നാദ വിസ്മയം; വേദികളില്‍ പ്രതിഭയുടെ തിളക്കം...
1482717
Thursday, November 28, 2024 5:35 AM IST
കോട്ടക്കല്‍: കലയുടെ വേദകളില്‍ പ്രതിഭയുടെ തിളക്കം. സംഗീതത്തിന്റെ ആലാപന സൗന്ദര്യവും നൃത്തച്ചുവടുകളുടെ ലാസ്യഭംഗിയും വാദ്യതാളവും സംഗമിച്ച് കൗമാര കലാമേളക്ക് ആസ്വാദനത്തിന്റെ
ചുവടുവയ്പ്. കോട്ടക്കല്‍ രാജാസ് സ്കൂളില്‍ ജില്ലാ സ്കൂള്‍ കലോല്‍സവത്തിന് രണ്ട് നാള് പിന്നിടുമ്പോള്‍ മല്‍സരങ്ങള്‍ ആവേശമുയര്ത്തുകയാണ്. താളവാദ്യങ്ങളുടെ നാദവിസ്മയമൊരുക്കിയാണ് ഇന്നലെ വേദികള്‍ ഉണര്‍ന്നത്. സദസില്‍ കാണികളുടെ പങ്കാളിത്തം നിറഞ്ഞുനിന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിനം ശ്രദ്ധേയമായി.
മങ്കമാരൊഴുകിയ തിരുവാതിര, നാട്യമികവ് തീര്‍ത്ത ഭാരതനാട്യം, മാപ്പിളകലയുടെ വിരുന്നൊരുക്കിയ വട്ടപ്പാട്ട്, മലയാളം പദ്യം ചൊല്ലല്‍, കൂടിയാട്ടം, മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ തുടങ്ങിയവയെല്ലാം മികവ് പുലര്‍ത്തി. ഒപ്പന, കുച്ചുപ്പിടി, മോഹിനിയാട്ടം, നാടകം, ശാസ്ത്രീയ സംഗീതം, കഥാകദനം, കഥാപ്രസംഗം, അഷ്ടപദി, കഥപറയല്‍, മോണോ ആക്ട്, വയലിന്, അറബിപദ്യം, അക്ഷര ശ്ലോകം മത്സരങ്ങള്‍ ഇന്ന് വിവിധ വേദികളിലായി അരങ്ങേറും.