ഒറ്റപ്പാലം താലൂക്ക് ആശുപത്രി കാന്റീനു ശനിദശ ഒഴിയുന്നില്ല
1482633
Thursday, November 28, 2024 4:09 AM IST
ഒറ്റപ്പാലം: അടച്ചിട്ട താലൂക്ക് ആശുപത്രി കാന്റീൻ വീണ്ടും തുറന്നുവെങ്കിലും ഏതുനിമിഷവും ഇനിയും പൂട്ടുവീഴാം. കാന്റീൻ നടത്തിപ്പിനാവശ്യമായ സാഹചര്യങ്ങളില്ലാത്തത് തന്നെയാണു ഇതിനുകാരണം.
കഴിഞ്ഞ ദിവസം നഗരസഭാധ്യക്ഷ കെ. ജാനകീദേവി കരാറുകാരനുമായി നടത്തിയ ചർച്ചയ്ക്കുശേഷം കാന്റീൻ തുറന്നിരുന്നു. പ്രവർത്തനംതുടങ്ങി ഒന്നരമാസം കഴിഞ്ഞിട്ടും നഗരസഭ ലൈസൻസ്പോലും അനുവദിച്ചില്ലെന്ന് ആരോപിച്ചും താലൂക്കാശുപത്രി സൂപ്രണ്ടിന്റെ നടപടികളിൽ പ്രതിഷേധിച്ചുമാണ് കരാറുകാരൻ കാന്റീൻ പൂട്ടിയത്.
തുടർന്ന്, ചെയർപേഴ്സൺ ഇടപെടുകയായിരുന്നു. ലൈസൻസിന്റെ നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും ഉടൻ അനുവദിക്കുമെന്നും ചെയർപേഴ്സൺ കരാറുകാരനെ അറിയിച്ചു. പുറത്തെ ഹോട്ടലുകളിൽനിന്ന് വാർഡുകളിൽ ഭക്ഷണമെത്തിച്ച് വിതരണം ചെയ്യുന്നതിനു കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
പത്തുമാസത്തെ അടച്ചിടലിനൊടുവിൽ കഴിഞ്ഞമാസം പത്തിനാണ് കാന്റീൻ വീണ്ടും പ്രവർത്തനം തുടങ്ങിയത്. പ്രതിമാസം 27,000 രൂപയാണ് വാടക.
നേരത്തേ 55,000 രൂപയായിരുന്ന പ്രതിമാസവാടകയ്ക്ക് കാന്റീൻ ഏറ്റെടുക്കാൻ ആളെ കിട്ടാതായതോടെയാണ് വാടക കുറച്ചത്. കാന്റീൻ അടച്ചിട്ടത് ആശുപത്രിയിലെത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയുംഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.