ഒറ്റപ്പാലം- കിഴൂർ റോഡിൽ അറ്റകുറ്റപ്പണികൾ ഊർജിതം
1482614
Thursday, November 28, 2024 3:50 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം- കിഴൂർ റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാവും. റോഡ് നവീകരണത്തിനു കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തിലാണു കുഴികളടയ്ക്കുന്നതടക്കമുള്ള പ്രവൃത്തികൾ ചെയ്യുന്നത്.
കിഴൂർമുതൽ ഒറ്റപ്പാലംവരെയുള്ള 11 കിലോമീറ്റർ ദൂരത്തിലാണ് കുഴികളടയ്ക്കൽ. കിഴൂർ പാലത്തിനുസമീപത്തുനിന്നു തുടങ്ങിയ പ്രവൃത്തി കോതകുറുശ്ശി കവലവരെയെത്തിയതോടെ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമായി.
കുഴികളടച്ച് ടാറിംഗ് നടത്താനാണു നിർദേശം നൽകിയതെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു.
ജില്ലയിലെ രണ്ട് പ്രധാന നഗരസഭകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ പല ഭാഗങ്ങളും യാത്രചെയ്യാൻപോലും പറ്റാത്തവിധം തകർന്നുകിടക്കുകയാണ്.
കിഴൂർ സെന്റർ, കോതകുറുശ്ശി സെന്റർ, അനങ്ങനടി പഞ്ചായത്തിനു മുൻവശം, പെട്രോൾപമ്പിനു സമീപം, പനമണ്ണ, വരോട്, തോട്ടക്കര തുടങ്ങി നിരവധി സ്ഥലങ്ങളിലാണു റോഡിന്റെ തകർച്ച പൂർണമായത്.
ചില സ്ഥലങ്ങളിൽ ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ സംഭവിക്കുന്നതു പതിവായി മാറിയിരുന്നു. പല ഭാഗങ്ങളും റോഡേത് കുഴിയേത് എന്നറിയാത്ത സ്ഥിതിയുമുണ്ട്.
രാഷ്ട്രീയസംഘടനകളും ബസുടമ, തൊഴിലാളികളുടെ സംഘടനകളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാതയുടെ നവീകരണത്തിന്റെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തികൾ ഒരുമാസത്തിനകം തുടങ്ങും.