കടപ്പാറ വനം റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആദിവാസികളടക്കം അഞ്ചുപേർക്കു പരിക്ക്
1482627
Thursday, November 28, 2024 4:09 AM IST
മംഗലംഡാം: കടപ്പാറയ്ക്കടുത്ത് വനത്തിനകത്തേക്കുള്ള തളികക്കല്ല് റോഡിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരായ ആദിവാസികൾക്കും ഓട്ടോഡ്രൈവർക്കും പരിക്കേറ്റു.
വനത്തിനുള്ളിലുള്ള തളികകല്ല് ആദിവാസി കോളനിയിലെ പൊന്നൻ (80), ഭാര്യ പാഞ്ചാലി, ബന്ധുവായ യുവാവ്, ഒരു കുട്ടി, ഓട്ടോ ഡ്രൈവർ കടപ്പാറ ആന്റണി (68) എന്നിവർക്കാണു പരിക്കേറ്റത്.
ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പൊന്നനേയും ഭാര്യ പാഞ്ചാലിയേയും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി. ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു അപകടം.
തളികകല്ല് കോളനിയിൽനിന്നും പോത്തൻതോട് പാലംകടന്ന് തിപ്പിലിക്കയം ഇറക്കത്തിലാണ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിഞ്ഞത്.
കുത്തനെയുള്ള ഇറക്കത്തിൽ പലതവണ റോഡിൽ മറിഞ്ഞ ഓട്ടോറിക്ഷ ഒടുവിൽ സമീപത്തെ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാട്ടുപന്നി കറുകെ ഓടിയതിനെതുടർന്നാണ് ഓട്ടോ നിയന്ത്രണം വിട്ടതെന്നു ചികിത്സയിലുള്ള ഡ്രൈവർ ആന്റണി പറഞ്ഞു.
മംഗലംഡാമിലേക്ക് മരുന്നുവാങ്ങാൻ വരികയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവർ. ഓട്ടോയിലുണ്ടായിരുന്ന പൊന്നന്റെ ബന്ധുവായ യുവാവ് കടപ്പാറയിലുള്ള ആളുകളെ വിവരം അറിയിച്ച് അവിടെ നിന്നുള്ളവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥിരമായി മലകയറി പോകുന്ന ഓട്ടോയാണു അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.