തിരുവല്ലയിൽ ഉപേക്ഷിച്ച കൗമാരക്കാരനെ ചൈൽഡ് ലൈനിനു കൈമാറി
1482697
Thursday, November 28, 2024 5:16 AM IST
ചെങ്ങന്നൂർ: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട 14കാരനെ ആർപിഎഫ് ഉദ്യോഗസ്ഥർ ചൈൽഡ് ലൈനിനു കൈമാറി. ഹൈദരാബാദ്, പുരാനാപൂൾ ദാദുപൂർ- കിസാൻബക്കിൽ മുഹമ്മദ് ഫ്രാൻ (14) എന്ന കൗമാരക്കാരനെയാണ് സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ നാലോടെ റെയിൽവേ സ്റ്റേഷനിൽ ശബരിമല സ്പെഷൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ എസ്. സുനിൽകുമാർ ആണ് ആദ്യം കൗമാരക്കാരനെ ശ്രദ്ധിച്ചത്. ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്ന കൗമാരക്കാരനെ സ്റ്റേഷൻ മാസ്റ്ററുടെ പക്കൽ ഏൽപ്പിച്ചശേഷം വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ഹൈദരാബാദിൽനിന്ന് മൂന്നു പേർ ഒരുമാസം മുമ്പുതന്നെ തിരുവല്ലയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കെത്തിച്ചതാണെന്നും ഒരു മാസത്തെ ജോലിക്കുശേഷം തന്നെ ഉപേക്ഷിച്ചുവെന്നും കൗമാരക്കാരൻ പറഞ്ഞു.
തുടർന്ന് ചെങ്ങന്നൂർ ആർപിഎഫ് സിഐ എ.പി. വേണു, എഎസ്ഐ ഗിരികുമാർ, സിപിഒ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർക്ക് കൗമാരക്കാരനെ കൈമാറി.