കരുമാടി സൊസൈറ്റിയിലേത് ഗുരുതര അഴിമതി; വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ്
1482396
Wednesday, November 27, 2024 4:58 AM IST
അമ്പലപ്പുഴ: കരുമാടി സർവീസ് സഹകരണ സംഘത്തിൽ നടന്നിട്ടുള്ള ഗുരുതര അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
സഹകരണ സംഘത്തിൽ അംഗമായിട്ടുള്ള അനേകം സഹകാരികളുടെ പണം അധികാരത്തിന്റെ തിണ്ണമിടുക്കിൽ സംഘം ഭരണസമിതിയും ബാങ്കിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് കൊള്ളയടിച്ചത് സഹകരണ മേഖലയിലെ ഉന്നതരുടെ അറിവോടെയാണെന്നു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. എ. ഹാമിദ് ആരോപിച്ചു.
ബാങ്കിലെ മുൻ ജീവനക്കാരി റിട്ടയർമെന്റ് ആനുകൂല്യത്തിനായി റോഡരികിൽ സത്യഗ്രഹമിരിക്കേണ്ടിവന്നിട്ടും പോലീസ് സ്റ്റേഷനിൽ കേസുകൊടുക്കേണ്ട സാഹചര്യമുണ്ടായിട്ടും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നിസംഗത തുടരുന്നത് ഗുരുതരവീഴ്ചയാണ്.
സഹകരണ മേഖലയിൽ വിശ്വാസമർപ്പിച്ച സഹകാരികളെയും പൊതുജങ്ങളെയും വഞ്ചിച്ച ഇടതുപക്ഷ ഭരണസമിതിയെ പിരിച്ചുവിട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്നും സമരം നടത്തുന്ന മുൻ ജീവനക്കാരിയുടെ ആനുകൂല്യങ്ങൾ അടിയന്തരമായി കൊടുത്തുതീർക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
കരുമാടി സർവീസ് സഹകരണ ബാങ്കിനു മുന്നിൽ മുൻ ജീവനക്കാരി തുളസി നടത്തുന്ന സമരത്തിൽ ബ്ലോക്ക് പ്രസിഡന്റ് ടി. എ. ഹാമിദ്, എ.ആർ. കണ്ണൻ, ആർ.ശ്രീകുമാർ, എം.സോമൻപിള്ള തുടങ്ങിയ കോൺഗ്രസ് നേതാക്കൾ സംബന്ധിക്കുകയും സമരത്തിന് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.