കുരിശടി തകർത്ത നിലയിൽ
1482414
Wednesday, November 27, 2024 5:14 AM IST
മുഹമ്മ: എസ്.എൽ. പുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ തെക്കേ കുരിശടി കഴിഞ്ഞ രാത്രി സാമൂഹ്യ വിരുദ്ധർ തകർത്തു. കല്ലെറിഞ്ഞ് ഗ്ലാസുകൾ തകർത്ത നിലയിലാണ് കാണപ്പെട്ടത്. രൂപക്കൂടിന്റെ രണ്ടു വശങ്ങളിലെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ കീഴിലുള്ള ദേവാലയമാണിത്.
കല്ലേറിൽ വിശുദ്ധ അന്തോണീസിന്റെ രൂപം മറിഞ്ഞുവീണ നിലയിലായിരുന്നു. നേർച്ചപ്പെട്ടി തുറക്കാൻ ശ്രമിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രി 12നാണ് സംഭവമെന്ന് നാട്ടുകാർ പറയുന്നു. കല്ലേറിന്റെ ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടിരുന്നു. രണ്ടു പേർ ഓടിപ്പോകുന്നതു കണ്ടതായി നാട്ടുകാർ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ കുരിശടി സന്ദർശിച്ചു. മാരാരിക്കുളം പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ധരും ഫോറൻസിക് ടീമും സ്ഥലത്തെത്തി വിശദമായ പരിശേധന നടത്തി. കല്ലുകൾ രൂപക്കൂടിനുള്ളിൽ കിടപ്പുണ്ട്.
മേഖലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. പി. പി. ചിത്തരഞ്ചൻ എംഎൽഎയും മുഹമ്മ സെന്റ് ജോർജ് ഫൊറോന വികാരി ഫാ.ആന്റണി കാട്ടുപ്പാറയും കുരിശടി സന്ദർശിച്ചു.