യാത്രക്കാരുടെ നടുവൊടിച്ച് പള്ളത്തുപടി-കളീക്കൽപ്പടി റോഡ്
1482294
Tuesday, November 26, 2024 7:33 AM IST
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ-പാണ്ടനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പള്ളത്തുപടി-കളീക്കൽപ്പടി റോഡ് ദശകങ്ങളായി തകർന്നുകിടക്കുന്നു. പ്രളയത്തിനു ശേഷം റോഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായി. നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല. ടാർ ഇളകി, കുഴികളും പൊത്തുകളുമായി നിറഞ്ഞ റോഡിൽ സഞ്ചരിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്ന റോഡാണിത്. പലപ്പോഴും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട് ഇവിടെ. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയിൽ റോഡിലൂടെ സഞ്ചരിക്കുകയെന്നത് ഏറെ പ്രയാസകരമാണ്. റോഡിന്റെ അവസ്ഥ മൂലം രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നത് വലിയ പ്രതിസന്ധിയാണ്. നിരവധി തവണ പരാതി നൽകിയിട്ടും ഫലമില്ലാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
പൊതുമരാമത്ത് മന്ത്രിക്കും ജില്ലാ പഞ്ചായത്ത് അധികൃതർക്കും നിവേദനങ്ങൾ നൽകിയിട്ടും പ്രശ്നത്തിന് പരിഹാരം കണ്ടത്താൽ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡ് അടിയന്തരമായി പുനർനിർമിക്കുന്നതിനുള്ള നടപടി അധികൃതർ കൈകൊണ്ടില്ലായെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.