ഇവരെ നിയമിച്ചതെന്നും സംഘപരിവാർ താത്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചു വിസിമാരെ അടിച്ചേൽപ്പിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം : സപ്ലിമെന്ററി കണ്സഷൻ കരാറിൽ ഏർപ്പെടുന്നതിന് അനുമതി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും സപ്ലിമെന്ററി കണ്സഷൻ കരാറിൽ ഏർപ്പെടുന്നതിനുള്ള അനുമതി മന്ത്രിസഭായോഗം നൽകി. കരട് സപ്ലിമെന്ററി കണ്സഷൻ കരാർ അംഗീകരിച്ചു.
ആർബിട്രേഷൻ നടപടികൾ പിൻവലിച്ചതിനെത്തുടർന്നാണ് സപ്ലിമെന്ററി കരാർ ആവശ്യമായി വന്നത്. നിയമ വകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം തേടിയ ശേഷമാണു സപ്ലിമെന്ററി കരാറിനു മന്ത്രിസഭ അനുമതി നൽകിയത്.
കരാർ പ്രകാരം 2045ൽ പൂർത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും പ്രവൃത്തികൾ 2028 ഓടെ പൂർത്തീകരിക്കും. നേരത്തേയുള്ള കരാറിൽനിന്നു വ്യത്യസ്തമായി തുറമുഖത്തിന്റെ മുഴുവൻ ഘട്ടങ്ങളും ഇതോടെ പൂർത്തിയാകും.
ഇതുവഴി നാലു വർഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോർട്ട് വഴിയൊരുക്കും. പദ്ധതി പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ കുറഞ്ഞ ശേഷി 30 ലക്ഷം ടിഇയു ആവും.
കോവിഡും ഓഖി, പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് പദ്ധതി കാലയളവ് അഞ്ചു വർഷം നീട്ടി നൽകും. പദ്ധതിക്കു കാലതാമസം വന്നതിനാൽ പിഴയായ 219 കോടി രൂപയിൽ 43.8 കോടി രൂപ സംസ്ഥാനം പിഴയായി ഈടാക്കും.
ബാക്കി തുക 2028 വരെ തടഞ്ഞുവയ്ക്കും. 2028ൽ പദ്ധതി സന്പൂർണമായി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ കരാർ കാലാവധി അഞ്ച് വർഷം നീട്ടിയത് റദ്ദു ചെയ്യും. തടഞ്ഞുവച്ച തുകയും സർക്കാർ വസൂലാക്കുമെന്നും കരാറിൽ പറയുന്നു.
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്കു ഭീഷണി; നോഡല്‍ ഓഫീസറെ നിയമിക്കണമെന്നു ഹൈക്കോടതി
കൊച്ചി: ജസ്റ്റീസ് കെ. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്കു ഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ഉടന്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നു ഹൈക്കോടതി.
ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണു നിര്‍ദേശം നല്‍കിയത്. നോഡല്‍ ഓഫീസറുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും അറിയിക്കണം.
നോഡല്‍ ഓഫീസറുടെ നിയമനം, പുതിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ എന്നിവ സംബന്ധിച്ച് എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ച കോടതി ഹര്‍ജി വീണ്ടും ഡിസംബര്‍ 11ന് പരിഗണിക്കാന്‍ മാറ്റി.
നോഡല്‍ ഓഫീസര്‍ക്കു ലഭിച്ച പരാതികളെക്കുറിച്ചും അറിയിക്കണം. ഹേമ കമ്മിറ്റിയില്‍ മൊഴി നല്കിയ പലരെയും ഫോണില്‍ വിളിച്ചും സന്ദേശമയച്ചും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇക്കാര്യം ആരെയാണ് അറിയിക്കേണ്ടതെന്ന് വ്യക്തതയില്ലെന്നും ഹർജി പരിഗണക്കവേ വിമൻ ഇൻ സിനിമ കളക്ടീവിനുവേണ്ടി അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ഇക്കാര്യം പരിഗണിച്ചാണ് നോഡല്‍ ഓഫീസറെ നിയമിക്കാന്‍ നിര്‍ദേശിച്ചത്. സിനിമാമേഖലയ്ക്കുവേണ്ടി തയാറാക്കുന്ന പ്രത്യേക നിയമത്തിന്റെ കരടിന് ജനുവരിയില്‍ നടക്കുന്ന സിനിമ കോണ്‍ക്ലേവോടെ അന്തിമ രൂപമാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട 75 സംഘടനകളുമായും അഞ്ഞുറോളം വ്യക്തികളുമായും സംവിധായകന് ഷാജി കരുണിന്റെ നേതൃത്വത്തിലുള്ള സമിതി ചര്‍ച്ച നടത്തിയിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ക്ലേവില്‍ രൂപം നല്കുന്ന അന്തിമ കരട് സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.
പരാതി നല്‍കിയതിന്റെ പേരില്‍ സംഘടനയില്‍നിന്നു പുറത്താക്കുമെന്ന് ഭീഷണിയുണ്ടെന്ന് ചമയകലാകാരികള് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇന്നലെ ഹർജി പരിഗണിച്ചപ്പോള്‍ ഇതു ബെഞ്ചില്‍ എത്തിയിരുന്നില്ല. ഇന്നലെ രാവിലെയാണ് ഇതു ഫയല്‍ ചെയ്തതെന്ന് അഭിഭാഷക വിശദീകരിച്ചു. തുടര്‍ന്ന് വിഷയം പിന്നീട് പരിഗണിക്കാന്‍ മാറ്റി.
നവീന്‍ ബാബുവിന്റെ മരണം: കൊലപാതകമാണോയെന്നു സംശയമുണ്ടെന്ന് ഭാര്യ
കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചു. മരണം ആത്മഹത്യതന്നെയാണോയെന്നു സംശയമുണ്ടെന്നു പറയുന്ന ഹർജിയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഉന്നയിച്ചിട്ടുണ്ട്.
പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കുന്ന വിധത്തിലാണു പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം. യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ ബാബുവിനെ ആരെല്ലാം സന്ദര്‍ശിച്ചിരുന്നുവെന്നു കണ്ടെത്തേണ്ടത് കേസിന്റെ മറനീക്കാന്‍ അനിവാര്യമാണ്. കളക്ടറേറ്റ് പരിസരത്തെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെയും റെയില്‍വേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണ്. എന്നാല്‍, പ്രത്യേകസംഘം ഇതു പിടിച്ചെടുത്തിട്ടില്ല.
നവീന്‍ കോഴ വാങ്ങിയെന്നാരോപിച്ചു പെട്രോള്‍ പമ്പ് അപേക്ഷകന് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. പി.പി. ദിവ്യയുടെ വാദത്തിനു പിന്‍ബലമാകുന്നതിന് അത്തരമൊരു വ്യാജക്കത്ത് ചമയ്ക്കാന്‍ അന്വേഷണസംഘം കൂട്ടുനിന്നതായി സംശയമുണ്ട്.
ഒക്ടോബര്‍ 15നു രാവിലെ എട്ടിന് കളക്ടറേറ്റ് ഉദ്യോഗസ്ഥനാണു നവീന്‍ ബാബുവിന്റെ മരണവിവരം അറിയിച്ചത്. വീട്ടുകാര്‍ എത്തുംമുമ്പ് പോലീസ് തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് തയാറാക്കിയതു സംശയകരമാണ്. ഇന്‍ക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെട്ടു.
വകുപ്പുതല പരിപാടിയായിരുന്നിട്ടും യാത്രയയപ്പ് യോഗം തുടങ്ങിയശേഷം അതിക്രമിച്ചു കയറുന്ന നിലയിലാണ് ദിവ്യ എത്തിയത്. അഴിമതിക്കാരനാണെന്നും പതിവായി കോഴ വാങ്ങുന്നയാളാണു നവീനെന്നും ആക്ഷേപിച്ചു. പ്രസംഗം ചാനലുകളില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയത്.
ഇവരില്‍നിന്നു സംഘടിപ്പിച്ച ദൃശ്യങ്ങള്‍ പ്രതി റവന്യു ഓഫീസുകളില്‍ പ്രചരിപ്പിച്ചു. റിട്ടയര്‍മെന്റിനു മുമ്പ് നവീന്‍ ബാബു അന്തിമമായി ജോലി ചെയ്യേണ്ടിയിരുന്ന പത്തനംതിട്ട ജില്ലയിലെ ഓഫീസര്‍മാര്‍ക്കും അയച്ചുകൊടുത്തു. മരണത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണിത്.
സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എന്നാല്‍ ശാസ്ത്രീയ തെളിവുശേഖരണത്തിന് യാതൊരു താത്പര്യവും കാട്ടാതെ ഉദാസീനമായ അന്വേഷണമാണു നടക്കുന്നത്. തെളിവുകള്‍ മറച്ചുവയ്ക്കാനാണു ശ്രമം. അതിനാല്‍ സിബിഐ അന്വഷണത്തിന് ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഇതേ ആവശ്യവുമായി ചേര്‍ത്തല സ്വദേശി മുരളീധരന് കോഞ്ചേരിയില്ലം എന്നയാളുടെ പൊതുതാത്പര്യ ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്. കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. ഹര്‍ജികള്‍ അടുത്ത ദിവസം കോടതി പരിഗണിക്കും.
""തെളിവുകൾ സംരക്ഷിക്കപ്പെടണം'' കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നു കുടുംബം കോടതിയിൽ. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നവീന്റെ കുടുംബം ഹർജി നൽകിയത്. ഹർജിയിൽ ഡിസംബർ മൂന്നിനു കോടതി വിധി പറയും. കണ്ണൂർ കളക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാണു ഹർജിയിലെ ആവശ്യം.
ഹര്‍ജി ഇന്ന് പരിഗണിക്കും എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ച് 41-ാമത്തെ ഐറ്റമായിട്ടാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്.
പാഞ്ഞുവന്ന മരണം; റോഡരികിൽ ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് ലോറി ഇടിച്ചുകയറി അഞ്ചു പേർ മരിച്ചു
തൃപ്രയാർ(തൃശൂർ): നാട്ടികയില്‍ റോഡരികിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്കു തടിലോറി പാഞ്ഞുകയറി രണ്ടു കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. പാലക്കാട് മുതലമട മീൻകര ഡാമിനു സമീപം ചെമ്മണംതോട് കോളനിയിൽ കാളിയപ്പൻ (55), ഭാര്യ നാഗമ്മ (50), മരുമകൾ രാജേശ്വരി എന്ന ബംഗായി (22), മകൻ വിശ്വ (ഒന്ന്), കാളിയപ്പന്റെ സഹോദരി ചിത്രയുടെ മകൻ ജീവ (നാല്) എന്നിവരാണു മരിച്ചത്.
നിർമാണം പുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസിനരികിൽ നാട്ടിക ജെകെ തിയേറ്ററിനു സമീപം ഇന്നലെ പുലർച്ചെ 3.50 നായിരുന്നു സംഭവം. കണ്ണൂരിൽനിന്നു മരംകയറ്റി വന്ന ലോറിയാണ് ദേശീയപാതയിൽനിന്നു ബൈപ്പാസിലേക്ക് നിയന്ത്രണംവിട്ടു പാഞ്ഞുകയറിയത്. ദേശീയപാത നിർമാണത്തിനായി ഈ ഭാഗത്ത് ദിശാബോർഡ് സ്ഥാപിച്ചിരുന്നു. ഡ്രൈവർ ദിശാബോർഡ് കാണാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകളും തകർത്താണ് ഉറങ്ങിക്കിടന്നവർക്കിടയിലേക്കു ലോറി പാഞ്ഞുകയറിയത്.
സംഭവത്തിൽ ലോറി ഡ്രൈവർ കണ്ണൂർ ആലക്കോട് സ്വദേശി ചാമക്കാലച്ചിറ ജോസ് (54), ക്ലീനർ ഏഴിയക്കുന്നിൽ അലക്സ് (33) എന്നിവരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമായ നരഹത്യക്ക് ഇരുവർക്കുമെതിരേ കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ് പെൻഡ് ചെയ്തു.
പരിക്കേറ്റവരിൽ ഒരാൾ നിലവിളിച്ച് ഓടിവരുന്നതുകണ്ട നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, വലപ്പാട് എസ്എച്ച്ഒ എം.കെ. രമേഷ് എന്നിവർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. വിവിധ ആംബുലൻസുകളിൽ മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളിലേക്കു മാറ്റി.
മുതലമട ഭാഗത്തുനിന്ന് കഴിഞ്ഞ പത്തുവർഷത്തോളമായി തൃശൂരിലെത്തി ആക്രി സാധനങ്ങൾ ശേഖരിച്ചു വില്പന നടത്തിവന്നിരുന്നവരാണ് ദുരന്തത്തിനിരയായത്. ഇടയ്ക്കിടെ ഇവർ ചെമ്മണംതോട് കോളനിയിലെത്തി കുറച്ചുദിവസത്തിനുശേഷം വീണ്ടും തൃശൂരിലേക്ക് തിരിച്ചുവരും. ഇത്തവണ രണ്ടാഴ്ചമുന്പാണു നാട്ടിലെത്തി തൃശൂരിലേക്കു മടങ്ങിയത്.
രാഹുലിന്റെയും പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ നാലിന്
തിരുവനന്തപുരം: പാലക്കാട്ട് വിജയിച്ച കോണ്‍ഗ്രസ് അംഗം രാഹുൽ മാങ്കൂട്ടത്തിലിന്റെയും ചേലക്കരയിലെ വിജയി സിപിഎമ്മിലെ യു.ആർ. പ്രദീപിന്റെയും നിയമസഭാംഗങ്ങളായുള്ള സത്യപ്രതിജ്ഞ ഡിസംബർ നാലിന് നടക്കും. ഉച്ചയ്ക്ക് 12നു നിയമസഭയിലെ മെംബേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ മുൻപാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാരാകുന്നത്.
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽനിന്ന് 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചത്; യു.ആർ. പ്രദീപ് ചേലക്കരയിൽ നിന്ന് 12,221 വോട്ടിന്റെ ഭൂരിപക്ഷത്തിലും. രാഹുൽ കന്നി അംഗമായി എത്തുന്പോൾ, യു.ആർ. പ്രദീപ് നേരത്തെ ചേലക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.
ജയം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ച തീയതി മുതൽ ശന്പളത്തിന് അർഹതയുണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി മുതലാണ് മറ്റ് ആനുകൂല്യങ്ങൾ എംഎൽഎമാർക്കു ലഭിക്കുക. 70,000 രൂപയാണ് എംഎൽഎമാർക്ക് ശന്പളവും മറ്റ് അലവൻസുകളും ഇനത്തിൽ കൈയിലെത്തുക.
പ്രതിമാസ ശന്പളമായി 2,000 രൂപ, മണ്ഡല അലവൻസ് 25,000, ടെലിഫോണ്‍ അലവൻസ് 11,000, ഇൻഫർമേഷൻ അലവൻസ് 4,000, അതിഥി സത്കാരം 8,000, യാത്രാപ്പടി 20,000 തുടങ്ങിയ ഇനത്തിലാണ് 70,000 രൂപ ലഭിക്കുക.
കൂടാതെ, കുടുംബത്തിന് പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യങ്ങളുമുണ്ട്. വീടുനിർമാണത്തിന് 20 ലക്ഷം രൂപ കുറഞ്ഞ പലിശ നിരക്കിലും വാഹനം വാങ്ങാൻ 10 ലക്ഷം രൂപ പലിശരഹിത അഡ്വാൻസായും എംഎൽഎയ്ക്കു ലഭിക്കും. രണ്ട് പേഴ്സണൽ സ്റ്റാഫിനെയും നിയമിക്കാം.
തൃശൂർ പൂരം അലങ്കോലമാക്കിയതു പോലീസെന്ന് തിരുവമ്പാടി ദേവസ്വം
കൊച്ചി: തൃശൂര്‍ പൂരവും അനുബന്ധ ചടങ്ങുകളും അലങ്കോലമാക്കിയതു പോലീസാണെന്ന കുറ്റപ്പെടുത്തലുമായി തിരുവമ്പാടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നിട്ടുപോലും പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലീസ് ബലപ്രയോഗം നടത്തിയത് അനാവശ്യമായിരുന്നുവെന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തില്‍ പറയുന്നത്.
വെടിക്കെട്ടിനു വേണ്ട സാമഗ്രികള്‍ തയാറാക്കാന്‍പോലും അംഗീകൃത തൊഴിലാളികളെയും ലൈസന്‍സുള്ള വെടിക്കെട്ടുകാരെയും പോലീസ് അനുവദിച്ചില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
പ്രധാന ചടങ്ങായ മഠത്തില്‍വരവ് പേരിനു മാത്രമാക്കി ചുരുക്കേണ്ടിവന്നു. പൂരം എഴുന്നള്ളിപ്പും പോലീസ് തടസപ്പെടുത്തി. പൂരത്തെയും ആചാരങ്ങളെയും കുറിച്ച് അറിവില്ലാത്തതുമൂലമാകാം പോലീസ് അപക്വമായാണു പെരുമാറിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്നു ചൂണ്ടിക്കാട്ടി കൊച്ചിന് ദേവസ്വം ബോര്‍ഡ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും പോലീസ് ഇടപെടലിനു കാരണമായ സാഹചര്യങ്ങളെക്കുറിച്ച് ഉള്‍പ്പെടെ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനടക്കം നല്കിയ ഹര്‍ജികളിലാണു വിശദീകരണം നല്‍കിയത്.
മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: മൂന്നു ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. ഇന്നു മൂന്നു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചു.
തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ഇന്നു വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ മഴമുന്നറിയിപ്പു നല്‍കിയത്. തമിഴ്നാട്ടിലും കനത്ത മഴയാണ് പെയ്യുന്നത്. 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അത് കുറുവാ സംഘമല്ല: കച്ചാ ബനിയൻ ഗ്യാംഗ് !
കൊല്ലം: തമിഴ്നാട്ടിലെ കുപ്രസിദ്ധരായ കുറുവാ സംഘത്തിന്റെ ആക്രമണം എന്ന പേരിൽ സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്ന വീഡിയോയും ചിത്രങ്ങളും ആധികാരികമല്ലെന്ന് പോലീസ്. ജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയിൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ബോധപൂർവമാണെന്ന് പോലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഇപ്പോൾ പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയിൽ ജൂൺ ആറ് എന്ന് തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെയാണ് ആൾക്കാർ സമൂഹ മാധ്യമങ്ങളിൽ പ്രസ്തുത ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. കച്ചാ ബനിയൻ ഗ്യാംഗ് എന്ന പേരിൽ കുപ്രസിദ്ധി ആർജിച്ച ഉത്തരേന്ത്യൻ മോഷണ സംഘത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഇത്തരത്തിൽ ഒരു സംഭവം ആലപ്പുഴയിലോ കേരളത്തിലെ മറ്റ് ജില്ലകളിലോ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുമില്ല.മൈസൂരുവിലെ ഒരു ഗ്രാമപ്രദേശത്ത് നടന്ന മോഷണമാണെന്ന രീതിയിൽ ഈ വീഡിയോ കർണാടകയിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദ വിവരങ്ങൾ അറിയാൻ കേരള പോലീസ് കർണാടക പോലീസുമായും ബന്ധപ്പെട്ടു. ഇത്തരത്തിൽ ഒരു സംഭവം നടന്നതായി അവരും സ്ഥിരീകരിച്ചിട്ടില്ല.
സമീപകാലത്ത് ആലപ്പുഴ ജില്ലയിൽ കുറുവാ സംഘം ഉൾപ്പെട്ട മോഷണം നടന്നിരുന്നു. ഇതിൽ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം നഗരപരിധിയിലെ കുണ്ടന്നൂർ പാലത്തിന് താഴെ തമ്പടിച്ചിരുന്ന സംഘത്തെ അവിടത്തെ സിറ്റി പോലീസ് ഇടപെട്ട് ഒഴിപ്പിച്ചിരുന്നു. ഇതിനു ശേഷം കേരളത്തിൽ ഒരിടത്തും കുറുവാ സംഘത്തിന്റെ മോഷണം നടന്നിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനിടയിലാണ് പൊതു സമൂഹത്തിൽ ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ അരങ്ങേറുന്നത്.ഇത്തരം ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ യാഥാർഥ്യവും ആധികാരികതയും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണമെന്നാണ് പോലീസിന്റെ അറിയിപ്പ്.
കച്ചാ ബനിയൻ ഗ്യാംഗ് മുംബൈയിൽ ഇപ്പോഴും സജീവം
കച്ചാ ബനിയൻ ഗ്യാംഗ് എന്നത് പ്രധാനമായും മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘമാണ്. അവിടുത്തെ നഗര പ്രദേശങ്ങളിലും ചേരികളിലും ഇവർ സജീവമാണ്. മറ്റ് സംസ്ഥാനങ്ങളിലും എത്തി ഇവർ അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്.
സംഘമായി എത്തി മോഷണം നടത്തുന്നതിന് പുറമേ ആയുധ കടത്തിലും മയക്കുമരുന്ന് കടത്തിലും ഇവർ ഏർപ്പെട്ടിരിക്കുന്നു. അതിർത്തി രാജ്യങ്ങളിൽ നിന്നാണ് ഇവർക്ക് ആയുധവും മയക്കുമരുന്നും ലഭ്യമാകുന്നത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച നിരവധി പേർ സംഘത്തിലുണ്ട്. ഈ സംഘത്തിനെതിരേ പല തവണ മുംബൈ പോലീസ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇവരെ പൂർണമായും തുടച്ചു നീക്കാൻ അവിടത്തെ പോലീസിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ ഇടപെടലുകളും പിന്തുണയും തന്നെയാണ് ഇതിന് തടസമായി നിൽക്കുന്നത്.
തൃശൂർ: ഓണ്‍ലൈൻ തട്ടിപ്പുകൾക്കെതിരേ നിരന്തര മുന്നറിയിപ്പു നൽകുന്പോഴും ഇരകളാകുന്നവരുടെ എണ്ണത്തിൽ കുറവില്ല. വെർച്വൽ അറസ്റ്റ്, ബിറ്റ്കോയിൻ ട്രേഡിംഗ്, ഓഹരിവ്യാപാരം, പാർട്ട് ടൈം ജോലി, വിവിധ ടാസ്കുകൾ പൂർത്തിയാക്കൽ എന്നിങ്ങനെ പതിവുതട്ടിപ്പുകളിലൂടെ കഴിഞ്ഞ നാലാഴ്ചയ്ക്കിടെ പ്രായഭേദെമന്യേ വൈദികനടക്കം ഒന്‍പതുപേർക്കു നഷ്ടമായതു 3.39 കോടി.
തൃശൂർ സിറ്റി, റൂറൽ പോലീസ് പരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ നഷ്ടക്കണക്കുകളാണു പുറത്തുവന്നത്. പ്രമുഖ ബിസിനസ് പത്രത്തിലെ പരസ്യംകണ്ട് ഓഹരിവ്യാപാരത്തിന് ഇറങ്ങിയവരും തട്ടിപ്പുകാരുടെ ഇരയായി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ടെലഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് വിവിധ ടാസ്കുകൾ പൂർത്തിയാക്കിയാൽ മികച്ച വരുമാനം നൽകാമെന്നുപറഞ്ഞ് ദേശമംഗലം സ്വദേശിനിയായ അന്പത്തേഴുകാരിയിൽനിന്ന് 13,57,012 രൂപയാണ് തട്ടിയെടുത്തത്. ഇൻഫോസിസ് കന്പനിയുടമ നാരായണ്‍ മൂർത്തിയുടെ ആൽഗോ ട്രേഡിംഗ് പ്ലാറ്റ്ഫോംവഴി ബിറ്റ്കോയിൻ ട്രേഡിംഗിനു പണം ഇൻവെസ്റ്റ് ചെയ്തു ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വൈദികന്റെ പക്കൽനിന്ന് 72,13,900 രൂപയും പ്രമുഖ ഇംഗ്ലീഷ് ബിസിനസ് ദിനപത്രത്തിലെ പരസ്യംകണ്ട് ആകൃഷ്ടനായ കാറളം സ്വദേശിയായ അറുപതുകാരനെ ബിഐ ഗോൾഡ് സ്റ്റോക്ക് ഇൻവെസ്റ്റർ ഗ്രൂപ്പിൽ ചേർത്ത് 1,34,50,000 രൂപയും തട്ടിയെടുത്തു.
വിവിധ ടാസ്കുകൾ പൂർത്തിയാക്കിയും ഓഹരിവിപണിയിൽ വൻലാഭം വാഗ്ദാനംചെയ്തും നെല്ലുവായ് സദേശിയായ അന്പതുകാരന്റെ 11,83,000 രൂപയും പാടൂക്കാട് സ്വദേശിനിയായ യുവതിയുടെ 33,87,578 രൂപയും കുറ്റുമുക്ക് സ്വദേശിയായ യുവാവിന്റെ ഒരുലക്ഷം രൂപയും പുന്നംപറന്പ് സ്വദേശിയായ അന്പത്തൊന്നുകാരന്റെ 49,30,300 രൂപയും വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകളിലൂടെ ഉത്തർപ്രദേശിലുള്ള കന്പനിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനംചെയ്ത് ഒല്ലൂക്കര സ്വദേശിനിയായ യുവതിയുടെ 12,27,860 രൂപയും തട്ടിയെടുത്തു.
വെർച്വൽ അറസ്റ്റിനെതിരേ വ്യാപക മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് മുംബൈ ക്രൈം പോലീസ് എന്ന വ്യാജേന അയ്യന്തോൾ സ്വദേശിയായ അന്പത്തൊന്നുകാരന്റെ 10,59,338 ലക്ഷം രൂപ തട്ടിപ്പുകാർ കൈക്കലാക്കിയത്. ഗൂഗിൾ എസ്ഇഒ വെബ്സൈറ്റ് വഴി തരുന്ന ഉത്പന്നങ്ങളുടെ വിശദമായ റിവ്യൂ വരുന്നതു സമർപ്പിച്ചാൽ 66 ശതമാനം ലാഭം നൽകാമെന്നുപറഞ്ഞ് ഓട്ടുപാറ സ്വദേശിയായ യുവാവിന്റെയും പണം തട്ടിയെടുത്തു. തുകയെത്രയെന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഭാര്യക്ക് വീണ്ടും മര്‍ദനം: പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പ്രതി രാഹുല്‍ അറസ്റ്റില്‍
കോഴിക്കോട്: ഹൈക്കോടതി തീര്‍പ്പാക്കിയ പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് അറസ്റ്റില്‍. മര്‍ദനത്തെത്തുടർന്ന് ഭാര്യ നല്കിയ പരാതിയിൽ കൊലപാതകശ്രമം, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
നേരത്തേ രാഹുലിനെതിരായ ഗാര്‍ഹികപീഡനക്കേസുകള്‍ കോടതി തീര്‍പ്പാക്കുകയും ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ഗാര്‍ഹികപീഡനക്കേസ് റദ്ദാക്കി ഒരുമാസം പിന്നിടുമ്പോഴാണ് അടുത്ത കേസും വന്നിട്ടുള്ളത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണു രാഹുല്‍ ആംബുന്‍സില്‍ ഭാര്യയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍വച്ചും പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുവരുംവഴി ആംബുലന്‍സില്‍വച്ചും മര്‍ദിച്ചുവെന്നാണു യുവതി ആദ്യം മൊഴി നല്‍കിയത്. മുഖത്തും തലയ്ക്കും ചുണ്ടിനും ഇടതുകണ്ണിനും മുറിവേറ്റിട്ടുണ്ട്. രാത്രി പതിനൊന്നോടെ ഫറോക്ക് എസിപി എ.എം. സിദ്ദിഖിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ആശുപത്രിയില്‍ എത്തി.
തനിക്ക് പരാതി ഇല്ലെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്നും യുവതി പോലീസിനോടു പറഞ്ഞു. പരാതിയില്ലെന്നു പോലീസിനു എഴുതിനല്‍കുകയും ചെയ്തു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നതിനു സഹായിക്കണമെന്നും യുവതി പോലീസിനോടു പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് രാഹുലിനെ പാലാഴിയില്വച്ച് എസിപിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു. കരുതല്‍ തടങ്കല്‍ എന്ന നിലയ്ക്കാണു കസ്റ്റഡിയില്‍ എടുത്തത്.
മര്‍ദനമേറ്റ വിവരമറിഞ്ഞ് യുവതിയുടെ മാതാപിതാക്കള്‍ പലര്‍ച്ചെയോടെ എറണാകുളത്തുനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ഇതിനുശേഷമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രാഹുലും യുവതിയും തമ്മിലുള്ള വിവാഹവും അതിനുശേഷമുള്ള സംഭവങ്ങളും കോളിളക്കം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മേയ് അഞ്ചിനാണ് എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും ജര്‍മനിയില്‍ ഏറോനോട്ടിക്കല്‍ എന്‍ജിനിയറായ രാഹുലും ഗുരുവായൂരില്‍വച്ച് വിവാഹിതരായത്. ഒരാഴ്ച കഴിയും മുമ്പ് മേയ് പതിനൊന്നിന് രാഹുലിന്റെ വീട്ടില്‍വച്ച് യുവതിക്കു ഗുരുതരമായി മര്‍ദനമേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുളിമുറിയില്‍ വീണു പരിക്കേറ്റുവെന്നായിരുന്നു രാഹുലിന്റെ വീട്ടുകാര്‍ നല്കിയ മൊഴി. വിവാഹശേഷം വീടുകാണല്‍ ചടങ്ങിനെത്തിയ യുവതിയുടെ വീട്ടുകാര്‍ പരിക്കുകള്‍ കണ്ട് പന്തീരാങ്കാവ് പോലീസില്‍ പരാതിനല്‍കുകയായിരുന്നു. മര്‍ദനമേറ്റ് ബോധം നഷ്ടപ്പെട്ട യുവതിയെ രാഹുലും സുഹൃത്തുക്കളുമാണ് അന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. രാഹുലിനെതിരേ വധശ്രമമടക്കമുള്ള കുറ്റം ചുമത്തി പോലീസ് കേസെടുത്തു. എന്നാല്‍, പോലീസിലെ ചിലരുടെ സഹായത്തോടെ രാഹുല്‍ ജര്‍മനിയിലേക്കു കടന്നു. രാഹുലിനെ നാട്ടില്‍ എത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം കേരള പോലീസ് തേടിയ ഘട്ടത്തിലാണ് ഒരുമിച്ചു ജീവിക്കാന്‍ സന്നദ്ധരാണെന്നു കാണിച്ച് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
യുവതിയെ രാഹുലിനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയും ചെയ്തു. അതിനുശേഷം ഇവര്‍ ഒരുമിച്ചു കഴിഞ്ഞുവരികയായിരുന്നു. യുവതിക്ക് അന്നു മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതിനു പന്തീരാങ്കാവ് എസ്എച്ച്ഒയെയും സിവില്‍ പോലീസ് ഓഫീസറെയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. രാഹുലിന്റെ മാതാപിതാക്കള്‍ അടക്കം നാലു പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം: വയനാട് കൊല്ലി മൂലയിൽ ആദിവാസി കുടിലുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ടു ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ടി. കൃഷ്ണനെയാണ് ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍വസർവേറ്റർ കെ.എസ്. ദീപ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വളപട്ടണത്തെ കവർച്ച : പ്രതികളെ തപ്പി പോലീസ് ഇതരസംസ്ഥാനങ്ങളിലേക്ക്
കണ്ണൂർ: വളപട്ടണത്തെ അരി മൊത്തവ്യാപാരിയുടെ വീട്ടിൽനിന്നും ഒരു കോടി രൂപയും 300 പവൻ സ്വർണ- വജ്രാഭരണങ്ങളും മോഷണം പോയ സംഭവത്തിൽ പ്രതികളെ തപ്പി പോലീസ് ഇതരസംസ്ഥാനങ്ങളിലേക്ക്.
പ്രതികൾ ട്രെയിനിൽ രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിൽ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പോലീസ് സ്ക്വാഡുകൾ തിരിഞ്ഞ് അന്വേഷണത്തിനായി പുറപ്പെട്ടത്. കവർച്ച നടന്നത് വൈകി അറിഞ്ഞതും വളപട്ടണം റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഇല്ലാത്തതും പോലീസിനെ വെട്ടിലാക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെയും മറ്റു ജില്ലകളിലെയും മംഗളൂരു ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേയും പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവികൾ പോലീസ് പരിശോധിച്ച് വരികയാണ്. കൂടാതെ 19 മുതൽ 21 വരെ കവർച്ച നടന്ന വീടിന്റെ പരിസരങ്ങളിലെ ഫോൺകോളുകളുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ പ്രതികളെക്കുറിച്ച് യാതൊരു സൂചനയും പോലീസിനു ലഭിച്ചിട്ടില്ല.
അതേസമയം മോഷണം നടന്ന വീട്ടിൽ മോഷ്ടാക്കൾ രണ്ടു തവണ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 20ന് പുലർച്ചെ മോഷ്ടാവ് വീടിൽ പ്രവേശിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒരു കെട്ടുമായി പ്രതി പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ആദ്യതവണ ലൈറ്റ് ഓഫാക്കാതെ പോയ മോഷ്ടാവ് രണ്ടാം തവണയെത്തി ലൈറ്റ് ഓഫാക്കിയാണ് മടങ്ങിയത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്.
വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയായ ടി.പി. അഷറഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം വീട് പൂട്ടി തമിഴ്നാട്ടിൽ സുഹൃത്തിന്റെ കല്യാണത്തിനു പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച ഒരു കോടി രൂപയും 300 പവൻ സ്വർണ- വജ്രാഭരണങ്ങളും മോഷണംപോയ വിവരമറിഞ്ഞത്.
അക്ഷരം മ്യൂസിയം നാടിനു സമര്‍പ്പിച്ചു
കോട്ടയം: സഹകരണ വകുപ്പ് നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയമായ ‘അക്ഷരം’ മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാന്‍ ചിലര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍, അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകൂടിയായി മാറും അക്ഷരം മ്യൂസിയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മ്യൂസിയം പൂര്‍ണമാകുന്നതോടെ കേരളത്തിന്റെ സാംസ്കാരിക ചരിത്രവും ഭാഷാ ചരിത്രവും സാഹിത്യചരിത്രവും അടയാളപ്പെടുത്തപ്പെടും. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വര്‍ഷത്തില്‍ നമ്മുടെ ഭാഷയ്ക്ക് ഒരു മ്യൂസിയം ഒരുങ്ങുന്നു എന്നത് ഏറെ ശ്രദ്ധേയം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം. മുകുന്ദന് മുഖ്യമന്ത്രി സമര്‍പ്പിച്ചു. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു.
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് പി.കെ. ഹരികുമാര്‍ ആമുഖപ്രഭാഷണം നടത്തി. സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ടി. പദ്മനാഭന്, എം.കെ. സാനു, വി. മധുസൂദനന് നായര്‍, ഏഴാച്ചേരി രാമചന്ദ്രന്, ഡോ. എം.ആര്. രാഘവ വാര്യര്‍, തോമസ് ജേക്കബ്, മുരുകന് കാട്ടാക്കട, ഡോ. റിച് നെഗി, മൗമിത ധര്, മിനി ആന്റണി, ഡോ. വീണ എന്‍. മാധവന്, പി.കെ. ജയചന്ദ്രന്, പി.വി.കെ. പനയാല്‍ തുടങ്ങിയ നിരവധി പ്രമുഖരുള്‍പ്പെടെ വന്‍ ജനസഞ്ചയം പങ്കെടുത്തു.
ലെറ്റര്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ചു
അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി കോട്ടയത്തെ പ്രധാന സാംസ്കാരിക ചരിത്ര പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി അക്ഷരം ടൂറിസം സര്‍ക്യൂട്ട് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ കോളജായ സിഎംഎസ് കോളജ്, സിഎംഎസ് പ്രസ്, മലയാളത്തിലെ ആദ്യ പത്രമായ ദീപിക ഉള്‍പ്പെടെ ആദ്യകാല പത്രസ്ഥാപനങ്ങള്‍, പാഹ്ലവി ഭാഷയിലുള്ള ലിഖിതങ്ങള്‍ കൊത്തിവച്ച വലിയപള്ളി, ചരിത്ര രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന കുമാരനല്ലൂര്‍ ദേവീക്ഷേത്രം, ദേവലോകം അരമന, ലോകോത്തര മ്യൂറല്‍ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കര ക്ഷേത്രം, ഐതിഹ്യമാലയുടെ രചയിതാവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ സ്മാരകം, താഴത്തങ്ങാടി ജുമാ മസ്ജിദ്, മാന്നാനം സെന്റ് ജോസഫ് പ്രസ് എന്നിവയെല്ലാം ഈ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമാകും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നമ്മുടെ ഭാഷാ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് അവബോധം നല്‍കുന്നതാകും ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാഹിത്യകാരന്മാരുടെ ശബ്ദശേഖരം മ്യൂസിയത്തിന്റെ ഭാഗമാക്കണം: എം. മുകുന്ദന്
കോട്ടയം: പ്രശസ്തരായ സാഹിത്യകാരന്മാരുടെ ശബ്ദശേഖരം കൂടി അക്ഷരം ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയത്തിന്റെ ഭാഗമാക്കണമെന്ന് കഥാകൃത്ത് എം. മുകുന്ദന്. സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അക്ഷരങ്ങള്‍ നമ്മുടെ മരമാണെന്നും മലയാളി സമൂഹത്തിന്റെ അസ്തിവാരം അക്ഷരങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. അക്ഷരം ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയം സ്ഥാപിച്ചത് മഹത്തായ പുണ്യകര്‍മമാണെന്ന് സാഹിത്യകാരന് ടി. പത്മനാഭന് പറഞ്ഞു. മനുഷ്യന്റെ ജിജ്ഞാസയുടെ ചരിത്രമാണ് അക്ഷരം മ്യൂസിയം രൂപപ്പെട്ടതിന്റെ പിന്നിലെന്ന് പ്രഫ. എം.കെ. സാനു ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
ആദ്യം സംശയിച്ചു, പിന്നെ നാടൊന്നാകെ എത്തി
തൃശൂർ: പുലർച്ചെ വാതിലിൽ മുട്ടിയതും കോളിംഗ് ബെൽ അടിച്ചതും മോഷ്ടാക്കൾ ആണെന്ന ധാരണയിൽ ആദ്യം പുറത്തിറങ്ങാതിരുന്ന നാട്ടുകാർ തങ്ങളുടെ നാട്ടിൽ ഉണ്ടായ വലിയ അപകടം അറിഞ്ഞ ഉടൻ കൂട്ടത്തോടെ സഹായഹസ്തങ്ങളുമായി അപകടസ്ഥലത്തേക്ക് ഓടിയെത്തി. എന്നാൽ, ദാരുണമായ കാഴ്ചകൾ കണ്ട് എന്തുചെയ്യണം എന്നറിയാതെ പകച്ചുനിൽക്കേണ്ടിവന്നു ഇവർക്ക്.
അപകടമറിഞ്ഞ് ആദ്യം ഓടിയെത്തിയ നാട്ടുകാരും ആംബുലന്‍സ് ജീവനക്കാരും ദയനീയ രംഗംകണ്ട് നടുങ്ങി. പല കഷണങ്ങളായി ശരീരാവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആക്ട്സ് നമ്പറിലേക്കു വിളിച്ചു.
ദേശീയപാതയുടെ വിവിധയിടങ്ങളിൽ ക്യാമ്പ് ചെയ്തിരുന്ന 12 ആംബുലൻസുകൾ നിമിഷനേരം കൊണ്ട് അപകടസ്ഥലത്തേക്കു പാഞ്ഞെത്തി. പിന്നീട് ആംബുലൻസിലെ പ്രവർത്തകർ അടക്കമുള്ളവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ്കുമാർ
തിരുവനന്തപുരം: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ നാട്ടിക അപകടത്തിൽ കർശനനടപടിയുമായി ഗതാഗത വകുപ്പ്. ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തെന്നും ലോറി ഉടമയ്ക്കു നോട്ടീസ് നൽകുമെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. റോഡിൽ രാത്രിപരിശോധന കർശനമാക്കും. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ചുതീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോറി ഓടിച്ചതു മദ്യപിച്ച ക്ലീനറെന്നു സംശയം
തൃശൂർ: നാട്ടിക അപകടത്തിൽ ലോറി ഡ്രൈവർക്കും ക്ലീനർക്കും എതിരേ മനഃപൂർവമായ നരഹത്യക്കു കേസ്. ക്ലീനറാണു ലോറിയോടിച്ചതെന്നും അപകടത്തിനുശേഷം മണിക്കൂറുകളോളം ഇരുവരും മദ്യലഹരിയിലായിരുന്നെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. മാഹിയിൽനിന്നാണു മദ്യം വാങ്ങിയത്. മദ്യപിച്ചെന്നു വൈദ്യപരിശോധനയിലും തെളിഞ്ഞു.
കണ്ണൂരിൽനിന്നു ലോറിയുമായി പുറപ്പെട്ടപ്പോൾത്തന്നെ മദ്യപിച്ചിരുന്നെന്ന് ഇരുവരും പോലീസിനു മൊഴിനൽകി. ക്ലീനർ കണ്ണൂർ സ്വദേശി അലക്സിനു ലൈസൻസ് ഇല്ല. പൊന്നാനിയിൽവച്ചാണു അലക്സിനു ഡ്രൈവർ ജോസ് വണ്ടി കൈമാറിയത്.
ഡിവൈഡറും ബാരിക്കേഡും കാണാതെ അന്‍പതുമീറ്ററോളം മുന്നോട്ടുവന്നശേഷമാണ് ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചുകയറിയത്. വാഹനം മുന്പോട്ടെടുത്തു രക്ഷപ്പെടാൻ ശ്രമിച്ചെന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു പറഞ്ഞു.
പൊതുസ്ഥലത്ത് അന്തിയുറങ്ങുന്ന നാടോടികളുടെ വിവരം ശേഖരിക്കും. അപകടത്തിൽപെട്ട സംഘത്തോടു മാറിത്താമസിക്കാൻ പോലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നെന്നും സൂചനയുണ്ട്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
രക്ഷപ്പെടാൻ ശ്രമിച്ച ലോറിക്കാരെ പിടികൂടിയതു യുവാക്കൾ
തൃശൂർ: റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തു ലോറി കയറിയശേഷം ലോറിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും പിടികൂടിയതു സർവീസ് റോഡിൽ ഉണ്ടായിരുന്ന യുവാക്കൾ.
ഈ യുവാക്കൾ ഡ്രൈവറെയും ക്ലീനറെയും പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിടികൂടുമ്പോൾ ഇരുവരും മദ്യലഹരിയിലായിരുന്നു എന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. മദ്യപിച്ചു ലക്കുകെട്ട ഇരുവരും എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നു ദൃശ്യങ്ങളിൽ കാണാം.
അപകടം നടന്ന സമയത്തു ലോറി ഓടിച്ചിരുന്ന ക്ലീനർ അലക്സ് മുഖം പൊത്തി നിലത്തിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മദ്യപിച്ചു ബോധം നഷ്ടപ്പെട്ട ഇവരെ യുവാക്കൾ പിടിച്ചുനിർത്തുന്നതും ഇവരോടു കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരെ പിന്നീട് വലപ്പാട് പോലീസിനു കൈമാറുകയായിരുന്നു.
കുറ്റക്കാരെ വെറുതേ വിടില്ല: മന്ത്രി രാജൻ
തൃശൂർ: ഉറങ്ങിക്കിടന്നവരുടെ മേൽ ലോറികയറി അഞ്ചു പേർ മരിച്ച സംഭവത്തിൽ കുറ്റക്കാരെ വെറുതേവിടില്ലെന്നു മന്ത്രി കെ. രാജൻ. മനഃപൂർവമായ നരഹത്യക്കാണു കേസ്. പഴുതുകളില്ലാതെ നടപടിയെടുക്കാൻ നിർദേശം നൽകി. വാഹനമോടിച്ചവരുടെ ഭാഗത്താണു തെറ്റ്.
അപകടസ്ഥലത്ത് ആളുകൾ കിടന്നുറങ്ങാനുണ്ടായ സാഹചര്യം പരിശോധിക്കും. ഇതുസംബന്ധിച്ചു റിപ്പോർട്ട് വാങ്ങും. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും സർക്കാർചെലവിൽ നടത്തും. മൃതദേഹങ്ങൾ സർക്കാർവാഹനത്തിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നു കളക്ടർക്കു നിർദേശം നൽകി. സംസ്കാരത്തിനടക്കം സഹായം നൽകാൻ പാലക്കാട് ജില്ലാ കളക്ടറോടും നിർദേശിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കു ജില്ലാ ഭരണകൂടം മേൽനോട്ടം വഹിക്കും. രണ്ടുപേരുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
ജനറൽ ആശുപത്രിയിൽ കരൾപിളരും കാഴ്ചകൾ
തൃശൂർ: ഉണരാത്ത ഉറക്കത്തിലേക്കു പോയവരെ കണ്ട് വാവിട്ടുകരഞ്ഞ് ഉറ്റവർ. തൃശൂർ ജനറൽ ആശുപത്രി മോർച്ചറിക്കു മുന്നിലെ വരാന്തയിൽ പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നവർ. നാട്ടിക അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ട് വാവിട്ട് അലറിനിലവിളിക്കുന്നവരുടെ കാഴ്ചകൾ കരൾ പിളർക്കുന്നതായിരുന്നു.
ഒരു പകൽ മുഴുവൻ അലഞ്ഞുതിരിഞ്ഞു രാത്രിയിൽ അന്തിയുറങ്ങാനായി വഴിയരികിൽ രണ്ടുഭാഗത്തായി കിടക്കുമ്പോൾ ഒരുമിച്ചുണ്ടായിരുന്ന പലരും ഇന്നില്ല, ഇനി ഇല്ല എന്നോർത്ത് അവർ പൊട്ടിക്കരഞ്ഞു. ജ്യേഷ്ഠന്റെ കരച്ചിൽകേട്ട് എഴുന്നേൽക്കുമ്പോൾ കണ്ട കാഴ്ച ആരൊക്കെയോ ചതഞ്ഞരഞ്ഞു കിടക്കുന്നതായിരുന്നുവെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ യുവാവിനെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ വിതുമ്പി. പലരും സമനില തെറ്റിയവരെപ്പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
ജനറൽ ആശുപത്രി മോർച്ചറിക്കുമുന്നിൽ അപകടത്തിൽനിന്നു രക്ഷപ്പെട്ടവരെ ചേർത്തുപിടിച്ച് പ്രായമായ ആ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു: ഇനി റോഡിൽ തൂങ്ക വേണ്ട, വേറെ യെങ്കെയാവതു പടുക്കലാം..
ആക്രി പെറുക്കിവിറ്റും ചില്ലറജോലികൾ ചെയ്തും സ്ഥിരമായി റോഡരികിൽ അന്തിയുറങ്ങുന്ന ഇവർക്ക് ഇനി വഴിയോരങ്ങൾ പേടിപ്പെടുത്തുന്ന ഓർമകളാണ്. അതുകൊണ്ടാണ് ആ അമ്മ പറഞ്ഞത് ഇനി വഴിയരികിൽ കിടന്നുറങ്ങേണ്ട എന്ന്, വേറെ എവിടെയെങ്കിലും പോയി കിടക്കാമെന്ന്...
നാട്ടികയിൽ ഡിവൈഡറുകളും ബാരിക്കേഡുകളും നിരത്തി കയറുകൾ വലിച്ചുകെട്ടിയതിന് അപ്പുറത്ത് സുരക്ഷിതമായി രാത്രി കഴിച്ചുകൂട്ടാം എന്ന പ്രതീക്ഷയോടെ ഉറങ്ങാൻ കിടന്നവർക്കുമേലാണ് ദുരന്തം ഭ്രാന്തുപിടിച്ച ഒരു ലോറിയുടെ രൂപത്തിൽ കടന്നുവന്നത്.
അച്ഛൻ വാതിലുകൾ മുട്ടി; ആരും തുറന്നില്ല
മുളങ്കുന്നത്തുകാവ്: ഉറക്കത്തിൽ ലോറി പാഞ്ഞുകയറിയ മകന്റെ ശരീരത്തിൽനിന്നു പ്രാണൻ പോയിരുന്നില്ല, അച്ഛൻ നോക്കുന്പോൾ. പക്ഷേ, കുഞ്ഞിനെ ആശുപത്രിയിലാക്കാൻ ഒരു വാഹനവുമുണ്ടായിരുന്നില്ല. ഒരുവയസും രണ്ടുമാസവുംമാത്രം പ്രായമുള്ള വിശ്വ പിടയുന്നതുകണ്ട അച്ഛൻ രമേശ് അലമുറയിട്ടു വാഹനമന്വേഷിച്ച് തൊട്ടടുത്ത വീടുകളിലേക്ക് ഓടി. കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽമുട്ടിയിട്ടും ആരും തുറന്നില്ല.
കുറുവാ സംഘാംഗങ്ങളായ കവർച്ചക്കാർ പുലർച്ചെ കോളിംഗ് ബെൽ അടിക്കുമെന്നും സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പിനെത്തുടർന്നാണ് ആരും വാതിൽ തുറക്കാതിരുന്നത്. അവരാരും അപകടവിവരവും അറിഞ്ഞിരുന്നില്ല.
വാഹനങ്ങൾ കിട്ടാതെ വന്നതോടെ രമേശ് റോഡിന്റെ നടുവിൽ കയറിനിന്നു. ഇതോടെയാണു ചില വാഹനങ്ങൾ നിർത്തിയത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്റെ മൃതദേഹംകണ്ടു വിലപിക്കുന്ന അച്ഛനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.
“ഇങ്ങോട്ടൊരു വണ്ടിയും വരില്ലെന്നു കരുതി’’
സ്വന്തം ലേഖകൻ
തൃശൂർ: റോഡിൽ ബാരിക്കേഡുകളും ഡിവൈഡറുകളുമൊക്കെ വച്ചുമറച്ചതുകൊണ്ട് ഇങ്ങോട്ട് ഒരു വണ്ടിയും വരില്ലെന്നു കരുതിയാണു തന്പടിച്ചതെന്ന് അപകടത്തിൽനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു.
ആക്രി ശേഖരിക്കുന്നതിനിടെ ഗ്രൗണ്ടുകളിലോ വഴിവക്കിലോ കൂട്ടമായി കഴിയുകയാണു പതിവെന്നും ഏകാദശി പ്രമാണിച്ചു തൃപ്രയാറിലെ ഗ്രൗണ്ടിൽ പാർക്കിംഗ് ഏർപ്പെടുത്തിയതുകൊണ്ടാണ് ഹൈവേയിൽ റോഡുപണി നടക്കുന്ന സ്ഥലത്തേക്കു മാറിയതെന്നും ഇവർ പറഞ്ഞു.
വാഹനങ്ങൾ തിരിച്ചുവിടാൻ സ്ഥാപിച്ച ദിശാബോർഡും തെങ്ങിൻതടികളും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും തകർത്താണു ലോറി പാഞ്ഞുകയറിയത്.
പിഞ്ചുകുഞ്ഞ് അലറിക്കരഞ്ഞത് മദ്യലഹരിയിലായ അവർ കേട്ടില്ല
തൃശൂർ: പിഞ്ചുശരീരത്തിലൂടെ ലോറി കയറിയിറങ്ങിയപ്പോൾ അലറിവിളിച്ചതും, ഞെട്ടിയെഴുന്നേറ്റവർ വണ്ടിനിർത്താൻ ഉറക്കെ ആവശ്യപ്പെട്ടതും മദ്യലഹരിയിൽ ലോറിയോടിച്ച ക്ലീനറും തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ഡ്രൈവറും കേട്ടില്ല. എവിടെയോ തട്ടിയ വണ്ടി പിന്നോട്ടെടുത്തു വീണ്ടും പ്രിയപ്പെട്ടവരുടെ ശരീരത്തിലൂടെ കയറിപ്പോകുന്നതുകണ്ടു വാവിട്ടുകരയാനേ മറ്റുള്ളവർക്കു കഴിഞ്ഞുള്ളൂ. നിമിഷനേരംകൊണ്ടു റോഡ് ചോരക്കളമായി.
പ്രാണൻപോകുംമുന്പുള്ള കുഞ്ഞിന്റെ കരച്ചിലും ഗുരുതരമായി പരിക്കേറ്റവരുടെ നിലവിളിയുമെല്ലാം ഭയാനകമായിരുന്നെന്നു രക്ഷപ്പെട്ടവർ പറഞ്ഞു. മങ്ങിയ വെളിച്ചത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയവരും ചതഞ്ഞരഞ്ഞ ശരീരങ്ങൾ കണ്ട് നടുങ്ങി. എത്രപേർ കിടന്നുറങ്ങിയിരുന്നെന്നും എത്രപേർ മരിച്ചെന്നും ആർക്കും അറിവുണ്ടായിരുന്നില്ല.
മൃതദേഹാവശിഷ്ടങ്ങൾ റോഡിൽനിന്നു വലിച്ചെടുക്കേണ്ട സ്ഥിതി. ചതഞ്ഞരഞ്ഞ ശരീരഭാഗങ്ങൾ അറ്റുപോകാതെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും ശ്രമകരമായ ദൗത്യമായിരുന്നു.
ലോറി മുന്നോട്ടും പിന്നോട്ടും കയറിയിറങ്ങി
ഉറങ്ങിക്കിടന്നവരുടെ ശരീരത്തിലൂടെ ലോറി മുന്നോട്ടും പിന്നോട്ടും കയറിയിറങ്ങിയെന്നു പരിക്കേറ്റവർ പറഞ്ഞു. ആദ്യം ഇടിച്ചുകയറിയ ലോറി പിന്നോട്ടെടുത്തു.
വാഹനം എവിടെയാണു കയറിയതെന്നു ക്ലീനർക്കു മനസിലാകാതിരുന്നതാകാം കാരണമെന്നു സംശയിക്കുന്നു.
ജോസ് കെ. മാണി എംപിയുടെ മകൾ വിവാഹിതയായി
പാലാ: കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപിയുടെയും നിഷ ജോസിന്റെയും മകള്‍ റിതികയും കോട്ടയം കണിയാംകുളം ബിജു മാണിയുടെയും സിമി ബിജുവിന്റെയും മകന് കെവിനും വിവാഹിതരായി.
പാലായില്‍ നടന്ന വിവാഹ സത്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ റോഷി അഗസ്റ്റിന്, പി. പ്രസാദ്, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, ജി.ആര്. അനില്‍, കെ. രാജന്, വി. അബ്ദുറഹ്മാന്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജി, ജസ്റ്റീസ് ഏബ്രഹാം മാത്യു, ജസ്റ്റീസ് സിറിയക് ജോസഫ്, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്, സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു.
നിയമസഭാ സമുച്ചയത്തിൽ ഭരണഘടനാ വാർഷികം ആചരിച്ചു
തിരുവനന്തപുരം: ഭാരതത്തിന്റെ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വാർഷികദിനം നിയമസഭാ സമുച്ചയത്തിൽ ആഘോഷിച്ചു. നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ പദയാത്രയായി എത്തിയ അഞ്ഞൂറോളം പ്രവർത്തകർക്ക് സ്വീകരണം നൽകി. അവരും നിയമസഭാ ജീവനക്കാരും ഉൾപ്പെടെയുള്ളവർക്ക് സ്പീക്കർ എ.എൻ. ഷംസീർ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.
500 രൂപയ്ക്ക് ഇന്‍ഡസ്ട്രിയല്‍ വിസിറ്റുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസം ഭക്ഷണമുള്‍പ്പെടെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആര്‍ടിസി തുടക്കം കുറിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
ഉച്ചഭക്ഷണം ഉള്‍പ്പെടുന്ന ടൂറിന് 500 രൂപയില്‍ താഴെയായിരിക്കും ചാര്‍ജ്. രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനു പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്ത ഘട്ടത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ഈ സേവനം ലഭ്യമാക്കും.
112 കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശബരിമല ബജറ്റ് ടൂറിസം പദ്ധതിക്കും കെഎസ്ആര്‍ടിസിയില്‍ തുടക്കമായി. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിക്കുന്ന രീതിയിയിലായിരിക്കും സര്‍വീസ്. നിലവില്‍ പമ്പയില്‍ നന്നായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മതേതരത്വം മഹത്തരമാക്കാന്‍ ഭീകരവാദം പിഴുതെറിയണം: ഷെവ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ഇന്ത്യന്‍ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വം മഹത്തരമാണെന്നും രാജ്യത്തു നിരന്തരം ഭീഷണിയും വെല്ലുവിളികളുമുയര്‍ത്തുന്ന ഭീകരവാദ അജൻഡകളെ പിഴുതെറിയാന്‍ ജനാധിപത്യ വ്യവസ്ഥിതിയിലെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
കരുത്തു തെളിയിച്ച് ദക്ഷിണ നാവികസേന
കൊച്ചി: തീരസുരക്ഷയില് ദക്ഷിണ നാവികസേനയുടെ കരുത്ത് ഒരിക്കല്‍ക്കൂടി തെളിയിച്ച് പുറംകടലില്‍ അഭ്യാസപ്രകടനം. നാവികദിനാചരണത്തിന്റെ ഭാഗമായി പുറംകടലില്‍ പ്രതീകാത്മകമായി അവതരിപ്പിച്ച രക്ഷാദൗത്യവും ചെറുത്തുനില്‍പ്പും കൊച്ചിതീരം നാവികസേനയുടെ കൈകളില്‍ എത്രത്തോളം ഭദ്രമെന്ന് തെളിയിക്കുന്നതായി.
നാവികസേനയുടെ ‘ഐഎന്‍എസ് സുജാത’യും ‘ഐഎന്‍എസ് ഷാര്‍ദുലും’ അഭ്യാസപ്രകടനത്തില്‍ പങ്കാളികളായി. ഇന്നലെ രാവിലെ പുറംകടലില്‍ നടന്ന പ്രകടനത്തില്‍ കടല്‍ക്കൊള്ളക്കാരെ നേരിടുന്നതും അത്യാവശ്യഘട്ടങ്ങളില്‍ നല്‍കേണ്ട മെഡിക്കല്‍ സേവനങ്ങളും മറ്റും നാവികസേന അവതരിപ്പിച്ചു. പുറംകടലിലേക്കു പോകവേ ‘ഐഎന്‍എസ് സുജാത’യുടെ നേര്‍ക്ക് കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതാണ് ആദ്യം അവതരിപ്പിച്ചത്.
കൊള്ളക്കാരുടെ ചീറിപ്പാഞ്ഞുള്ള വരവ് അറിയിച്ചുകൊണ്ട് ഡെക്കില്‍നിന്നും ക്യാപ്റ്റന്റെ സന്ദേശമെത്തി. തുടര്‍ന്ന് വെടിയുതിര്‍ക്കുന്നതും കടല്‍ക്കൊള്ളക്കാരെ തുരത്തുന്നതും അവതരിപ്പിച്ചു. ഇതിനിടെ ‘സുജാത’യുടെ ഒപ്പം പുറകടലിലേക്കു പുറപ്പെട്ട ‘ഐഎന്‍എസ് ഷാര്‍ദുല്‍’ പ്രതീകാത്മകമായി മിസൈല്‍ ആക്രമണത്തിനിരയായെന്ന വിവരമെത്തി. പിന്നീട് പുറംകടലില്‍ പെട്ടുപോയ കപ്പലിനെ രക്ഷപ്പെടുത്തുന്ന ടോയിംഗ് അവതരിപ്പിച്ചു.
ആകാശമാര്‍ഗം ആക്രമണമുണ്ടായേക്കുമെന്ന മുന്നറിയിപ്പില്‍ നിമിഷങ്ങള്‍ക്കകം ആന്റി എയര്‍ ക്രാഫ്റ്റ് സജ്ജമാക്കി. 180 ഡിഗ്രിയില്‍ തിരിയാനും ശത്രുവിമാനങ്ങളെ വെടിവച്ചിടാനും ആന്റി എയര്‍ ക്രാഫ്റ്റിനു സാധിക്കും. എയര്‍ക്രാഫ്റ്റും ലക്ഷ്യത്തിലേക്ക് പ്രതീകാത്മകമായി നിറകളൊഴിച്ചു.
‘ഐഎന്‍എസ് സുജാത’യിലേക്ക് ചേതക്ക് ഹെലികോപ്റ്റര്‍ തൊട്ടൊരുമ്മി പറക്കുകയും അവശ്യസാധനങ്ങള്‍ നല്കി മടങ്ങുന്നതും അസുഖബാധിതരെയും ആയുധങ്ങളും മറ്റും മറ്റൊരു നാവികകപ്പലിലേക്ക് കയര്‍ കെട്ടി മാറ്റുന്ന സ്മോള്‍ ജാക്ക് സ്റ്റേയും അവതരിപ്പിച്ചു.
ഉപതെരഞ്ഞെടുപ്പ് പരാജയം : ബിജെപി ജില്ലാ പ്രസിഡന്റുമാരോട് റിപ്പോർട്ട് തേടി സംസ്ഥാന നേതൃത്വം
കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാന്‍ ബിജെപി. ഉപതെരഞ്ഞെടുപ്പുകള്‍ നടന്ന പാലക്കാട്, തൃശൂര്‍, വയനാട് എന്നിവിടങ്ങളിലെ ജില്ലാ പ്രസിഡന്റുമാര്‍ പരാജയകാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നിര്‍ദേശം നല്കി.
അടുത്ത മാസം പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മതിയെന്നും കൊച്ചിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സുരേന്ദ്രന് പറഞ്ഞു.
അതേസമയം, പാലക്കാട്ടെ തോല്‍വിക്കുശേഷം നടന്ന ബിജെപിയുടെ ആദ്യ സംഘടനായോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ പി.കെ. കൃഷ്ണദാസും എം.ടി. രമേശും എ.എന്‍. രാധാകൃഷ്ണനും പങ്കെടുത്തില്ല. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം കൃഷ്ണദാസ് പക്ഷം ഉന്നയിച്ച പശ്ചാത്തലത്തിലാണു പ്രധാന നേതാക്കള്‍ വിട്ടുനിന്നത്. എന്നാൽ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രന് യോഗത്തിനെത്തി.
യോഗത്തില്‍ 14 പേര് വന്നില്ലെന്നും എല്ലാ യോഗത്തിലും നൂറു ശതമാനം ആളുകള്‍ എത്താറില്ലെന്നുമായിരുന്നു കെ.സുരേന്ദ്രന് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. എം.ടി. രമേശിനും കൃഷ്ണദാസിനും എ.എന്‍. രാധാകൃഷ്ണനും ഒരു ഗ്രൂപ്പുമില്ല. അവര്‍ക്ക് ബിജെപി എന്ന ഗ്രൂപ്പ് മാത്രമേയുള്ളൂവെന്നും സുരേന്ദ്രന് പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ അസോ. അവാർഡ് ലിസ തോമസിന്
കോതമംഗലം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ രാജ്യത്തെ ഏറ്റവും മികച്ച ബ്രാഞ്ച് പ്രസിഡന്റിനുള്ള അവാര്‍ഡ് ഐഎംഎ കോതമംഗലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. ലിസ തോമസിന്. ഇതേ കാറ്റഗറിയിലുള്ള ഡോ. എന്‍.കെ. തോമസ് വൈദ്യന് മെമ്മോറിയല്‍ സംസ്ഥാന അവാര്‍ഡും ഔട്ട് സ്റ്റാന്‍ഡിംഗ് ലീഡര്‍ഷിപ്പ് അവാര്‍ഡും ലിസയ്ക്കായിരുന്നു.
കോതമംഗലം ധ൪മഗിരി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധയാണ് ലിസ. ചാത്തമറ്റം കാക്കത്തോട്ടത്തിൽ പ്രഫ. കെ.പി. തോമസ്- സൂസി ദമ്പതികളുടെ മകളും ചേലാട് മറ്റമന കമാന്‍ഡര്‍ ബിജോയ് ഏലിയാസിന്റെ ഭാര്യയുമാണ്.
വേമ്പനാട് കായൽ കൈയേറ്റം: പ്രത്യേക ബെഞ്ച് രൂപീകരിക്കും
കൊച്ചി: വേമ്പനാട് കായലിലെ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കും. 2016ല്‍ കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവേയാണു പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്.
വേമ്പനാട് കായല്‍ തീരം വ്യാപകമായി കൈയേറ്റം ചെയ്യപ്പെടുന്നതായി സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം കളക്ടര്‍മാരും വൈക്കം അസി. തഹസില്‍ദാറും നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. എറണാകുളം ജില്ലയില്‍ വേമ്പനാട് കായലിന്റെ തീരം പങ്കിടുന്ന കൊച്ചി കോര്പറേഷന്, മരട് മുനിസിപ്പാലിറ്റി, പത്ത് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധിയിലാണ് കൈയേറ്റം നടന്നതായി പരാതിയുള്ളത്. തീരപരിപാലന നിയമ ലംഘനത്തിനു പുറമെ നെല്‍വയല്‍ സംരക്ഷണനിയമം, ഫയര്‍ ആന്‍ഡ് സേഫ്റ്റി നിയമം എന്നിവ ലംഘിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു.
കോട്ടയം ജില്ലയില്‍ കുമരകം വില്ലേജിലും വൈക്കം മേഖലയിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് കീഴിലുമാണ് കൈയേറ്റമുണ്ടായിട്ടുള്ളത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് പൊളിച്ചുനീക്കിയ പാണാവള്ളി നെടിയതുരുത്ത് കാപികോ റിസോര്‍ട്ടും വാമിക റിസോര്‍ട്ടുമാണ് ആലപ്പുഴ ജില്ലയില്‍ വേമ്പനാട് കായല്‍ കൈയേറിയവരുടെ പട്ടികയിലുള്ളത്.
ബിജെപി അലവലാതി പാർട്ടിയായി മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ
ചേർത്തല: കേഡർ പാർട്ടിയായ ബിജെപി അലവലാതി പാർട്ടിയായി മാറിയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാളെടുത്തവരെല്ലാം ബിജെപിയിൽ വെളിച്ചപ്പെടായി മാറുകയാണ്. ഇത്തരം പ്രവണത വളർന്നുവരുന്നത് ശരിയല്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കാര്യപ്രാപ്തിയെ കുറിച്ച് അറിയില്ല. പാർട്ടിയിലെ വിഷങ്ങൾ ഉന്നയിക്കേണ്ടത് പരസ്യമായല്ല. എന്നാൽ, ഇപ്പോൾ മൈക്കും വച്ചുകെട്ടി പറയുന്ന രീതിയാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം ഇ.പി. ജയരാജന്റെ പേരിൽ പുസ്തക വിവാദം ഉയർത്തിയത് അന്തർനാടകമാണ്. ഇപി യുടെ അനുമതിയില്ലാതെ പുസ്തകം പുറത്തിറക്കാനാവില്ല. ഇപിയെയും ഇടതുപക്ഷത്തെയും തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റുപറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇംപ്രസാറിയോ മിസ് കേരള മത്സരം: രജിസ്ട്രേഷന് ആരംഭിച്ചു
കൊച്ചി: ഇംപ്രസാറിയോ മിസ് കേരള 2024 മത്സരങ്ങളുടെ ആദ്യഘട്ട രജിസ്ട്രേഷന് ആരംഭിച്ചു. 1999ല്‍ ആരംഭിച്ച മിസ് കേരള മത്സരം 25-ാം വര്‍ഷത്തിലേക്കാണ് പ്രവേശിക്കുന്നത്.
രണ്ടു പതിറ്റാണ്ടിലേറെയായി ഇംപ്രസാറിയോ ഇവന്റ് മാനേജ്മെന്റ് കമ്പനി സംഘടിപ്പിക്കുന്ന മിസ് കേരളയിലൂടെ മോഡലിംഗ്, സിനിമ ഉള്‍പ്പെടെ നിരവധി മലയാളി പെണ്‍കുട്ടികള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
മലയാള സിനിമാ, മോഡലിംഗ് രംഗത്തെ പ്രതിഭകളായ രഞ്ജിനി ഹരിദാസ്, റിമ കല്ലിങ്കല്‍, ദീപ്തി സതി, ഗായത്രി സുരേഷ്, റിനു മാത്യൂസ്, തന്വി റാം, രോഹിണി മറിയം ഇടിക്കുള തുടങ്ങിയവര്‍ മിസ് കേരള വേദിയിലൂടെ തുടക്കം കുറിച്ചവരാണ്.
പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള അഞ്ചടി രണ്ടിഞ്ചിന് മീതെ ഉയരമുള്ള മാതാപിതാക്കളില്‍ ഒരാളെങ്കിലും മലയാളിയായ പെണ്‍കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.misskerala.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9567964888 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.
ഇ.പി. ജയരാജന്റെ ആത്മകഥ; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
കോട്ടയം: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ അച്ചടിക്കുന്നതിന് ഡിസി ബുക്സുമായി രേഖാമൂലമുള്ള കരാര്‍ ഉണ്ടായിരുന്നില്ലെന്ന് സിഇഒ രവി ഡിസി കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിനു മൊഴി നല്കി.
വിദേശത്തായിരുന്ന രവി ഡിസി തിരിച്ചെത്തിയിട്ടും മൊഴി നല്കാന് വൈകിയതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കോട്ടയം ഡിവൈഎസ്പി ഓഫീസിലെത്തിയ രവിയുടെ മൊഴിയെടുക്കല്‍ രണ്ടു മണിക്കൂര്‍ നീണ്ടു. മൊഴി നല്‍കിയതിനെക്കുറിച്ചോ പുസ്തക വിവാദത്തെക്കുറിച്ചോ കൂടുതല്‍ പ്രതികരിക്കാന്‍ രവി ഡിസി ആദ്യം തയാറായില്ലെങ്കിലും പിന്നീട് ഡിസി ബുക്സിന്റെ വിശദീകരണമെത്തി.
ജയരാജന് ഡിജിപിക്കു നല്കിയ പരാതി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിനു കൈമാറിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം.
കോട്ടയത്തെ ഡിസി ബുക്സ് ഹെഡ് ഓഫീസിലെത്തി ജീവനക്കാരില്‍നിന്ന് ആദ്യ മൊഴിയെടുത്തപ്പോൾ പുസ്തകം അച്ചടിക്കാന്‍ രേഖാമൂലം കരാര്‍ ഉണ്ടായിരുന്നില്ലെന്ന വിവരം ലഭിച്ചിരുന്നു. രവി ഡിസിയുടെ മൊഴിയെടുത്തതിനെത്തുടർന്ന് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കോട്ടയം എസ്പി കൈമാറി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടര്‍ അന്വേഷണം വേണമോയെന്നു ഡിജിപി തീരുമാനിക്കും. ഇ.പി. ജയരാജനുമായി വാക്കാല്‍ കരാറുണ്ടായിരുന്നുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡിസി ബുക്സ്.
പബ്ലിക്കേഷൻസ് വിഭാഗം മേധാവിക്ക് സസ്പെൻഷൻ
കോട്ടയം: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. ജയരാജന്റെ പരാതിയിൽ രവി ഡിസിയിൽനിന്ന് പോലീസ് മൊഴിയെടുത്തതിനു പിന്നാലെയാണ് നടപടി.
പൂട്ടിക്കിടന്ന വീട്ടിൽ വൻകവർച്ച ; മോഷണംപോയത് മൂന്നുകോടി
കണ്ണൂർ: വളപട്ടണം മന്നയിൽ അരിമൊത്ത വ്യാപാരിയുടെ പൂട്ടിയിട്ട വീട്ടിൽനിന്നു മോഷ്ടാക്കൾ കവർന്നത് ഒരുകോടി രൂപയും 300 പവനിലധികം വരുന്ന സ്വർണ-വജ്രാഭരണങ്ങളും.
അരിമൊത്ത വ്യാപാര സ്ഥാപനമായ അഷറഫ് ട്രേഡേഴ്സ് ഉടമ കെ.പി. അഷറഫിന്റെ മന്ന-വളപട്ടണം മെയിൻ റോഡിനോട് ചേർന്ന വീട്ടിലാണു കവർച്ച നടന്നത്. വീടിന്റെ പിന്നിലെ കിടപ്പുമുറിയുടെ ജനലിന്റെ ഗ്രിൽ അടർത്തിയെടുത്താണ് മോഷ്ടാക്കൾ വീടിനകത്തു കടന്നത്.
കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണു മോഷണം പോയത്. ഏകദേശം മൂന്നു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു.
20ന് രാത്രി എട്ടിനും 21ന് പുലർച്ചെ നാലിനും ഇടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ 19ന് രാവിലെ അഷറഫും കുടുംബവും വീടുപൂട്ടി മധുരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിന് പോയതായിരുന്നു. ഞായറാഴ്ച രാത്രി 9.15 ഓടെ വീട്ടിൽ തിരിച്ചെത്തി നോക്കിയപ്പോഴാണു മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
സെൻട്രൽ ഹാളിന് സമീപത്തെ ലോക്കറും മറ്റും സൂക്ഷിച്ച കിടപ്പുമുറിയുടെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറി നോക്കിയപ്പോഴാണു ലോക്കർ തുറന്ന് കിടക്കുന്നതായും സമീപത്തെ അലമാരയിൽനിന്നു സാധനങ്ങൾ വലിച്ചുവാരി താഴെയിട്ടതായും കണ്ടത്. വീട്ടിലെ എല്ലാ മുറിയിലെയും അലമാരയിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു.
അലമാര കുത്തിത്തുറന്ന് ലോക്കറിന്റെ താക്കോൽ മോഷ്ടാക്കൾ കൈക്കലാക്കിയാണു മോഷണം നടത്തിയത്. ഉടൻ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയും സിഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി പരിശോധന നടത്തുകയും ചെയ്തു.
കവർന്നത് സ്വർണവും വജ്രാഭരണങ്ങളും കണ്ണൂർ: അഷറഫിന്റെ ഉമ്മയുടെയും ഭാര്യയുടെയും സഹോദരിയുടെയും മാതൃസഹോദരിയുടെയും മറ്റും സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ഉമ്മയുടെ 50 പവൻ തൂക്കം വരുന്ന 33 സ്വർണ വളകളും 46 പവൻ വരുന്ന ആറു സ്വർണമാലകളും ഒരു പവൻ തൂക്കം വരുന്ന ഏഴു ഗോൾഡ് കോയിനുകളും സഹോദരി ഫാത്തിമ അഫ്സയുടെ 100 പവൻ തൂക്കം വരുന്ന ഡയമണ്ട് നെക്ലേസും അഞ്ചു പവൻ വീതം തൂക്കം വരുന്ന മൂന്നു ചെറിയ ഡയമണ്ട് നെക്ലേസുകളും 25 പവൻ തൂക്കം വരുന്ന 10 ഡയമണ്ട് വളകളും അഞ്ചു പവന്റെ ഒരു പേർഷ്യൻ സ്റ്റോൺ മാലയും 42 പവൻ തൂക്കം വരുന്ന 21 സ്വർണ വളകളും ഒരുപവൻ വീതം തൂക്കമുള്ള മൂന്ന് പ്ലാറ്റിനം ചെയിനുകളും 50 പവൻ സ്വർണാഭരണങ്ങളുമാണ് നഷ്ടമായത്.
പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു പേർ മതിൽ ചാടി അകത്ത് കടക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂർ റൂറൽ എസ്പി അനൂജ് പരിവാളിന്റെ നേതൃത്വത്തിൽ വീടും പരിസരവും പരിശോധന നടത്തി. പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുറത്തുവന്ന ലൈംഗിക പീഡന കേസില്‍ നടന് ബാബുരാജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
അടിമാലി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബാബുരാജ് 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് ഹൈക്കോടതി നടപടി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആള് ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ബാബുരാജിന്റെ ഉടമസ്ഥതയില്‍ ഇടുക്കിയിലുള്ള റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയാണ് പരാതിക്കാരി. 2018-19 കാലഘട്ടത്തില്‍ പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. തുടര്‍ന്ന് അടിമാലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ യുവതിയോട് അടുത്ത സൗഹൃദമായിരുന്നുവെന്നും ബലപ്രയോഗമുണ്ടായിട്ടില്ലെന്നുമാണ് ബാബുരാജ് വാദിച്ചത്. സൗഹൃദം തുടര്‍ന്ന യുവതി 2023 വരെ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും ബാബുരാജ് കോടതി അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണവുമായി സഹകരിക്കണം എന്ന വ്യവസ്ഥയോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
ജിസ്മോന് സണ്ണി ലോഗോസ് പ്രതിഭ
കൊച്ചി: കെസിബിസി ബൈബിൾ സൊസൈറ്റി നടത്തിയ 24-ാമത് അഖിലേന്ത്യ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ കോതമംഗലം രൂപതയില്‍നിന്നുള്ള ജിസ്മോന് സണ്ണി ലോഗോസ് പ്രതിഭയായി. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമെന്നറിയപ്പെടുന്ന ലോഗോസിൽ നാലര ലക്ഷത്തോളം പേരാണ് ഇക്കുറി പങ്കെടുത്തത്.
പതിനൊന്നുകാരനായ ജിസ്മോന്, കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
അതിരൂപതതല മത്സരങ്ങൾക്കുശേഷം 600 പേരെയാണ് രണ്ടാം റൗണ്ടിലേക്കു തെരഞ്ഞെടുത്തത്. ഇതിൽനിന്ന് ആറു പ്രായവിഭാഗങ്ങളിലെ ജേതാക്കൾ മാറ്റുരച്ച ഗ്രാൻഡ് ഫിനാലെ റൗണ്ടിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണു ജിസ്മോൻ ലോഗോസ് പ്രതിഭയായത്.
സ്വര്‍ണമെഡലും 65,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയുമാണ് ലോഗോസ് പ്രതിഭയ്ക്കു ലഭിച്ചത്. ലോഗോസിൽ എ വിഭാഗത്തിലെ ജേതാവായാണു ജിസ്മോൻ ഗ്രാൻഡ് ഫിനാലെയിലെത്തിയത്.
മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: ബി - ലിയ ട്രീസാ സുനില്‍ (താമരശേരി), സി- ലിസ് മരിയ തോമസ് (പാലാ), ഡി - ഷിബു തോമസ് (മൂവാറ്റുപുഴ), ഇ- ബീന ഡേവിസ് (ഇരിങ്ങാലക്കുട) എഫ് - ആനി ജോര്‍ജ് (തൃശൂര്‍). വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു.
ലോഗോസ് ബൈബിൾ ക്വിസിൽ ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച ആദ്യ മൂന്നു സ്ഥാനക്കാർക്കുള്ള അവാര്‍ഡുകള്‍ എറണാകുളം - അങ്കമാലി, തൃശൂര്‍, പാലാ രൂപതകൾ നേടി. ഏറ്റവും കൂടുതല്‍ മത്സരാർഥികളെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള പുരസ്കാരം ഓച്ചന്തുരുത്ത്, കുറവിലങ്ങാട്, അങ്കമാലി എന്നിവയ്ക്കാണ്.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളില്‍ നടന്ന ലോഗോസ് ബൈബിൾ ക്വിസിൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മത്സരാർഥികൾ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ വിജയികള്‍ക്കു പുരസ്കാരങ്ങൾ നൽകി.
ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ജോയ് പാലയ്ക്കല്‍, വൈസ് ചെയര്മാന് ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷി വിഭാഗത്തിൽ ജാസ്മിന് ജോസ് ഒന്നാമത്
ലോഗോസ് ബൈബിൾ ക്വിസിൽ ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല ഫൈനലില്‍ തൃശൂര്‍ അതിരൂപതയിലെ ജാസ്മിന് ജോസ് ഒന്നാം സ്ഥാനം നേടി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസില്‍ ഇരിങ്ങാലക്കുട രൂപതയിലെ സിനി ജോണ്‍, ഗോഡ്സണ്‍ ബേബി, സാറ ബേബി എന്നിവരുടെ കുടുംബത്തിനാണ് ഒന്നാം സ്ഥാനം.
ജയ്സി കൊലപാതകം: ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനും യുവതിയും അറസ്റ്റില്‍
കൊച്ചി: കൂനംതൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജയ്സി ഏബ്രഹാമിനെ (55) കൊലപ്പെടുത്തിയ കേസില്‍ ഇവരുടെ സുഹൃത്തുക്കളായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് തൃക്കാക്കര മൈത്രിപുരം റോഡില്‍ 11/347 എ യില്‍ ഗിരീഷ് ബാബു(42), എറണാകുളം തൃപ്പൂണിത്തുറ എരൂര്‍ കല്ലുവിള വീട്ടില്‍ ഖദീജ എന്ന പ്രബിത (42) എന്നിവരെയാണ് ഞായറാഴ്ച കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ജെയ്സിയുടെ സുഹൃത്തായിരുന്ന ഗിരീഷ് ഇവരുടെ വീട്ടില്‍ വച്ചാണ് ഖദീജയെ പരിചയപ്പെടുന്നത്. ഇവര്‍ ക്രമേണ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുക്കുന്നതിനാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഗിരീഷ് ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തത്. ഖദീജ ഗൂഢാലോചനയില്‍ പങ്കാളിയായി. കളമശേരി ഇന്‍സ്പെക്ടര്‍ എം.ബി.ലത്തീഫിന്റെ നേതൃത്വത്തില്‍ 15 അംഗ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ജെയ്സിയുടെ പക്കല്‍ നിന്ന് അപഹരിച്ച രണ്ട് സ്വര്‍ണ വളകളും രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഖദീജയുടെ വീട്ടില്‍ വച്ച് പദ്ധതി തയാറാക്കി ഏകദേശം രണ്ടു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഗിരീഷ് കൊല നടത്തിയതെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദത്യ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അര ലക്ഷത്തിലധികം രൂപ ഗിരീഷ്കുമാറിന് ശമ്പളം ലഭിച്ചിരുന്നെങ്കിലും ലോണ്‍ ആപ്, ക്രെഡിറ്റ് കാര്‍ഡ് വഴി വലിയൊരു തുകയുടെ സാമ്പത്തിക ബാധ്യത ഇയാള്‍ക്കുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജെയ്സിയുടെ പക്കല്‍ നല്ല സാമ്പത്തികം ഉണ്ടാകുമെന്നായിരുന്നു ഇയാളുടെ ധാരണ.
കൊലയ്ക്ക് മുന്നോടിയായി ഗിരീഷ് ബാബു രണ്ടുവട്ടം ട്രയല്‍ നടത്തി ജെയ്സിയുടെ ഫ്ളാറ്റിനു സമീപം വരെ വന്നുപോയി. എംസിഎ ബിരുദധാരിയായ ഇയാള്‍ സിസിടിവി ഇല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് നല്ല പ്ലാനിംഗ് നടത്തിയാണ് കൃത്യം നടപ്പാക്കിയത്.
17 ന് രാവിലെ സഹോദരന്റെ ബൈക്കില്‍ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപമുള്ള വീട്ടില്‍ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെ സഞ്ചരിച്ച് ഉണിച്ചിറ പൈപ്പ് ലെയിന്‍ റോഡിലെത്തി. അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകള്‍ മാറി കയറിയാണ് ജെയ്സിയുടെ ഫ്ളാറ്റിലെത്തിയത്.