പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ മുറിച്ചിട്ട മരങ്ങൾ അപകടഭീഷണി
1482615
Thursday, November 28, 2024 3:50 AM IST
ഷൊർണൂർ: പ്രധാന പാതയോരങ്ങളിൽ വെട്ടിയിട്ട മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നാലുമാസംമുൻപ് പാതയോരങ്ങളിൽനിന്ന് മുറിച്ചുമാറ്റിയ ഈ മരങ്ങൾ നശിക്കുകയും കൂടിയാണ്.
റോഡിന്റെ വശങ്ങളിലേക്കു മാറ്റിയിട്ട മരങ്ങളും ശിഖരങ്ങളും യാത്രക്കാർക്ക് അപകടഭീഷണിയാകുന്നുമുണ്ട്.
പാലക്കാട്- കുളപ്പുള്ളി പാതയോരത്തും ഒറ്റപ്പാലം-അമ്പലപ്പാറ പാതയോരത്തുമാണ് അപകടഭീഷണിയായി മരങ്ങളും ശിഖരങ്ങളുമെല്ലാം കിടക്കുന്നത്.
അപകടഭീഷണിയായ മരങ്ങളാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റിയത്. പിന്നീട് ഇവ ലേലം ചെയ്യാനായി പാതയുടെ വശങ്ങളിൽ തന്നെയാണു കൂട്ടിയിട്ടത്. ഇതാണു നാട്ടുകാർക്കു ദുരിതമാകുന്നത്. വെട്ടിമാറ്റിയ മരങ്ങളുടെ ലേലത്തുക നിശ്ചയിക്കേണ്ടത് വനംവകുപ്പാണ്. തുടർന്നാണ് പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലേലനടപടികളിലേക്കു കടക്കുക. വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും നടത്തി. ലേലത്തുക നിശ്ചയിച്ചു നൽകാത്തതാണ് മരം മാറ്റുന്നതിനു തടസമെന്നു പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നു.