"മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യും' ; ഭീഷണിയുമായി കെ. സുരേന്ദ്രൻ
Thursday, November 28, 2024 3:01 AM IST
പത്തനംതിട്ട: ബിജെപിക്കെതിരേ വാർത്ത നൽകിയ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഭീഷണി.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം തിരികെ മടങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകർക്കു നേരേ സുരേന്ദ്രന്റെ ഭീഷണി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിനു ശേഷം ചില മാധ്യമപ്രവർത്തകർ ബിജെപിയെ അവഹേളിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകുകയാണെന്നു പറഞ്ഞ സുരേന്ദ്രൻ അത്തരക്കാരെ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
“നൂറുക്കണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേയ്ക്കാൻ കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം നെറികേടുകൾ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല”-സുരേന്ദ്രൻ പറഞ്ഞു.
കള്ളവാർത്തകൾ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളവർ, ഏത് കൊമ്പത്തിരിക്കുന്നവരാണെങ്കിലും അവരെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ പരസ്യ പ്രസ്താവനയെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് സുരേന്ദ്രൻ ഒഴിഞ്ഞുമാറി.
അപക്വമായ പ്രതികരണം: കെയുഡബ്ല്യുജെ
മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഭീഷണിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.
രാജ്യത്തെ ഏതു രാഷ്ട്രീയപാർട്ടിയിൽ പ്രശ്നങ്ങളുണ്ടായാലും മാധ്യമങ്ങൾ വാർത്തയാക്കാറുണ്ട്. രാജ്യം ഭരിക്കുന്ന പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സ്വാഭാവികമായി അതു കൂടുതൽ ചർച്ച ചെയ്യപ്പെടും.
സ്വന്തം നില മറന്നുകൊണ്ടുള്ള അപക്വമായ പ്രതികരണമാണ് സുരേന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത്തരം ഫാസിസ്റ്റ് സമീപനം കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയിൽ പറഞ്ഞു.