നാട്ടിക അപകടം: ഡ്രൈവറും ക്ലീനറും റിമാൻഡിൽ
Thursday, November 28, 2024 2:27 AM IST
തൃശൂർ: മദ്യലഹരിയിൽ ലോറി ഓടിച്ച് നാട്ടികയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വാഹനമോടിച്ച ക്ലീനറെയും ഡ്രൈവറെയും കോടതി റിമാൻഡു്ചെയ്തു.
അപകടസമയത്തു വണ്ടിയോടിച്ചിരുന്ന ക്ലീനർ കണ്ണൂർ ആലക്കോട് ഏഴിയാക്കുന്നേൽ അലക്സ് (38), ഡ്രൈവർ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ ചാമക്കാലയിൽ ജോസ് (ബെന്നി - 54) എന്നിവരെയാണ് റിമാൻഡു ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ടു ദിവസത്തിനകം അപേക്ഷ നൽകുമെന്നു പോലീസ് അറിയിച്ചു.
മദ്യലഹരിയിൽ വരുത്തിയ ദുരന്തം എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. മനഃപൂർവമായ നരഹത്യക്കാണു പോലീസ് കേസെടുത്തിട്ടുള്ളത്. അപകടത്തെത്തുടർന്ന് ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കിയിരുന്നു.
തങ്ങൾ മദ്യലഹരിയിലായിരുന്നുവെന്നു പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മദ്യലഹരിയിൽ ഇരുപതു സെക്കൻഡ് കണ്ണടഞ്ഞുപോയെന്നാണു വാഹനമോടിച്ചിരുന്ന ക്ലീനർ അലക്സിന്റെ മൊഴി. അലക്സിനു ഡ്രൈവിംഗ് ലൈസൻസുമുണ്ടായിരുന്നില്ല.
വാഹനം എന്തിലോ തട്ടിയെന്നു തോന്നിയപ്പോൾ വെട്ടിച്ചെന്നും അപ്പോഴാണ് നിലവിളി കേട്ടതെന്നും തുടർന്നു രക്ഷപ്പെടാൻ നോക്കിയെന്നുമാണ് ക്ലീനറുടെ മൊഴി. മാഹിയിൽനിന്നു മദ്യം വാങ്ങി യാത്രയ്ക്കിടെ മദ്യപിച്ചുകൊണ്ടിരുന്നു. പൊന്നാനിയെത്തിയപ്പോൾ ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. തുടർന്നാണ് താൻ വാഹനമോടിക്കാൻ തുടങ്ങിയതെന്നും ക്ലീനർ പോലീസിനു മൊഴിനൽകിയിട്ടുണ്ട്.
രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു
അഞ്ചു പേരുടെ മരണത്തിനിടയാക്കിയ നാട്ടിക ലോറി അപകടത്തിൽ പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.
ചിത്ര, ജാൻസി എന്നിവരാണ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്നത്. ഇവർക്കു ചിലപ്പോൾ ഒരു ശസ്ത്രക്രിയകൂടി വേണ്ടിവരുമെന്നു ഡോക്ടർമാർ സൂചന നൽകിയിട്ടുണ്ട്.
പരിക്കേറ്റ് ചികിത്സയിലുള്ള മറ്റുള്ളവർ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.