കടയടച്ചു പ്രതിഷേധിച്ചു
1480608
Wednesday, November 20, 2024 7:08 AM IST
മങ്കൊമ്പ്: സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കുട്ടനാട് താലൂക്കിലെ റേഷൻ വ്യാപാരികൾ കടകളടച്ചു പ്രതിഷേധിച്ചു. കഴിഞ്ഞ രണ്ടുമാസങ്ങളിലെ വേതനം വിതരണം ചെയ്യുക, വേതനപാക്കേജ് കാലാനുസൃമായി പരിഷ്കരിക്കുക, കെടിപിഡിഎസ് ആക്ടിലെ വ്യാപാര ദ്രോഹ നടപടികൾ തിരുത്തുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക, ഭക്ഷ്യയോഗ്യമായ ധാന്യങ്ങൾ വിതരണത്തിനെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സമരത്തിന്റെ ഭാഗമായി താലൂക്കാസ്ഥാനത്തിലേക്ക് പ്രകടനവും, ധർണയും നടത്തി.
സംയുക്ത സമരസമിതി സംസ്ഥാന വൈസ് ചെയർമാൻ ജോസ് കാവനാട് ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ എം. വിശ്വനാഥപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേന്ദ്ര കുമാർ, ജോർജ് തോമസ്, തോമസ് മാത്യു, എൻ.കെ. വേണുഗോപാൽ, ഷാജി ജോസഫ്, രാജു കട്ടത്തറ എന്നിവർ പ്രസംഗിച്ചു.