കർഷകസമരം ശക്തമാക്കി റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ
1482632
Thursday, November 28, 2024 4:09 AM IST
വടക്കഞ്ചേരി: റബർ വിലയിടിവിനെതിരേ വില്പന നിർത്തിവച്ചുള്ള ഉപരോധ സമരം ശക്തമാക്കി റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ.
ഒരുകിലോ റബറിന്റെ ഉത്പാദന ചെലവ് 200 രൂപയാണെന്നിരിക്കെ അതുപോലും ലഭിക്കാതെ കർഷകരെയും ഉത്പാദക സംഘങ്ങളെയും ദ്രോഹിക്കുന്ന നടപടിക്കെതിരേയാണ് പുതിയ സമരമുറകൾ ആരംഭിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഉത്പാദന ചെലവ് ലഭിക്കാതെ വില്പനയില്ല എന്ന കാമ്പയിനാണ് കർഷകർക്കിടയിൽ നടത്തുന്നത്. സമരത്തിന്റെ പ്രചരണാർഥം റബർബോർഡ് റീജണുകളുടെ കീഴിലുള്ള ഉത്പാദക സംഘങ്ങളെ സംഘടിപ്പിച്ച് കൺവൻഷനുകളും വാഹനപ്രചാരണ ജാഥകളും പോസ്റ്റർ നോട്ടീസ് പ്രചാരണവും കേരളമാകെ സംഘടിപ്പിക്കും. റബർവില 200 രൂപക്ക് മുകളിലാകുംവരെ ഈ കാമ്പയിൻ തുടരും.
ടയർ കമ്പനികൾ ലോക മാർക്കറ്റിൽനിന്നും കിലോയ്ക്ക് ശരാശരി 210 രൂപ നിരക്കിൽ റബർ ഇറക്കുമതി ചെയ്ത് സംഭരണശാലകൾ നിറച്ചിരിക്കുകയാണ്. ഇതിൽ ടയർ കമ്പനികൾക്കുണ്ടായ ബിസിനസ് നഷ്ടം കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനമാണ് ഇപ്പോൾ നടത്തുന്നത്. സ്വാഭാവിക റബറിന്റെ വില കുറച്ച് നഷ്ടം ലഘൂകരിക്കുന്നതന്ത്രമാണ് വിപണിയിൽ നടക്കുന്നത്.
അന്താരാഷ്ട്ര വില 200 രൂപയ്ക്ക് മുകളിൽ തുടരുമ്പോഴും കേരളത്തിലെ കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് റബർ സംഭരിച്ച് വിപണിയിൽ ഇടപെടാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയാറാകുന്നുമില്ല. ലക്ഷകണക്കിനുവരുന്ന റബർ കർഷകരെ ആറോ ഏഴോ ടയർ വ്യവസായികളുടെ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ അടിയന്തിരമായി റബർ സംഭരണം പുനരാരംഭിക്കണം.
സംസ്ഥാന സർക്കാരിന്റെ ഉത്തേജക പാക്കേജ് വില 180 രൂപയിൽ നിന്ന് 250 രൂപയാക്കി ഉയർത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വൻതോതിൽ കോമ്പൗണ്ട് റബർ ഇറക്കുമതി ചെയ്ത് ടയർ കമ്പനികൾ സർക്കാരിനെയും കർഷകരെയും ഒരുപോലെ വഞ്ചിക്കുകയാണ്. 47 ശതമാനത്തിൽ കൂടുതലാണ് കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി. സ്വാഭാവിക റബറിന്റെ 25 ശതമാനം ഇറക്കുമതി തീരുക മറികടന്നാണ് കോമ്പൗണ്ട് റബർ ഇത്രയേറെ ഇറക്കുമതി ചെയ്തിട്ടുള്ളത്. സർക്കാരും ഈ പകൽ കൊള്ളക്ക് കൂട്ടുനിൽക്കുന്നു എന്നത് കർഷക വഞ്ചനയാണ്.
ഈ കള്ളകളികൾ റബർ കർഷകരെ ബോധ്യപ്പെടുത്തും. സമരപരിപാടികളുടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ഡിസംബർ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് എളവമ്പാടം ആർപിഎസ് ഹാളിൽ ആർപിസ് ഭാരവാഹികളുടെ യോഗം ചേരും.
പാലക്കാട് റീജണൽ ഫെഡറേഷന്റെ വാർഷിക പൊതുയോഗവും നടക്കുമെന്ന് പ്രസിഡന്റ് പി.വി. ബാബു, സെക്രട്ടറി എ. പ്രഭാകരൻ എന്നിവർ അറിയിച്ചു. ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ആന്റണി വേങ്ങാപ്പിള്ളിയും യോഗത്തിൽ പങ്കെടുക്കും.