വൈദ്യുതിലൈനിലേക്കു തെങ്ങ് മറിച്ചിട്ട് കാട്ടാനക്കലി
1482626
Thursday, November 28, 2024 4:09 AM IST
വടക്കഞ്ചേരി: വൈദ്യുതി ലൈനിലേക്കു തെങ്ങ് മറിച്ചിട്ട് കാട്ടാനയുടെ ക്രൂരവിനോദം. ആനയുടെ മുന്നിലകപ്പെട്ട അമ്മയും മകനും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.
കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര പ്രദേശമായ പനംകുറ്റി കരടിയള 25 എസ്റ്റേറ്റ് അതിർത്തിയിലുള്ള വലിയ തെങ്ങാണ് വൈദ്യുതി ലൈനിലേക്കു മറിച്ചിട്ടത്. ഇന്നലെ അതിരാവിലെയായിരുന്നു സംഭവം.
ഈ സമയം റബർടാപ്പിംഗിനായി കുന്നേൽ എസ്റ്റേറ്റിലേക്ക് നടന്നുപോയിരുന്ന കരടിയളയിലെ രമേഷ് (25) അമ്മ മറുതായ് (60) എന്നിവർ വളവുതിരിഞ്ഞ് എത്തിയത് ആനയുടെ മുന്നിലായിരുന്നു. പേടിച്ച് പുറകോട്ടുമാറി ഇവർ രക്ഷപ്പെട്ടു.
പാഞ്ഞടുക്കാതെ ആന മാറിപ്പോയതും ഭാഗ്യമായി. കുന്നേൽ എസ്റ്റേറ്റിനും 25 എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലാണു സംഭവം. വലിയ മോഴയാനയായിരുന്നെന്നു രമേഷ് പറഞ്ഞു. സമീപത്തെ ഷാജൻ എന്നയാളെ വിളിച്ചുപറഞ്ഞ് ഇയാൾവഴിയാണ് കെഎസ്ഇബിക്ക് വിവരംനൽകി ലൈൻ ഓഫാക്കിയത്.
തെങ്ങ് ലൈനിലേക്കുമറിച്ചിട്ട് അതിലെ പട്ടകൾ ഒടിക്കുന്നതിനിടെ ആനക്ക് ഷോക്കേറ്റിട്ടുണ്ടെന്നാണ് സംശയം. ചൊവ്വാഴ്ച രാത്രി കരടിയളയിൽ കാട്ടുകൊമ്പൻ ഇറങ്ങി ഭീതി പരത്തിയിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ സംഘടിച്ച് ആനയെ തുരത്തുകയായിരുന്നു.
കണിക്കാട് എസ്റ്റേറ്റ് വഴിയാണ് പീച്ചി കാട്ടിൽ നിന്നും ആനയെത്തിയത്. ഈഭാഗത്ത് 500 മീറ്ററോളം ദൂരം വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് തകർന്നു കിടക്കുന്നതാണ് കാട്ടിൽനിന്നും ആനകൾ കൂട്ടത്തോടെ എത്താൻ കാരണമാകുന്നത്.
ഇതുസംബന്ധിച്ച് നിരവധി തവണ വനംവകുപ്പിനു പരാതി നൽകിയിട്ടും വേലി പുനഃസ്ഥാപിക്കൽ വൈകുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഫണ്ടില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.