പ്രിയങ്കയുടെ സത്യപ്രതിജ്ഞ ഇന്ന്; ആദ്യമുന്നയിക്കുക വയനാട് ദുരന്തം
Thursday, November 28, 2024 3:01 AM IST
ന്യൂഡൽഹി: വയനാട് ലോക്സഭാമണ്ഡലത്തിലെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും. പ്രിയങ്കയ്ക്കൊപ്പം മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്ഗ്രസ് എംപി രവീന്ദ്ര വസന്ത്റാവു ചവാനും ഇന്നു രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞയ്ക്കുശേഷം ലോക്സഭയിൽ പ്രിയങ്ക ഗാന്ധി ആദ്യമുന്നയിക്കുക വയനാട് ഉരുൾപൊട്ടൽ വിഷയമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നത് പ്രിയങ്ക ലോക്സഭയിലെ തന്റെ കന്നി പ്രസംഗത്തിൽ ചോദ്യം ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
സഭ ചേരുന്നതിനുമുന്പ് രാവിലെ 10.30ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ കോണ്ഗ്രസ് എംപിമാർ കൂടിക്കാഴ്ച നടത്തും.
അതേസമയം, വോട്ടർമാർക്ക് നന്ദി പറയുന്നതിന് പ്രിയങ്ക 30നും ഡിസംബർ ഒന്നിനും വയനാട് മണ്ഡലത്തിൽ പര്യടനം നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
പ്രിയങ്കയും രാഹുലുമായി ചർച്ച നടത്തി വയനാട് എംഎൽഎമാർ
ന്യൂഡൽഹി: വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണന ചർച്ച ചെയ്യുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധിയെയും വയനാട്ടിൽനിന്നുള്ള എംഎൽഎമാർ സന്ദർശിച്ചു .
വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ, പി.കെ. ബഷീർ എന്നിവരോടൊപ്പം യുഡിഎഫ് നേതാക്കളായ എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വയനാട് ഉപതെരഞ്ഞടുപ്പിൽ വിജയിച്ചതിന്റെ ഇലക്ഷൻ സർട്ടിഫിക്കറ്റും പ്രിയങ്കയ്ക്ക് യുഡിഎഫ് നേതാക്കൾ കൈമാറി. വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രസഹായം വൈകുന്നതിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.