ദേശീയ ക്ഷീരദിനാഘോഷം: മിൽമ സന്ദർശിച്ച് വിദ്യാർഥികൾ
1482293
Tuesday, November 26, 2024 7:33 AM IST
അമ്പലപ്പുഴ: കേരളം കണി കണ്ടുണരുന്ന മിൽമയുടെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടതിന്റെ അദ്ഭുതത്തിലും സന്തോഷത്തിലും വിദ്യാർഥികൾ. ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായാണ് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പുന്നപ്ര മിൽമാ ഡെയറി സന്ദർശിക്കാൻ മിൽമ അവസരമൊരുക്കിയത്. ഇന്നലെ രാവിലെ 10 മുതലാണ് സന്ദർശനം ആരംഭിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികളാണ് മിൽമ സന്ദർശിക്കാനെത്തിയത്.
പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിൽനിന്നു സംഭരിക്കുന്ന പാൽ ഡെയറിയിൽ പാസ്ചറൈസ് ചെയ്ത് രോഗാണു വിമുക്തമാക്കി യന്ത്രസഹാത്തോടെ പായ്ക്ക് ചെയ്ത് വിപണിയിൽ എത്തിക്കുന്നതു വരെയുള്ള വിവിധ ഘട്ടങ്ങൾ സന്ദർശകർക്കു നേരിൽ കണ്ടു മനസിലാക്കാനായി. മിൽമയുടെ മറ്റ് ഉത്പന്നങ്ങളായ നെയ്യ്, തൈര് എന്നിവ ഉത്പാദിപ്പിക്കുന്നതും ഡെയറിയുടെ ദൈനംദിന പ്രവർത്തനങ്ങൾ കണ്ട് മനസിലാകാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഡയറിയുടെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് വിശദീകരിച്ചു.
മിൽമയുടെ വിവിധ ഉത്പന്നങ്ങളായ നെയ്യ്, തൈര്, ഐസ്ക്രീം, പേഡ, പനീർ, ബട്ടർ, ഗുലാബ്ജാമുൻ, ചോക്കലേറ്റുകൾ, സിപ് അപ്പ്, മാംഗോ ജ്യൂസ്, ഫ്ലേവേർഡ് മിൽക്ക്,കേക്കുകൾ തുടങ്ങിയവ മിതമായ നിരക്കിൽ പ്രത്യേക സ്റ്റാളുകളിൽനിന്നു ലഭ്യമായിരുന്നു.
മാർക്കറ്റിംഗ് സെൽ യൂണിറ്റ് മേധാവി അനുഷ ടി.എ, സെൻട്രൽ പ്രോഡക്ട്സ് ഡെയറി യൂണിറ്റ് മേധാവി ശ്യാമാ കൃഷ്ണൻ, മാർക്കറ്റിംഗ് സെൽ അസിസ്റ്റൻ്റ് മാർക്കറ്റിംഗ് ഓഫീസർമാരായ അഖിൽ. എസ്.കുമാർ, കൃഷ്ണപ്രിയ.കെ, സജിന ടി.കെ. എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്. മിൽമ സന്ദർശിക്കാനുള്ള അവസരം ഇന്നും ഉണ്ടാകുമെന്ന് മാർക്കറ്റിംഗ് സെൽ യൂണിറ്റ് മേധാവി അനുഷ ടി.എ. പറഞ്ഞു.
പ്രതിദിനം 1,05,000 ലിറ്റർ പാലാണ് പുന്നപ്ര മിൽമ ഡെയറിയിൽനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. 5,000 ലിറ്റർ തൈര് പ്രതിദിനവും 30,000 ലിറ്റർ നെയ്യ് പ്രതിമാസവും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.