തിരുനാൾ
1482693
Thursday, November 28, 2024 5:16 AM IST
മരിയാപുരം പള്ളിയില്‍ തിരുനാൾ
എടത്വ: മരിയാപുരം മേരിമാതാ പള്ളിയില്‍ പരിശുദ്ധ കന്യക മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ഡിസംബര്‍ ഒന്നുമുതല്‍ എട്ടുവരെ നടക്കും. ഡിസംബര്‍ ഒന്നിന് രാവിലെ 6.30ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും.
പരുമല വി. ഫ്രാൻസിസ് സേവ്യറിന്റെ പള്ളിയിൽ തിരുനാൾ
മാന്നാർ: പരുമല സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ പള്ളിയിൽ പാദുകാവൽ തിരുനാളിന് 29ന് കൊടിയേറി മൂന്നിന് സമാപിക്കുമെന്ന് വികാരി ഫാ. എം.വി. ബെനറ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഭാരതത്തിലെ പ്രഥമ രൂപതയായ കൊല്ലം രൂപതയുടെ വടക്കേ അതിർത്തിയിൽ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ പള്ളി ഇരട്ട തിരുശേഷിപ്പുകളുടെ അനുഗ്രഹസാന്നിധ്യമുള്ള കൊല്ലം രൂപതയിലെ ഏക ദേവാലയമാണ്.
29ന് വൈകിട്ട് അഞ്ചിന് വികാരി ഫാ. ബെനറ്റ് എം.വി കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് ഡിസംബർ മൂന്നുവരെ എല്ലാ ദിവസവും രാവിലെയും വൈകിട്ടും തിരുക്കർമങ്ങൾ നടക്കും. ഒന്നിന് ഉച്ചയ്ക്ക് 12ന് വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് നടതുറക്കൽ, തിരുശേഷിപ്പ് പ്രദിക്ഷിണം. തിരുശേഷിപ്പ് പരസ്യവണക്കത്തിനും ദർശനത്തിനും വിശ്വാസികൾക്ക് സൗകര്യം ഒരുക്കും. തുടർന്ന് അടിമസമർപ്പണം.
മൂന്നാന് രാവിലെ 10.30ന് തിരുനാൾ സമൂഹബലി, വൈകിട്ട് മൂന്നിന് സമാപന പ്രദിക്ഷിണത്തോടെ കൊടിയിറങ്ങും. തിരുനാൾ കമ്മിറ്റി കൺവീനർ ജിബി കെ. ജോസ്, ടി.എം. ജയിംസ് തുണ്ടുപറമ്പിൽ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.