കാരാട്ട് കുറീസ് തട്ടിപ്പ്: നിക്ഷേപകരുടെയും ജീവനക്കാരുടെയും പ്രതിഷേധം ശക്തമായി
1482719
Thursday, November 28, 2024 5:35 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി ഉടമകള്‍ കോടികളുമായി കടന്ന സംഭവത്തില്‍ നിക്ഷേപകരും ജീവനക്കാരും നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായതിനെ തുടര്‍ന്ന് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് വിട്ടയച്ചു. പോലീസ് സ്റ്റേഷനു മുന്നില്‍ സംഘം ചേര്‍ന്നതിനും റോഡ് ഉപരോധിച്ചതിനും പോലീസ് കണ്ടാലറിയുന്നവര്‍ക്കെതിരേ കേസെടുത്തു. പോലീസ് തന്നോട് മോശമായി പെരുമാറിയെന്നും സംഘം ചേര്‍ന്ന് തന്റെ കണ്ണട ബലം പ്രയോഗിച്ച് ഊരിയെടുക്കുകയും തന്നെ മര്‍ദിക്കാന്‍ ഒരുങ്ങിയപ്പോള്‍ താന്‍ ഒച്ച ഉണ്ടാക്കിയതു കൊണ്ടാണ് മര്ദിക്കാതിരുന്നതെന്നും പോലീസ് വിട്ടയച്ച തിരൂരങ്ങാടി സ്വദേശി നൗഷാദ് പറഞ്ഞു.
സിപിഎം ബ്രാഞ്ച് മെംബറാണെന്നും അര്‍ബുദരോഗിയാണെന്നും പറഞ്ഞതോടെ അസഭ്യം പറഞ്ഞെന്നും വെള്ള പേപ്പറില്‍ ബലമായി പോലീസ് ഒപ്പിട്ട് വാങ്ങിയെന്നും നൗഷാദ് പറഞ്ഞു. അര്‍ബുദ ചികത്സക്കായി സ്വരൂപിച്ച പണമാണ് നഷ്ടമായത്. പാലക്കാട്, നിലമ്പൂര്‍, കോഴിക്കോട്, വയനാട് ഭാഗങ്ങളിലെ 14 ബ്രാഞ്ചുകളിലായി പണം നിക്ഷേപിച്ചവരും ജീവനക്കാരുമാണ് പ്രതിഷേധവുമായി എത്തിയത്.
കാരാട്ട് കുറീസിലെയും ധനക്ഷേമനിധിയിലെയും ജീവനക്കാരും നിക്ഷേപകരും പുക്കോട്ടുമണ്ണയിലുള്ള കമ്പനി ഫോര്മന് ശ്രീജിത്തിന്റെ വീട്ടിലേക്ക് രാവിലെ 11 മണിയോടെ പ്രതിഷേധ മാര്‍ച്ച് നടത്തിയ ശേഷമാണ് നിലമ്പൂരിലേക്ക് എത്തിയത്. കാരാട്ട് കുറീസിന്റെ നിലമ്പൂര്‍ ജനതപ്പടിയിലെ ഓഫീസ് പരിസരത്ത് നിന്നുമാണ് പ്രകടനമായി നിലമ്പൂര്‍ പോലീസ് സ്റ്റേഷന് മുന്നിലേക്ക് എത്തിയത്. പോലീസ് പ്രതിഷേധക്കാരെ തടഞ്ഞശേഷം സ്റ്റേഷനില്‍ പരാതി നല്കിയവരില് മൂന്ന് പേരെ ചര്‍ച്ചക്ക് വിളിച്ചതോടെയാണ് മറ്റ് ബ്രാഞ്ചുകളില്‍ നിന്നുള്ളവര്‍ തങ്ങളുടെ ആവശ്യം കൂടി കേള്ക്കണമെന്നാവശ്യപ്പെട്ടത്.
എന്നാല്‍, നിലമ്പൂരിലെ പരാതികള്‍ മാത്രമേ തനിക്ക് കേള്‍ക്കാന്‍ കഴിയുവെന്ന് സിഐ രാജേന്ദ്രന് നായര്‍ പറഞ്ഞു. 200 ലേറെ പേര് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. കമ്പനി ഫോര്മാന് ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്തിന്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് പേര് പങ്കെടുത്തു. നിലമ്പൂര്‍ കാരാട്ട് കൂറീസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെയും ധന ക്ഷേമനിധി ഇന്ത്യാ പ്രൈവറ്റ് ലിമിന്റഡിന്റെയും നിലമ്പൂരിലെ ബ്രാഞ്ച് ഓഫീസുകളാണ് കഴിഞ്ഞ 19 ന് പൂട്ടിയത്. ഉടമകളായ എടക്കര സ്വദേശികളായ എ.ആര്. സന്തോഷ്, പി. മുബഷീര്‍ എന്നിവരാണ് മുങ്ങിയത്.
നിലമ്പൂരില്‍ മാത്രം 20 കോടിയിലേറെ രൂപയാണ് ഇവര്‍ നിക്ഷേകരില്‍ നിന്ന് പിരിച്ചെടുത്തിട്ടുള്ളത്. നിലമ്പൂരിന് പുറമെ കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 13 ബ്രാഞ്ചുകളിലെ നിക്ഷേപകരും ജീവനക്കാരും സമരത്തില്‍ പങ്കെടുത്തു. പോത്തുകല്‍ എസ്ഐ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞതോടെ വീടിനു മുന്നില്‍ ഒരു മണിക്കൂറോളം പ്രതിഷേധിച്ചാണ് സമരക്കാര്‍ പിരിഞ്ഞത്.