പി.വി. അന്‍വര്‍ എംഎല്‍എയുടെ സഹോദരിപുത്രന്മാരടക്കം നാലു പ്രതികള്‍
1482721
Thursday, November 28, 2024 5:35 AM IST
മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി. ടെല്ലസ് മുമ്പാകെയാണ് വിചാരണ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് ആരംഭിച്ച വിചാരണയുടെ ആദ്യദിവസം തന്നെ കേസിലെ ഒന്നാം സാക്ഷി ഹുസൈന് കൂറുമാറിയിരുന്നു.
പി.വി. അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രന്മാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടന് ഷെഫീഖ്, സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടന് ഷെരീഫ്. കൂട്ടുപ്രതികളായ 17ാം പ്രതി നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19ാം പ്രതി എളമരം മപ്രം പയ്യനാട്ട് തൊടിക കബീര്‍ എന്ന ജാബിര്‍ എന്നിവരുടെ വിചാരണയാണ് നടന്നു വരുന്നത്.
സിബിഐയുടെ മുന്‍ സീനിയര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാറാണ് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. മനാഫ് വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ രണ്ട് തവണ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിരുന്നില്ല. ഒടുവില്‍ മനാഫിന്റെ സഹോദരന് അബ്ദുള്‍ റസാഖ് കോടതി അലക്ഷ്യഹര്‍ജി സമര്‍പ്പിച്ചതോടെയാണ് അനില്‍കുമാറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ പതിനൊന്നരയോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി. അന്‍വര്‍. ഏഴാം പ്രതിയായിരുന്ന അന്‍വറിന്റെ പിതാവ് പി.വി. ഷൗക്കത്തലി കുറ്റപത്രം സമര്‍പ്പിക്കും മുമ്പെ മരണപ്പെട്ടു. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി അന്നും കൂറുമാറിയിരുന്നു. കേസില്‍ 21 പ്രതികളെ വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു.