പളിയനൃത്തത്തില്‍ പാളാതെകലാകാരികള്
1482716
Thursday, November 28, 2024 5:35 AM IST
കോട്ടക്കല്‍: ഇത്തവണത്തെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ പളിയ നൃത്തം ശ്രദ്ധേയമായി.
അടയ്ക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കലാകാരികളാണ് പളിയ നൃത്തം അവതരിപ്പിച്ച് സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇടുക്കി ജില്ലയിലെ കുമളിയില്‍ അധിവസിക്കുന്ന പളിയര്‍ എന്ന ആദിവാസി ജനവിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ് പളിയനൃത്തം. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്.
ഇവരുടെ ആരാധനാമൂര്‍ത്തിയാണ് എഴാത്ത് പളച്ചി. പളിയക്കുടിയയിലെ പ്രധാന ദേവതയാണ് മാരിയമ്മ. മാരിയമ്മ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായാണ് പളിയ നൃത്തം അവതരിപ്പിക്കുന്നത്. ആകര്‍ഷണീയമായ ആഭരണങ്ങളും വസ്ത്രങ്ങളും പളിയനൃത്തത്തിന്റെ പ്രത്യേകതയാണ്. അണിയുന്ന കുപ്പായം ഇഞ്ച കൊണ്ടാണ് നിര്‍മിക്കുന്നത്. തൊപ്പിമരം ചതച്ചാണ് ഉടുപ്പായി ഉപയോഗിക്കുന്നത്. മുഖത്തെഴുത്തിന് ഉപയോഗിക്കുന്ന നിറമുണ്ടാക്കുന്നത് കാട്ടില്‍ ലഭ്യമായ ’രാമക്കല്ല’ എന്ന ഒരിനം കല്ല് ഉരച്ചെടുത്തതാണ്. തേക്കിന്റെ ഇല പിഴിഞ്ഞെടുത്ത ചാറു കൊണ്ടാണ് ചുവന്ന നിറമുണ്ടാക്കുന്നത്.
പാട്ടിനൊപ്പം മുളം ചെണ്ട,
നഗാര, ഉടുക്ക്, ഉറുമി, ജാലറ, ജലങ്ക തുടങ്ങിയ ഉപകരണങ്ങളാണ് വാദ്യങ്ങളായി ഉപയോഗിക്കുന്നത്.
ഈ വര്‍ഷമാണ് ആദ്യമായി കലോത്സവത്തില്‍ പളിയ നൃത്തം എന്ന ഈ കലാരൂപം ഒരു മത്സരയിനമായി വന്നിട്ടുള്ളത്. ഗോത്രകലകളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇവ മത്സര ഇനങ്ങളായി പരിഗണിച്ചത്. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ പളിയ നൃത്തം വിഭാഗത്തില്‍ സംസ്ഥാന കലോത്സവത്തിന് അര്‍ഹത നേടി.
അഞ്ജന, പി. അതുല്യ കൃഷ്ണ, അനഘ വിനോദ്, പി.കെ. നീന അന്‍വര്‍, സി.കെ. ആര്യ സജി, പി.കെ. ദില്‍ഷ, എം. ശ്രീപിയ, പി. അനശ്വര തുടങ്ങിയ വിദ്യാര്‍ഥിനികളാണ് നൃത്തം അവതരിപ്പിച്ചത്.