ദുരിതംപേറി ജില്ലയിലെ നെൽകർഷകർ
1482628
Thursday, November 28, 2024 4:09 AM IST
ചുഡുവാലത്തൂരിൽ വെള്ളമില്ലാത്തതു വിനയാകുന്നു
ഷൊർണൂർ: വെള്ളമില്ലാത്തതു നെൽകൃഷിക്ക് ഭീഷണി. ഇതു മൂലം കാരക്കാട്, ചുഡുവാലത്തൂർ പാടശേഖര സമിതികളിലെ നെൽക്കൃഷി ഉണങ്ങുന്ന സ്ഥിതിയാണ്. വെള്ളം എത്തിച്ച് ഉണക്കു ഭീഷണി പരിഹരിക്കാനും കഴിയാത്ത സ്ഥിതിയാണ്.
കവളപ്പാറ പമ്പ്ഹൗസിലെ മോട്ടോറുകൾ മോഷണംപോയതിനാൽ ജലസേചനത്തിനും സൗകര്യമില്ല. ഈ പ്രശ്നം പരിഹരിക്കാൻ താത്കാലിക സംവിധാനമേർപ്പെടുത്തണമെന്ന ആവശ്യം ജലസേചനവകുപ്പ് പരിഗണിച്ചിട്ടില്ലെന്നാണ് കർഷകരുടെപരാതി.
രണ്ടാംവിള നെൽക്കൃഷിയിറക്കിയ കർഷകരാണ് ദുരിതത്തിലായത്. എക്കറുകണക്കിന് നെൽപ്പാടങ്ങൾ വിണ്ടുകീറിയാണ് കിടക്കുന്നത്. വെള്ളമില്ലാതെ ട്രാക്ടറിറക്കി പൂട്ടാൻ പറ്റുന്നില്ല. ഞാറുനട്ട് ഉടൻ വെള്ളംലഭിക്കാത്തതിനാലാണ് പാടങ്ങൾ ഉണങ്ങിയതെന്ന് കർഷകർ പറയുന്നു .
ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ജലസേചനമന്ത്രി, കൃഷിമന്ത്രി എന്നിവർക്ക് ഷൊർണൂർ നഗരസഭാ പാടശേഖര എകോപനസമിതി പ്രസിഡന്റ് വിജയ പ്രകാശ് ശങ്കർ, കാരക്കാട് പാടശേഖരസമിതി സെക്രട്ടറി സി. ബിജു, ചുഡുവാലത്തൂർ പാടശേഖരസമിതി സെക്രട്ടറി കെ. ജയപ്രകാശ് എന്നിവർ പരാതിനൽകി.
രാസവളംവില കടുകട്ടി, കുറച്ചേ മതിയാകൂ...
ചിറ്റൂർ: നെൽകൃഷിയുമായി ബന്ധപ്പെട്ടു വർധിച്ചു വരുന്ന ചെലവുകണക്കിലെടുത്ത് രാസവളത്തിന്റെ വിലയിൽ ഗണ്യമായ കുറുവുവരുത്തണമെന്നു കർഷകർ.
ചിറ്റൂർ മേഖല പാടശേഖര പ്രദേശങ്ങളിൽ രണ്ടാംവിള കൃഷിജോലികൾ ദ്രുതഗതിയിൽ പുരോഗമിച്ചുവരികയാണ്.
ആദ്യം നടീൽകഴിഞ്ഞ പാടശേഖരങ്ങളിൽ വളപ്രയോഗം നടന്നുവരികയാണ്. നടീൽ കഴിഞ്ഞാൽ പതിനഞ്ചാം ദിനംമുതൽ വളപ്രയോഗം നടത്തിത്തുടങ്ങണം.
നല്ലേപ്പിള്ളി പഞ്ചായത്ത് പ്രദേശപാടശേഖര സമിതി കർഷകർ സി ആർ പൊൻമണി വിത്താണ് ഉപയോഗിച്ചിരിക്കുന്നത്.
ഒന്നു മുതൽ മൂന്നുതവണ വരെ കളപറി അനിവാര്യമായിട്ടുണ്ട്. ഇതിനിടെ പുഴുക്കേടിന് കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം കീടനാശിനി പ്രയോഗവും വേണ്ടിവരും.
ഓലചുരുട്ടി, ചാഴി, എലിവെട്ട് തുടങ്ങിയവയ്ക്കും ശക്തമായ പ്രതിരോധവും ഏർപ്പെടുത്തണം. പാരമ്പര്യ ഉപജീവനമാർഗമെന്ന നിലയിൽ തുടർന്നുവരുന്ന നെൽകൃഷിക്ക് ചെലവ് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. രാസവളത്തിനു വിലകൂടിയതോടെ കർഷകർ വെട്ടിലായ അവസ്ഥയിലാണ്.
ഉത്പാദനചെലവിനു അനുപാതികമായി കാർഷികോത്പ്പന്നങ്ങളുടെ ന്യായവില സമയോചിതമായി ഉയർത്തണമെന്നതും കർഷകരുടെ പ്രധാന ആവശ്യമായിരിക്കുകയാണ്.