അദാനി, മണിപ്പുർ, സംബാൽ ; പാർലമെന്റ് സ്തംഭിച്ചു
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനിക്കെതിരായ കൈക്കൂലി ഇടപാട് കേസ്, മണിപ്പുർ അക്രമങ്ങൾ, യുപി സംബാലിലെ അക്രമം, വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നത് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും രണ്ടാംദിവസം പൂർണമായി സ്തംഭിച്ചു.
അദാനി ഗ്രൂപ്പിന്റെ അഴിമതി, കൈക്കൂലി, സാന്പത്തിക ഇടപാടുകളെക്കുറിച്ച് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ, മനീഷ് തിവാരി, മാണിക്കം ടാഗോർ, രണ്‍ദീപ് സിംഗ് സുർജേവാല തുടങ്ങിയവരും, മണിപ്പുർ അക്രമങ്ങളെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട് ഹൈബി ഈഡനും നോട്ടീസ് നൽകിയിരുന്നു. ഇരുസഭകളിലും പ്രമേയങ്ങൾക്ക് അധ്യക്ഷന്മാർ അനുമതി നിഷേധിച്ചു. പ്രതിപക്ഷത്തെ വിമർശിക്കാനാണ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ അവസരം ഉപയോഗിച്ചത്.
ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ ലോക്സഭയും രാജ്യസഭയും ഓരോ തവണ നിർത്തിവച്ച് വീണ്ടും ചേർന്നശേഷം ഇന്നു ചേരാനായി പിരിയുകയായിരുന്നു.
അദാനിക്കെതിരായ അമേരിക്കയിലെ കുറ്റപത്രം ഇന്ത്യയെ ബാധിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷനേതാക്കളായ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷപാർട്ടി നേതാക്കൾ ഇന്നലെ രാവിലെയും യോഗം ചേർന്നാണ് അദാനി, മണിപ്പുർ, സംബാൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയ്ക്കായി സർക്കാരിനെ നിർബന്ധിക്കാൻ തീരുമാനിച്ചത്.
ഏതു വിഷയവും ചർച്ച ചെയ്യാമെന്നു പറയുന്ന സർക്കാർ തന്നെയാണ് രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ ചർച്ച ഒഴിവാക്കുന്നതെന്ന് എംപിമാരായ ബെന്നി ബഹനാനും എൻ.കെ. പ്രേമചന്ദ്രനും അഭിപ്രായപ്പെട്ടു.
അദാനിയെ അറസ്റ്റ് ചെയ്യണം: രാഹുൽ
കുറ്റാരോപിതനായ വ്യവസായി ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചെറിയ കുറ്റങ്ങൾ ചുമത്തി നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്യുന്നുണ്ട്.
ആരോപണങ്ങൾ അദാനി സ്വീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നതാണ് ആവശ്യമെന്നും രാഹുൽ പാർലമെന്റിനു പുറത്ത് പത്രലേഖകരോട് പറഞ്ഞു.
പ്രിയങ്കയുടെ സത്യപ്രതിജ്ഞ ഇന്ന്; ആദ്യമുന്നയിക്കുക വയനാട് ദുരന്തം
ന്യൂഡൽഹി: വയനാട് ലോക്സഭാമണ്ഡലത്തിലെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും. പ്രിയങ്കയ്ക്കൊപ്പം മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്‍ഗ്രസ് എംപി രവീന്ദ്ര വസന്ത്റാവു ചവാനും ഇന്നു രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞയ്ക്കുശേഷം ലോക്സഭയിൽ പ്രിയങ്ക ഗാന്ധി ആദ്യമുന്നയിക്കുക വയനാട് ഉരുൾപൊട്ടൽ വിഷയമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നത് പ്രിയങ്ക ലോക്സഭയിലെ തന്റെ കന്നി പ്രസംഗത്തിൽ ചോദ്യം ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
സഭ ചേരുന്നതിനുമുന്പ് രാവിലെ 10.30ന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ കോണ്‍ഗ്രസ് എംപിമാർ കൂടിക്കാഴ്ച നടത്തും.
അതേസമയം, വോട്ടർമാർക്ക് നന്ദി പറയുന്നതിന് പ്രിയങ്ക 30നും ഡിസംബർ ഒന്നിനും വയനാട് മണ്ഡലത്തിൽ പര്യടനം നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
പ്രിയങ്കയും രാഹുലുമായി ചർച്ച നടത്തി വയനാട് എംഎൽഎമാർ
ന്യൂഡൽഹി: വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണന ചർച്ച ചെയ്യുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധിയെയും വയനാട്ടിൽനിന്നുള്ള എംഎൽഎമാർ സന്ദർശിച്ചു .
വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ, പി.കെ. ബഷീർ എന്നിവരോടൊപ്പം യുഡിഎഫ് നേതാക്കളായ എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വയനാട് ഉപതെരഞ്ഞടുപ്പിൽ വിജയിച്ചതിന്റെ ഇലക്ഷൻ സർട്ടിഫിക്കറ്റും പ്രിയങ്കയ്ക്ക് യുഡിഎഫ് നേതാക്കൾ കൈമാറി. വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രസഹായം വൈകുന്നതിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.
തമിഴ്നാട്ടിൽ കനത്ത മഴ; 2000 ഏക്കറിൽ കൃഷിനാശം
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ തെക്കുപടിഞ്ഞാറ് രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതോടെ ചെന്നൈയിലും സമീപപ്രദേശങ്ങളിലും മഴ കനത്തു.
ജാഗ്രതാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവാരൂർ, കടലൂർ, നാഗപട്ടണം, മയിലാടുതുറൈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.
തിരുവാരൂർ, തിരുത്തുറൈപൂണ്ടി, വേദാരണ്യം എന്നിവിടങ്ങളിൽ കാവേരി നദിയുടെ വൃഷ്ടിപ്രദേശങ്ങളിലുള്ള 2,000 എക്കർ കാർഷികവിളകൾ വെള്ളം കയറി നശിച്ചു. നാഗപട്ടണം, വില്ലുപുരം എന്നിവിടങ്ങളിലെ ഉപ്പുപാടങ്ങളും മുങ്ങി.നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു.
വരുംദിവസങ്ങളിൽ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപട്ട്, വില്ലുപുരം, അരിയാലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
വിള നഷ്ടമായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടു.
ഹേമന്ത് സോറൻ ഇന്നു സത്യപ്രതിജ്ഞ ചെയ്യും
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. റാഞ്ചിയിലെ മൊറാബാദി മൈതാനത്താണ് സത്യപ്രതിജ്ഞ.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, മമത ബാനർജി തുടങ്ങിയ പ്രമുഖ ഇന്ത്യ മുന്നണി നേതാക്കൾ സത്യപ്രതിജ്ഞയ്ക്കെത്തും.
ജാർഖണ്ഡിന്റെ 14-ാം മുഖ്യമന്ത്രിയാകുന്ന സോറൻ മുന്‍പ് മൂന്നുവട്ടം മുഖ്യമന്ത്രിയായിട്ടുണ്ട്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഇന്ത്യ സഖ്യത്തിന് 56 പേരുടെ പിന്തുണയുണ്ട്.
തമിഴ്നാട്ടിൽ കാറിടിച്ച് അഞ്ച് സ്ത്രീകൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ മാമല്ലപുരത്ത് അതിവേഗത്തിലെത്തിയ കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾക്കു ദാരുണാന്ത്യം.
ചെന്നൈയിൽനിന്ന് 50 കിലോമീറ്റർ അകലെ ഈസ്റ്റ് കോസ്റ്റ് റോഡിൽ (ഇസിആർ) പയനു-മധുര പണ്ഡിതമേട് ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം. മാമല്ലപുരത്തുനിന്നും ചെന്നൈയിലേക്കു പോവുകയായിരുന്ന കാർ റോഡിനു സമീപം കാലികളെ മേയ്ക്കുകയായിരുന്ന സ്ത്രീകൾക്കു മേൽ ഇടിച്ചുകയറുകയായിരുന്നു.
പയനുർ നിവാസികളായ ആണ്ടവി (71) ലോകമ്മാൾ (56) യശോദ (54) വിജയ (53) ഗൗരി (52) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണത്തിനു കീഴടങ്ങി.
പോലീസ് സ്ഥലത്തെത്തിയാണു മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റിയത്. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മരണമടഞ്ഞവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ബന്ധങ്ങൾ വഷളാകുന്പോൾ ക്രിമിനൽ നടപടി ശരിയല്ല: സുപ്രീംകോടതി
ന്യൂഡൽഹി: ഉഭയസമ്മത പ്രകാരം പങ്കാളികൾ തമ്മിലുള്ള ദീർഘനാളത്തെ ബന്ധം ഏതെങ്കിലും കാരണത്താൽ വഷളായശേഷം പങ്കാളിക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തുന്നത് ആശങ്കാജനകമെന്ന് സുപ്രീംകോടതി.
ഒന്‍പത് വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച യുവാവിനെതിരായ എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, എൻ. കോടേശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷണം നടത്തിയത്.
ഔദ്യോഗികമായി വിവാഹം കഴിക്കാതെ പരസ്പര സമ്മതത്തോടെ ഏറെക്കാലമായി തുടരുന്ന ബന്ധങ്ങൾ വഷളാകുന്പോൾ നിയമത്തിന്റെ ആനുകൂല്യമുപയോഗിച്ച് ക്രിമിനൽ കുറ്റമാക്കുന്ന പ്രവണത തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.
തനിക്കെതിരായ ബലാത്സംഗ എഫ്ഐആർ റദ്ദാക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടർന്നാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.
ചെന്നൈ: തമിഴ്സിനിമയിലെ സൂപ്പർ താരം ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും വിവാഹമോചനത്തിനു കോടതി അംഗീകാരം.
കഴിഞ്ഞ വ്യാഴാഴ്ച കോടതിയിൽ ഹാജരായ ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് സമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ധനുഷും സ്റ്റൈൽമന്നൻ രജനീകാന്തിന്റെ മകളായ ഐശ്വര്യയും 2004 ലാണ് വിവാഹിതരായത്. ദന്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.
മഹാരാഷ്ട്ര: ഷിൻഡെ വഴങ്ങി, ഫഡ്നാവിസ് മുഖ്യമന്ത്രിയാകും
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിനു വിരാമമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തീരുമാനത്തെ ശിവസേന പിന്തുണയ്ക്കുമെന്ന് കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു.
സർക്കാർ രൂപവത്കരണത്തിനു തടസമാകാൻ ശിവസേനയുണ്ടാകില്ലെന്ന് താനെയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതോടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരാകും.
മുഖ്യമന്ത്രിസ്ഥാനമോഹം ഷിൻഡെ ഉപേക്ഷിച്ചതോടെ സർക്കാർ രൂപവത്കരണ ചർച്ചകൾ ഊർജിതമായി. 43 മന്ത്രിസ്ഥാനങ്ങളിൽ പകുതി ബിജെപി ഏറ്റെടുക്കും. ഷിൻഡെ പക്ഷത്തിന് പന്ത്രണ്ടും അജിത്പക്ഷത്തിന് പത്തും മന്ത്രിസ്ഥാനം ലഭിച്ചേക്കും.
ഷിൻഡെ, ഫഡ്നാവിസ്, അജിത് പവാർ എന്നിവർ ഇന്ന് ഡൽഹിയിൽ അമിത് ഷായുമായി ചർച്ച നടത്തുമെന്നാണു സൂചന. ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച പുതിയ സർക്കാർ അധികാരമേൽക്കുമെന്നും രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും എൻസിപി നേതാവ് അജിത് പവാർ പറഞ്ഞു.
2022 ജൂണിലാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. ഇത്തവണ മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ തനിക്കു നിരാശയില്ലെന്നും ഷിൻഡെ പറഞ്ഞു.
അതേസമയം, ബിജെപി നേതൃത്വം സമ്മർദം ചെലുത്തിയാണു ഷിൻഡെയെ പിന്തിരിപ്പിച്ചതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ പറഞ്ഞു.
പാമോലിൻ കേസ്: ഹർജി വീണ്ടും മാറ്റി; അവസാനത്തേത് എന്ന് കോടതി
ന്യൂഡൽഹി: പാമോലിൻ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ക്രിസ്മസ് അവധിക്കുശേഷം സുപ്രീംകോടതി പരിഗണിക്കും.
സീനിയർ അഭിഭാഷകന്റെ അസൗകര്യത്തെത്തുടർന്ന് കേസ് മാറ്റിവയ്ക്കണമെന്നു ഹർജിക്കാരിലൊരാളായ പി.ജെ. തോമസിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ 2012ൽ ഫയൽ ചെയ്ത ഹർജികൾ ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും മാറ്റിവയ്ക്കുന്നതിൽ ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.
എന്നാൽ, അഭിഭാഷകൻ ആവശ്യം വീണ്ടുമുന്നയിച്ചപ്പോൾ ഹർജി മാറ്റിവയ്ക്കുകയായിരുന്നു. ഇനി കേസ് നീട്ടിവയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി, കേസിൽ വിചാരണ തുടരാമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് നിലനിൽക്കുന്നതിനാൽ വിചാരണ ആരംഭിച്ചിട്ടില്ല.
സംബാലിലേക്കു പുറപ്പെട്ട ലീഗ് എംപിമാരെ യുപിയിൽ തടഞ്ഞു
ന്യൂഡൽഹി: സംഘർഷവും വെടിവയ്പുമുണ്ടായ ഉത്തർപ്രദേശിലെ സംബാലിലേക്കു പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരെ പോലീസ് തടഞ്ഞു. പോലീസിന്റെ അഭ്യർഥനയെത്തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംബാൽ യാത്ര നീട്ടിവയ്ക്കുകയും ചെയ്തു.
നിരോധനാജ്ഞയും സംഘർഷസാധ്യതയും നിലനിൽക്കുന്നതിനാൽ നേതാക്കളടക്കം ആരെയും പ്രദേശം സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് യുപി പോലീസ് വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനു മുന്നോടിയായി സംബാലിലെ സുരക്ഷ കർശനമാക്കിയതായും പോലീസ് അറിയിച്ചു.സംബാൽ മസ്ജിദിൽ സർവേ നടത്തുന്നതിനെതിരേയുണ്ടായ പ്രതിഷേധത്തിൽ നാലു പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നിയമം ലംഘിച്ചു പോകേണ്ടതില്ലെന്നതിനാൽ തിരികെ ഡൽഹിക്കു മടങ്ങിയെന്ന് ഇ.ടി. മുഹമ്മദ് ബഷീറും എംപിമാരും പിന്നീട് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
സംവരണാനുകൂല്യങ്ങൾ ലക്ഷ്യമിട്ടുള്ള മതപരിവർത്തനം വഞ്ചന: സുപ്രീംകോടതി
ന്യൂഡൽഹി: യഥാർഥ വിശ്വാസമില്ലാതെ സംവരണാനുകൂല്യങ്ങൾ നേടിയെടുക്കാൻ മാത്രമായി മതപരിവർത്തനം നടത്തുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് സുപ്രീംകോടതി.
ക്രിസ്തുമതം സ്വീകരിച്ച സ്ത്രീ തൊഴിൽ നേടുന്നതിനായി പട്ടികജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതു നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ പങ്കജ് മിത്തലും ആർ. മഹാദേവനും ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിസ്തുമതം സ്വീകരിച്ച ശേഷം സംവരണം ലഭിക്കുന്നതിനായി താൻ ഹിന്ദുവാണെന്ന് അവകാശവാദം ഉന്നയിച്ച സെൽവറാണി എന്ന തമിഴ്നാട് സ്വദേശിനിയുടെ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
ക്രിസ്തു മതം സ്വീകരിച്ച് വിശ്വാസം പിന്തുടർന്ന സെൽവറാണി താൻ ഹിന്ദുവാണെന്നും അതിനാൽ തനിക്കു പട്ടികജാതി സംവരണം ലഭിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം ഇരട്ടവാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകാൻ കഴിയില്ലെന്നു കേന്ദ്രം
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ (പിഒസി) പദവി നൽകാൻ കഴിയില്ലെന്നു വ്യക്തമാക്കി കേന്ദ്രം. സിപിഐ രാജ്യസഭാ എംപി അഡ്വ. പി. സന്തോഷ് കുമാർ ഉന്നയിച്ച ചോദ്യത്തിനു നൽകിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
വിദേശവിമാനങ്ങൾക്ക് ഒരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും അനുവാദം നൽകുന്ന പിഒസി പദവി രാജ്യങ്ങൾ തമ്മിലുള്ള വ്യോമസേവന കരാറുകളെ അടിസ്ഥാനമാക്കിയിട്ടാണു നൽകുന്നത്.
നിലവിൽ കണ്ണൂർ പോലുള്ള നോണ്‍ മെട്രോ നഗരങ്ങളിൽ ഇന്ത്യൻ വിമാന കന്പനികളുടെ അന്താരാഷ്ട്ര സർവീസുകളെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അതിനാൽ വിദേശകന്പനികൾക്ക് നിലവിൽ കണ്ണൂരിൽ പ്രവർത്തനാനുമതി നൽകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മണിപ്പുരിൽ ചർച്ച ആവശ്യപ്പെട്ട് ഹൈബിയും ഷാഫിയും
മണിപ്പുരിൽ മാസങ്ങളായി തുടരുന്ന സംഘർഷം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി. അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കണമെന്ന് നോട്ടീസിൽ ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
കാലങ്ങളായി തുടരുന്ന മണിപ്പുർ സംഘർഷം അടിയന്തര പ്രാധാന്യമുള്ളതാണെന്നും സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഷാഫി പറന്പിൽ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. സംഘർഷം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ സന്പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും മണിപ്പുരിൽ സമാധാനാന്തരീക്ഷം വീണ്ടെടുക്കേണ്ടതുണ്ടെന്നും ഷാഫി പറന്പിൽ പറഞ്ഞു.
സംബാൽ ചർച്ച ചെയ്യണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ഉത്തർപ്രദേശിലെ സംബാലിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത ദാരുണമായ വർഗീയ സംഘർഷം അടിയന്തരമായി സഭ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനം: ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് മന്ത്രി
റെയിൽവേ സ്റ്റേഷൻ വികസനം സംബന്ധിച്ചുള്ള പദ്ധതികൾക്ക് അന്തിമ അംഗീകാരം റെയിൽവേ ബോർഡിന്റെ ഭാഗത്തുനിന്ന് ലഭ്യമായിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ മറുപടി നൽകി.
അമൃതഭാരത് പദ്ധതിപ്രകാരം വികസന പ്രവർത്തനങ്ങൾക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ തെരഞ്ഞെടുത്തെങ്കിലും പദ്ധതിയുടെ അന്തിമാനുമതി റെയിൽവേ ബോർഡിൽനിന്നു ലഭ്യമാകാത്തതിനാൽ സ്റ്റേഷൻ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ ലഭ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നെടുന്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമിക്കണമെന്ന് ബെന്നി ബെഹനാൻ
നെടുന്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. ആഭ്യന്തര, അന്തരാഷ്ട്ര വിമാനയാത്രക്കാർ ഏറ്റവും കൂടുതലായി എത്തുന്ന നെടുന്പാശേരിയിൽ റെയിൽവേ സ്റ്റേഷനില്ലാത്തത് ലക്ഷക്കണക്കിന് യാത്രക്കാരെയാണു വലയ്ക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. തൃശൂർ ജില്ലയിലെ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ അടിയന്തരമായി ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കേണ്ടതിന്റെ ആവശ്യകതയും എംപി മന്ത്രിയെ ധരിപ്പിച്ചു.
10 ആണവ റിയാക്ടറുകൾക്ക് അനുമതി
700 മെഗാവാട്ട് ശേഷിയുള്ള പത്തു തദ്ദേശീയ ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് ലോക്സഭയിൽ മന്ത്രി ജിതേന്ദ്രസിംഗ് മറുപടി നൽകി. നിലവിൽ രാജ്യത്തെ ആണവോർജ ഉത്പാദനശേഷി 8180 മെഗാവാട്ട് ആണ്.
ലോക വിശപ്പ് സൂചിക: ഇന്ത്യ 105-ാം സ്ഥാനത്ത്
ലോക വിശപ്പ് സൂചികയിലെ 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 105-ാം സ്ഥാനത്താണെന്ന് കേന്ദ്ര ഭക്ഷ്യസഹമന്ത്രി നിബുബൻ ജയന്തിഭായി ബാംബനിയ കെ. രാധാകൃഷ്ണൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
ഫാര്‍മ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു
അനകപ്പള്ളി (ആന്ധ്രപ്രദേശ്): ഫാര്‍മ ഫാക്ടറിയിലെ റിയാക്ടർ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു.
അന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ പരവാഡ ഫാര്‍മ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ കമ്പനിയില്‍ ചൊവ്വാഴ്ച വൈകുന്നേരം നാലോടൊണ് അപകമുണ്ടായത്. ഒഡീഷയില്‍നിന്നുള്ള ഫാക്ടറിയിലെ സഹായിയായ അമിത് എന്ന ഇരുപത്തിമൂന്നുകാരനാണു മരിച്ചത്.
ഹൈഡ്രോക്ലോറിക് ആസിഡും (എച്ച്സിഎല്‍) ക്ലോറോഫോമും കലര്‍ത്തുന്ന റിയാക്ടര്‍ വൃത്തിയാക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ഒമ്പതു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള അമിത് ഇന്നലെ ഉച്ചയോടെ മരിച്ചു. സംഭവത്തില്‍ കമ്പനിക്കെതിരേ കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.
മുംബൈയിലെ കെട്ടിടത്തിൽ തീപിടിത്തം
മുംബൈ: നഗരത്തിലെ ഡോംഗ്രി മേഖലയിലെ 22 നില കെട്ടിടത്തിൽ ഇന്നലെ തീപിടിത്തമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ, അൻസാരി ഹൈറ്റ്സ് എന്ന കെട്ടിടത്തിന്റെ പതിനാലാമത്തെ നിലയിൽ ആരംഭിച്ച അഗ്നിബാധ പത്തൊന്‍പതാം നിലവരെ പടർന്നു.
തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ അഗ്നിശമനസേനാനംഗങ്ങളായ അഞ്ജലി ജംദാദെ, നസീർ അൻസാരി എന്നിവരെ ബൈക്കുളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ആർഎസ്പി ഇന്ന് പാർലമെന്റ് മാർച്ച് നടത്തുമെന്ന് കേന്ദ്ര സെക്രട്ടേറിയറ്റംഗം എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും.
വിവിധ പ്രതിപക്ഷപാർട്ടികളുടെ ദേശീയ നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്യും. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങി ജനജീവിതം ദുഃസഹമാക്കുന്ന വിഷയങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരേയാണു മാർച്ച്. ആർഎസ്പി ദേശീയതലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണിത്.
വത്തിക്കാൻ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനിൽ സ്വീകരണം
ഡോണാപോള (ഗോവ): വത്തിക്കാന്‍ ഇന്ത്യക്കു നല്കിയ പുതുവര്‍ഷസമ്മാനമാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ പദവിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. വത്തിക്കാനില്‍നിന്നുള്ള ഒമ്പതംഗ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ആദ്യകാല ക്രിസ്ത്യന്‍ സന്ദേശം എത്തിച്ചേര്‍ന്ന ഇടങ്ങളാണു കേരളവും ഗോവയും. അതുകൊണ്ടുതന്നെ മലയാളിയെന്ന നിലയിലും ഗോവ ഗവര്‍ണര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയില്‍ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യ ലോകത്തിനു നല്കിയ ആത്മീയസമ്മാനമാണ് നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടെന്നു വത്തിക്കാന്‍ സെക്രട്ടേറിയറ്റിന്റെ പ്രതിനിധിയായെത്തിയ ആർച്ച്ബിഷപ് ഡോ. എഡ്ഗാർ പേഞ്ഞ പാർറ പറഞ്ഞു.
ഗോവ ആര്‍ച്ച്ബിഷപ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, സഹായമെത്രാൻ ഡോ. സിമിയാവോ, മറ്റൊരു നിയുക്ത കർദിനാളായ റൊളാന്തസ് മാക്റിക്കസ് തുടങ്ങിയവരും സംസാരിച്ചു. പരിസ്ഥിതി വകുപ്പ് മന്ത്രി അലക്സ് സെക്വറിയയും സന്നിഹിതനായിരുന്നു.
മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്, ബാലഗംഗാധര തിലകന്, ചിന്മയാനന്ദ സ്വാമി, ആനി ബസന്റ് എന്നിവരുടെ ഭഗവത്ഗീത വ്യാഖ്യാനങ്ങളും വിശുദ്ധ കുരിശും നിലവിളക്കും നല്‍കിയാണ് ഗവര്‍ണര്‍ അതിഥികളെ സ്വീകരിച്ചത്.
പ്രതിനിധിസംഘം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ഥിച്ചു കൊടുത്തയച്ച സമ്മാനങ്ങള്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. ക്രൂശിതരൂപവും പരിശുദ്ധ കന്യാമറിയത്തിന്റെ ശില്പവും രണ്ടു കൊന്തയുമാണ് മാര്‍പാപ്പ കൊടുത്തയച്ച സമ്മാനങ്ങൾ.
വത്തിക്കാന്‍ സംഘം ഗവര്‍ണറോടൊപ്പം രാജ്ഭവനിലെ ഔവര്‍ ലേഡി ഓഫ് കേപ് ഓഫ് ബോണ്‍ വോയേജ് പള്ളി സന്ദര്‍ശിച്ചാണു മടങ്ങിയത്.
ലഖിംപുർ ഖേരി സംഭവം : ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തിയതിൽ വിശദീകരണം തേടി സുപ്രീംകോടതി
ന്യൂഡൽഹി: യുപിയിലെ ലഖിംപുർ ഖേരി കൂട്ടക്കൊലക്കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തിൽ മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയോടു പ്രതികരണം തേടി സുപ്രീംകോടതി.
ആരോപണങ്ങൾ നിഷേധിച്ചതിനെത്തുടർന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് മിശ്രയുടെ അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു.
നാലാഴ്ചയ്ക്കുശേഷം സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന ഫോട്ടോകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇവ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നായിരുന്നു മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദാവേയുടെ വാദം.
റദ്ദാക്കിയ 2021ലെ കാർഷിക നിയമത്തിനെതിരേ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി മാധ്യമപ്രവർത്തകനടക്കം എട്ടുപേരെ കൊലപ്പെടുത്തിയെന്നതാണ് മിശ്രയ്ക്കെതിരേയുള്ള കേസ്.
2023 ജനുവരിയിൽ മിശ്രയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യവും ഈ വർഷം ജൂലൈയിൽ സാധാരണ ജാമ്യവും അനുവദിച്ചിരുന്നു. കേസിലെ 12 കൂട്ടുപ്രതികൾക്ക് കഴിഞ്ഞ 12ന് അലാഹാബാദ് ഹൈക്കോടതി സാധാരണ ജാമ്യം അനുവദിച്ചു.
നിരവധി സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും സമീപഭാവിയിൽ വിചാരണ അവസാനിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം. കേസിന്റെ വിചാരണ സുപ്രീംകോടതി നിരീക്ഷിച്ചുവരികയാണ്.
ജെപിസിയുടെ കാലാവധി നീട്ടും ; വഖഫ് ഭേദഗതി ബിൽ നടപ്പ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാൻ സാധ്യതയില്ലെന്നു റിപ്പോർട്ട്.
വഖഫ് നിയമഭേദഗതിയിലെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്കാന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി (ജെപിസി) യോഗത്തിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.
നടപടികള്‍ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് നാളെ കൈമാറുമെന്നും സമിതി അധ്യക്ഷന്‍ ജഗദാംബിക് പാല് അറിയിച്ചതോടെ പ്രതിപക്ഷനേതാക്കള്‍ പ്രകോപിതരായി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്നാണ് ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനും ജെപിസിയുടെ കാലാവധി നീട്ടാനും തീരുമാനമായത്.
റിപ്പോർട്ട് പൂർണമല്ലെന്നും വിവിധ വിഷയങ്ങൾ ഇനിയും പരിഗണിക്കാനുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചില ബിജെപി എംപിമാരും ഇതു ശരിവച്ചു.
ജനാധിപത്യത്തിന്റെ അടിസ്ഥാനശില ഭരണഘടന: രാഷ്ട്രപതി
ന്യൂഡൽഹി: ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയും പൗരാവകാശങ്ങളുടെ കാവലാളുമാണ് ഇന്ത്യൻ ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണു ഭരണഘടന. സാമൂഹിക- രാഷ്ട്രീയ മേഖലകളുടെയും ജനാധിപത്യത്തിന്റെയും ആധാരശിലയാണത്. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടന. സമൂഹത്തിന്റെ നെടുംതൂണുമാണ്. രാജ്യപുരോഗതിക്കുപിന്നിൽ ഭരണഘടനയാണ്. 75 വർഷങ്ങൾക്കുമുന്‍പ് രാജ്യത്തിനു ഭരണഘടന സമർപ്പിച്ച സഭയിൽ പങ്കെടുത്ത അംഗങ്ങളെ അനുസ്മരിക്കുന്നു.
ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ ഭരണഘടനാശില്പികൾ ദീർഘവീക്ഷണം പുലർത്തി-രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയുടെ ഫലപ്രാപ്തി അതു നടപ്പാക്കുന്നവരെ ആശ്രയിച്ചിരിക്കുന്നുമെന്ന മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ പ്രസ്താവന രാഷ്ട്രപതി ഓർമപ്പെടുത്തി.
ദുരന്തനിവാരണം: കേരളത്തിന് 72 കോടി
ന്യൂഡൽഹി: ദുരന്തനിവാരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന ഫണ്ടിൽ കേരളത്തിന് 72 കോടി രൂപ അനുവദിച്ചു. 1,115.67 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി 15 സംസ്ഥാനങ്ങൾക്കായി നൽകാൻ തീരുമാനിച്ചത്.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ അതത് സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാം. ദുരന്തനിവാരണത്തിന് ഈ വർഷം 21476 കോടി രൂപ അനുവദിച്ചു. വടക്കുകിഴക്ക് സംസ്ഥാനങ്ങൾക്ക് 378 കോടി , ഉത്തരാഖണ്ഡിനും ഹിമാചൽപ്രദേശിനും 139 കോടി വീതം, മഹാരാഷ്ട്രയ്ക്ക് 100 കോടി, കേരളത്തിനും കർണാടകയ്ക്കും 72 കോടി വീതം, തമിഴ്നാടിനും പശ്ചിമബംഗാളിനും 50 കോടി വീതമാണ് അനുവദിച്ചത്.
അവ്യക്തത തുടരുന്നു, ഷിൻഡെ രാജിവച്ചു
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് സസ്പെൻസ് തുടരുന്നു. മഹായുതി വൻ വിജയം നേടി നാലു ദിവസമായിട്ടും സർക്കാർ രൂപവത്കരണം എങ്ങുമെത്തിയിട്ടില്ല. ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവലെ ഇന്നലെ പറഞ്ഞു. എന്നാൽ, ബിജെപിയിൽനിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായില്ല.
ഇന്നലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവച്ചു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർക്കൊപ്പം ഗവർണർ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചാണ് ഷിൻഡെ രാജി സമർപ്പിച്ചത്. പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കും വരെ ഷിൻഡെ കാവൽ മുഖ്യമന്ത്രിയായി തുടരും.
ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് ശിവസേനാ നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെടുന്നു. ഷിൻഡെയുടെ നേതൃത്വത്തിലാണ് മഹായുതി വൻ വിജയം നേടിയതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ 132 സീറ്റ് ഒറ്റയ്ക്കു ലഭിച്ച ബിജെപി മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാൻ തയാറല്ല. ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനും ഷിൻഡെയെയും അജിത് പവാറിനെയും ഉപമുഖ്യമന്ത്രിമാരാക്കാനുമാണ് ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.
സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് പ്രമുഖ വകുപ്പുകൾ നല്‍കിയേക്കും. വകുപ്പുകളുടെ കാര്യത്തിൽ ധാരണയായ ശേഷമേ മുഖ്യമന്ത്രിയെ ബിജെപി തീരുമാനിക്കുകയുളളൂ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെയും നിശ്ചയിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ മുന്‍പ് ഘടകകക്ഷി നേതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. പരമാവധി 43 മന്ത്രിമാരാണു മഹാരാഷ്ട്രയിൽ ഉണ്ടാകുക.
എൻസിപി അജിത് പക്ഷത്തിന്റെ പിന്തുണ ദേവേന്ദ്ര ഫഡ്നാവിസിനാണ്. ഷിൻഡെയുടെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുന്നത് ഈ നിലപാടാണ്. ഫഡ്നാവിസാണ് തങ്ങൾക്കു സ്വീകാര്യനെന്ന് മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ പറഞ്ഞിരുന്നു.
ഷിൻഡെയുടെ കീഴിൽ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി പ്രവർത്തിച്ചതു ഷിൻഡെ മാതൃകയാക്കണമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അഠാവലെയുടെ നിലപാട്. 26/11 ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ ഇന്നലെ ഷിൻഡെയും ഫഡ്നാവിസും ഒരുമിച്ചു പങ്കെടുത്തിരുന്നുവെങ്കിലും കാര്യമായി സംസാരിച്ചില്ല.
സമ്മർദം ഫലിച്ചു; പ്രതിപക്ഷനേതാക്കൾക്കും വേദിയിൽ ഇരിപ്പിടം
ന്യൂഡൽഹി: ഭരണഘടനയുടെ 75-ാം വാർഷികാഘോഷച്ചടങ്ങിൽ പ്രതിപക്ഷനേതാക്കൾക്കും വേദിയിൽ ഇരിപ്പിടം നൽകി കേന്ദ്രസർക്കാർ. നേരത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരെ ഒഴിവാക്കിയായിരുന്നു സർക്കാർ ചടങ്ങിന് രൂപം നൽകിയത്.
പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസടക്കം പ്രതിപക്ഷം കത്ത് നൽകി. പ്രതിപക്ഷനേതാക്കളെ വേദിയിൽനിന്ന് ഒഴിവാക്കിയാൽ ചടങ്ങു ബഹിഷ്കരിച്ച് അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ സത്യഗ്രഹം നടത്താൻ "ഇന്ത്യ' സഖ്യം എംപിമാർ ആലോചിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഖാർഗെയെയും രാഹുലിനെയും വേദിയിലിരുത്താൻ സർക്കാർ തീരുമാനിച്ചത്.
ഭരണഘടനയ്ക്കു രൂപം നൽകിയ പഴയ പാർലമെന്റ് മന്ദിരത്തിലെ കോണ്‍സ്റ്റിറ്റ്യുവന്റ് ഹാളിൽ (സെൻട്രൽ ഹാൾ) നടന്ന സമ്മേളനത്തിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കർ ഓം ബിർല, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ജെ.പി. നഡ്ഡ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജുജു, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് എന്നിവർ വേദിയിലുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരും ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരും ചടങ്ങിൽ പങ്കെടുത്തു. പിന്നീട് രാഷ്ട്രപതി വായിച്ച ഭരണഘടനയുടെ ആമുഖത്തിന്റെ ഹിന്ദി പരിഭാഷ മന്ത്രിമാരും എംപിമാരും ഏറ്റുവായിച്ചു.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാക്കൾ എന്നിവർ വേദിയിലുണ്ടായിരുന്നെങ്കിലും പ്രസംഗിച്ചില്ല. പ്രസംഗിച്ചില്ലെങ്കിലും ഭരണഘടനയുടെ 75 വർഷത്തെക്കുറിച്ചു ചടങ്ങിൽ പ്രദർശിപ്പിച്ച വീഡിയോ ചിത്രത്തിൽ മോദിയുടെ പ്രസംഗം ഉൾപ്പെടുത്തി.
75 രൂപ നാണയവും സ്റ്റാന്പും പുറത്തിറക്കി ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി 75 രൂപയുടെ നാണയവും പ്രത്യേക സ്റ്റാന്പും രാഷ്ട്രപതി ദ്രൗപദി മുർമു പുറത്തിറക്കി. ഭരണഘടനയുടെ ആദ്യ സംസ്കൃത പരിഭാഷയും അതിന്റെ മൈഥിലി ഭാഷയിലെ ബുക്കും ഭരണഘടനയുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങളും ഇന്നലെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രകാശനം ചെയ്തു.
ഭരണഘടന വഴികാട്ടുന്ന വെളിച്ചം: പ്രധാനമന്ത്രി ന്യൂഡൽഹി: പരിവർത്തനത്തിന്റെ ഒരു വലിയ ഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയെ വഴി കാട്ടുന്ന വെളിച്ചമാണു ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “രാജ്യമാദ്യം’’ എന്ന വികാരം ഭരണഘടനയെ കാലങ്ങളോളം നിലനിർത്തുമെന്നും മോദി പറഞ്ഞു. സുപ്രീംകോടതിയിൽ നടന്ന ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിൽ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെയും മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവരെയും പ്രധാനമന്ത്രി സ്മരിച്ചു.
ജമ്മു കാഷ്മീരിൽ ഭരണഘടന പൂർണമായി പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രത്തിലാദ്യമായി ജമ്മു കാഷ്മീരിൽ ഭരണഘടനാദിനം ആഘോഷിക്കാനായി. രാജ്യത്തിന്റെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റാനും ഭരണഘടനയ്ക്കു കഴിഞ്ഞു.
ഭരണഘടന കേവലമൊരു അഭിഭാഷകരേഖയല്ലെന്നും അതിന്റെ ആത്മാവ് എപ്പോഴും കാലത്തിന്റെ ആത്മാവാണെന്നുമുള്ള അംബേദ്കറിന്റെ പ്രസ്താവനയും മോദി പ്രസംഗത്തിൽ ഉദ്ധരിച്ചു. കഴിഞ്ഞ 75 വർഷത്തിനിടെ ഭരണഘടന പലതവണ വെല്ലുവിളി നേരിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും അത് കരുത്തോടെ നിലനിൽക്കുന്നുവെന്നും മോദി പറഞ്ഞു. സുപ്രീംകോടതിയിൽ നടന്ന ആഘോഷച്ചടങ്ങിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ, ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ തുടങ്ങിയവർ പങ്കെടുത്തു.
ജിരിബാം കൂട്ടക്കൊല: വിശദ അന്വേഷണം തുടങ്ങിയതായി എൻഐഎ
ന്യൂഡൽഹി: മണിപ്പുരിലെ ജിരിബാമിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പത്രക്കുറിപ്പിൽ അറിയിച്ചു. ജിരിബാമിൽ നടന്ന മൂന്നു കേസുകളാണ് അന്വേഷണപരിധിയിൽ. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ അന്വേഷണസംഘം സംഭവസ്ഥലം സന്ദർശിച്ചിരുന്നു. മണിപ്പുർ പോലീസിൽനിന്നു വിവരങ്ങൾ കൈമാറുന്ന നടപടി പുരോഗമിക്കുകയാണ്.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. ബോറോബെക്രയിൽ വീടുകൾ കത്തിക്കുകയും രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് അന്വേഷണപരിധിയിലുള്ള കേസുകളിലൊന്ന്. മൂന്നു സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പെടെ ആറുപേരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൊന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ജിരിബാമിൽ സൈനികക്യാന്പും പോലീസ് സ്റ്റേഷനും ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്. ജിരിബാമിൽ ഒരു സ്ത്രീയെ അക്രമികൾ കൊലപ്പെടുത്തിയതാണ് അന്വേഷണപരിധിയിലുള്ള മൂന്നാമത്തെ കേസ്. ജിരിബാം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളും എൻഐഎ വീണ്ടും രജിസ്റ്റർ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.
ജോലിക്കു പോയ ആളെ കാണാതായി; മണിപ്പുരിൽ സംഘർഷാവസ്ഥ
ഇംഫാൽ: ജോലിക്കു പോയ ആളെ കാണാതായതിനെത്തുടർന്ന് മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ വീണ്ടും സംഘർഷാവസ്ഥ. മെയ്തെയ് വിഭാഗത്തിൽപ്പെട്ട ഇംഫാൽ വെസ്റ്റിലെ ലോയിതാംഗ് ഖുനൂ നിവാസി ലൈഷ്റാം കമൽ ബാബു സിംഗി (55)നെയാണു തിങ്കളാഴ്ച ഉച്ചമുതൽ കാണാതായത്. എതിർവിഭാഗം തട്ടിക്കൊണ്ടുപോയതാണെന്ന പ്രചാരണമാണ് സംഘർഷത്തിനു വഴിവച്ചത്.
കാങ്പോക്പിയിലെ ലെയ്മഖോംഗ് സൈനിക ക്യാന്പിലെ ശുചീകരണജോലികൾ ചെയ്യുന്ന ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസും സൈന്യവും വ്യാപകമായ തെരച്ചിൽ തുടരുന്നുണ്ട്. കുക്കി മേധാവിത്തമുള്ള പ്രദേശത്താണു സൈനിക ക്യാന്പ്. ഇതിനു സമീപം താമസിച്ചിരുന്ന മെയ്തെയ് വിഭാഗക്കാർ കഴിഞ്ഞവർഷം മേയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടർന്ന് ലോയിതാംഗ് ഖുനുവിലേക്ക് ചേക്കേറുകയായിരുന്നു.
കമൽ ബാബുവിനുവേണ്ടി സുരക്ഷാസേന അന്വേഷണം തുടരുന്നതിനു സമാന്തരമായി മെയ്തെയ്കളും സംഘടിക്കുകയാണ്. സംഘർഷാവസ്ഥ ഒഴിവാക്കാനായി ഇവരെ തടയുന്നുണ്ടെങ്കിലും പലരും പിന്മാറാൻ കൂട്ടാക്കുന്നില്ല. കമൽ ബാബുവിനെ കുക്കികൾ തട്ടിക്കൊണ്ടുപോയെന്നും കടുത്ത സൈനികനടപടികൾ ഉണ്ടാകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഒരു മാസം നീണ്ട "ഡിജിറ്റല്‍ അറസ്റ്റ് ' എഴുപത്തേഴുകാരിക്കു നഷ്ടം 3.8 കോടി രൂപ
മുംബൈ: മുംബൈയില്‍ എഴുപത്തേഴുകാരിയായ വീട്ടമ്മയെ കബളിപ്പിച്ച് സൈബര്‍ തട്ടിപ്പ് സംഘം 3.8 കോടിരൂപ അപഹരിച്ചു. ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ധരിപ്പിച്ച് ഒരുമാസത്തോളം വീട്ടമ്മയെ കബളിപ്പിച്ചാണു സംഘം അക്കൗണ്ടിൽനിന്ന് പല തവണയായി പണം കൈക്കക്കലാക്കിയത്. റിട്ട. ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം കഴിയുന്ന വീട്ടമ്മയുടെ രണ്ടു മക്കളും വിദേശത്താണ്.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കാലം നീണ്ട ഡിജിറ്റല്‍ തട്ടിപ്പാണിതെന്നു പറയപ്പെടുന്നു. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പു സംഘം ആദ്യം വീട്ടമ്മയെ സമീപിച്ചത്. ഇവരുടെ പേരിൽ തായ്വാനിലേക്ക് അയച്ച പാഴ്സല്‍ പിടിച്ചെടുത്തുവെന്നായിരുന്നു ആദ്യം പറഞ്ഞത്.
മയക്കുമരുന്നായ എംഡിഎംഎ, അഞ്ച് പാസ്പോര്ട്ടുകള്, ബാങ്ക് കാര്‍ഡുകള്‍ എന്നിവ പാഴ്സലില്നിന്നും കണ്ടെടുത്തെന്നും പറഞ്ഞു. പാഴ്സല്‍ അയച്ചിട്ടില്ലെന്ന് വീട്ടമ്മ പറഞ്ഞപ്പോൾ ആധാര്‍ കാര്‍ഡ് അടക്കം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും മുംബൈയിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാന്‍ സ്കൈപ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഐപിഎസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ ആള് സ്കൈപ്പില്‍ വന്നു. 24 മണിക്കൂര്‍ വീഡിയോ കോളില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വേണമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ഈ അക്കൗണ്ടിലെ പണം മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു.
ആദ്യതവണ 15 ലക്ഷം രൂപയാണ് വീട്ടമ്മ കൈമാറിയത്. ഇത് ഒരു മാസം നീണ്ടു. സംശയം തോന്നിയപ്പോഴേക്കും 3.8 കോടി രൂപ വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ കാര്യങ്ങളെല്ലാം വീട്ടമ്മ മകളെ അറിയിക്കുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരം പോലീസിൽ പരാതിയും നൽകി. വീട്ടമ്മയുടെ പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചിരിക്കുകയാണ്.
ഇവിഎം വേണ്ട, ബാലറ്റ് മതി: ഖാർഗെ
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കു പകരം ബാലറ്റ് പേപ്പർ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തിലാണു കോണ്‍ഗ്രസ് അധ്യക്ഷൻ ഇവിഎമ്മുകളുടെ വിശ്വാസ്യതയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവന്നത്.
ഇവിഎമ്മുകളെക്കുറിച്ച് അമേരിക്കൻ ബിസിനസുകാരനും സാങ്കേതിക വിദഗ്ധനുമായ ഇലോണ്‍ മസ്കിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ഖാർഗെയുടെ പരാമർശം. പല വികസിതരാജ്യങ്ങളും ബാലറ്റുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം; അധികമെണ്ണിയത് അഞ്ചു ലക്ഷം വോട്ട്!
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികം എണ്ണിയതായി ഓൺലൈൻ മാധ്യമമായ "ദ വയർ'റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പു സംവിധാനത്തിന്റെ സുതാര്യതയും കൃത്യതയും സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണ് ഈ റിപ്പോർട്ട്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ 6,40,88,195 വോട്ടാണ് പോൾ ചെയ്തത്(66.05 ശതമാനം). എന്നാൽ എണ്ണിയ വോട്ടുകൾ 6,45,92,508 ആണ്. പോൾ ചെയ്തതും എണ്ണിയതും തമ്മിലുള്ള വ്യത്യാസം 5,04,313 ആണ്. എട്ടു മണ്ഡലങ്ങളിൽ പോൾ ചെയ്തതിനേക്കാൾ കുറവാണ് എണ്ണിയ വോട്ടുകൾ.
അതേസമയം, 280 മണ്ഡലങ്ങളിൽ പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണി.
അഷ്ടി മണ്ഡലത്തിൽ 4538 വോട്ടും ഉസ്മാനാബാദ് മണ്ഡലത്തിൽ 4155 വോട്ടുമാണ് പോൾ ചെയ്തതിനേക്കാൾ എണ്ണിയതെന്ന് "ദ വയർ' റിപ്പോർട്ട് ചെയ്യുന്നു. വാർത്ത പുറത്തുവന്നതിനു പിന്നാലെ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് ഉണ്ടായതായി പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. അതേസമയം, ദ വയർ റിപ്പോർട്ടിൽ പിശകുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ട് തമ്മിൽ അന്തരമില്ല. പോസ്റ്റൽ ബാലറ്റാണ് അധിക വോട്ടായി റിപ്പോർട്ട് ചെയ്തത്. പോസ്റ്റൽ വോട്ടുകൾ ഇവിഎം വോട്ടുകളിൽ കണക്കുകൂട്ടാറില്ല-തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഇവിഎമ്മുകളുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ഹർജി തള്ളി
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കു (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
തോൽക്കുന്പോൾ ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്നു പറയുന്നതും വിജയിക്കുന്പോൾ അതിന്റെ നിയമസാധുത സൗകര്യപൂർവം അംഗീകരിക്കുകയും ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്നും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ പിന്തുടരുന്ന ബാലറ്റ് പേപ്പർ സംവിധാനം ഇന്ത്യയിലും പിന്തുടരണമെന്നും ആവശ്യപ്പെട്ട് ഡോ. കെ.എ. പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവിഎമ്മുകൾ ജനാധിപത്യ സംവിധാനത്തിനു ഭീഷണിയാണെന്നും ഇലോണ്‍ മസ്കിനെപ്പോലുള്ള വ്യക്തികൾ ഇവയുടെ കൃത്രിമത്വത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇവയ്ക്കൊപ്പം പണമോ മദ്യമോ വിതരണം ചെയ്തതിനു പിടിക്കപ്പെട്ടാൽ സ്ഥാനാർഥികളെ അഞ്ചു വർഷത്തേക്ക് അയോഗ്യരാക്കുന്ന നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി വിഷയം തള്ളുകയായിരുന്നു.
കെ.എം. ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ് : സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ തിരിച്ചടി
ന്യൂഡൽഹി: മുസ്ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം. ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിൽ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.
കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 2014ൽ സ്കൂൾ മാനേജ്മെന്റിൽനിന്നു കൈക്കൂലിയായി 25 ലക്ഷം വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരായ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന സർക്കാരും ഇഡിയും സമർപ്പിച്ച സ്പെഷൽ ലീവ് പെറ്റീഷനുകളാണ് സുപ്രീംകോടതി ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
അന്വേഷണത്തിൽ രേഖപ്പെടുത്തിയ 54 സാക്ഷികളുടെ മൊഴികൾ കോടതി പരിശോധിച്ചു. ഷാജി വ്യക്തിപരമായി പണം ആവശ്യപ്പെട്ടതായോ കൈപ്പറ്റിയതായോ മൊഴികളൊന്നും സൂചിപ്പിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും വാക്കാലുള്ള പരമർശങ്ങളല്ല ശക്തമായ തെളിവുകളാണ് ആവശ്യമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇങ്ങനെയാണെങ്കിൽ ഏതൊരു രാഷ്ട്രീയക്കാരനെയും ഓരോ കേസുകളിൽ പ്രതികളാക്കാമല്ലോയെന്നും കോടതി ചോദിച്ചു.
2020ലാണ് ഷാജിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കൈക്കൂലി ആവശ്യപ്പെട്ടതിനു വ്യക്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസിലെ തുടർനടപടികൾ റദ്ദാക്കി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കോഴ നൽകിയിട്ടുണ്ടെന്ന് സ്കൂൾ മാനേജർ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതായും സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതി മുൻ ജസ്റ്റീസ് കുൽദീപ് സിംഗ് അന്തരിച്ചു
ന്യൂഡൽഹി: പരിസ്ഥിതി പ്രശ്നങ്ങളിൽ ശ്രദ്ധേയ വിധിന്യായങ്ങളെഴുതിയ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുൽദീപ് സിംഗ് (92) അന്തരിച്ചു. ഗ്രീൻ ജഡ്ജ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1988 ഡിസംബർ 14 മുതൽ 1996 ഡിസംബർ 21 വരെയാണു സുപ്രീംകോടതിയിൽ സേവനമനുഷ്ഠിച്ചത്. സംസ്കാരം ഇന്നലെ ചണ്ഡിഗഡിലെ ശ്മശാനത്തിൽ നടത്തി.
സംഘർഷത്തിൽ അയവ്; സംബാൽ സാധാരണ നിലയിലേക്ക്
ലക്നോ: മസ്ജിദിൽ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്നുള്ള അക്രമത്തിൽ നാലുപേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ സംബാലിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക്. ഞായറാഴ്ച തുടങ്ങിയ സംഘർഷത്തിന് അയവുവന്നതോടെ ഇന്നലെ സ്കൂളുകൾ തുറന്നുപ്രവർത്തിച്ചു.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും ഇന്നലെ മുടക്കമുണ്ടായിരുന്നില്ല. അതേസമയം മേഖലയിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ മുസ്ലിം, ഹൈന്ദവ വിഭാഗങ്ങളിലെ പലരും ആവശ്യപ്പെട്ടു. പോലീസും സുരക്ഷാസേനയും സ്ഥിതിഗതികൾ സസൂക്ഷമം നിരീക്ഷിക്കുകയാണ്. സംഘർഷത്തിന്റെ പേരിൽ സമാജ്വാദി പാര്‍ട്ടി എംപി സിയ ഉർ റഹ്മാൻ ബരാക് ഉൾപ്പെടെ 400 പേര്‍ക്കെതിരേ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
വിമാനയാത്രയിലെ മോശം പെരുമാറ്റം: മാർഗനിർദേശങ്ങൾ രൂപീകരിക്കണം
ന്യൂഡൽഹി: വിമാനത്തിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാർക്കെതിരേ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ തയാറാക്കാൻ കേന്ദ്രസർക്കാരിനും വ്യോമയാന വകുപ്പിനും സുപ്രീംകോടതി നിർദേശം. ക്രിയാത്മകമായ എന്തെങ്കിലും ഇക്കാര്യത്തിൽ ആവശ്യമാണെന്നു ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു.
2022 നവംബറിൽ യാത്രയ്ക്കിടെ മോശം പെരുമാറ്റം അനുഭവപ്പെട്ട 73കാരി സമർപ്പിച്ച ഹർജിയിലാണ് നിർദേശം. മദ്യപിച്ചു ലക്കുകെട്ട സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചതു ചൂണ്ടിക്കാട്ടി സമാനമായ സംഭവങ്ങൾ ഒഴിവാക്കാൻ കർക്കശ നടപടി വേണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.
ആറു രാജ്യസഭാ സീറ്റുകളിലേക്ക് ഡിസംബർ 20നു തെരഞ്ഞെടുപ്പ്
ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ ആറു രാജ്യസഭാ സീറ്റുകളിലേക്ക് ഡിസംബർ 20നു തെരഞ്ഞെടുപ്പ് നടക്കും. ആന്ധ്രപ്രദേശ്, ഒഡീഷ, ബംഗാൾ, ഹരിയാന സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പ്. ആന്ധ്രയിൽ മൂന്നു വൈഎസ്ആർ കോൺഗ്രസ് അംഗങ്ങൾ രാജിവച്ചതിനെത്തുടർന്നാണു തെരഞ്ഞെടുപ്പ്.
മൂന്നു സീറ്റും ടിഡിപിക്കു ലഭിക്കും. ഒഡീഷയിൽ ബിജെഡി അംഗം സുജീത് കുമാർ രാജിവച്ചിരുന്നു. ഈ സീറ്റ് ബിജെപിക്കു ലഭിക്കും. തൃണമൂൽ അംഗം ജവഹർ സിർക്കാർ രാജിവച്ചതാണ് ബംഗാളിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാൻ കാരണം. ഈ സീറ്റ് തൃണമൂൽ നിലനിർത്തും. ഹരിയാനയിലെ സീറ്റ് ബിജെപി നിലനിർത്തും.
ഭരണഘടനയെക്കുറിച്ച് പാർലമെന്റിൽ ചർച്ച വേണമെന്ന് ഖാർഗെയും രാഹുലും
ന്യൂഡൽഹി: ഭരണഘടനയെക്കുറിച്ച് ലോക്സഭയിലും രാജ്യസഭയിലും രണ്ടു ദിവസം ചർച്ച നടത്തണമെന്നാവശ്യപ്പെട്ടു ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ ചെയർമാനും ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കത്ത് നൽകി. ഭരണഘടനാദിനാഘോഷത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ നടത്തിയ പ്രസംഗം സംബന്ധിച്ച് പാർലമെന്റിൽ ചർച്ച വേണമെന്ന് ഡിഎംകെ നേതാവ് ടി.ആർ. ബാലുവും സ്പീക്കറോട് രേഖാമൂലം ആവശ്യപ്പെട്ടു.
ഭരണഘടനാദിനത്തിൽ രാജ്യത്ത് ബാലറ്റ് പേപ്പർ വോട്ടിംഗ് രീതി തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ ഖാർഗെ ആവശ്യപ്പെട്ടു.
ജാതി സെൻസസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയപ്പെടുന്നുണ്ടെന്ന് തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന "സംവിധാൻ രക്ഷക് അഭിയാൻ' ചടങ്ങിൽ പ്രതിപക്ഷനേതാവ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസ് അനുവദിച്ചാൽ സമൂഹത്തിലെ എല്ലാവിഭാഗങ്ങളും തങ്ങളുടെ വിഹിതം ആവശ്യപ്പെടുമെന്ന് മോദി ഭയപ്പെടുന്നുവെന്നു രാഹുൽ അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണം: ജീവൻ നഷ്ടമായവരെ ഓർമിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി രാഷ്ട്രപതി ദ്രൗപദി മുർമു.
ഭീകരതയെ എല്ലാ രൂപത്തിലും ചെറുക്കുന്നതിനു രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നു രാഷ്ട്രപതി ആവർത്തിക്കുകയും ചെയ്തു. 2008 നവംബർ 26നാണ് പത്ത് ലഷ്കർ ഇ ത്വയ്ബ ഭീകരർ മുംബൈയിൽ ആക്രമണം അഴിച്ചുവിട്ടത്. 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേരുടെ ജീവൻ നഷ്ടമായ ആക്രമണം മുബൈയെ 60 മണിക്കൂറോളം സ്തംഭിപ്പിക്കുകയായിരുന്നു.
പാക്കിസ്ഥാനില്‍നിന്ന് ബോട്ടില്‍ കടല്‍മാര്‍ഗം ഗുജറാത്തിലെ പോര്‍ബന്തര്‍ വഴി മുംബൈയിലെത്തി കൊളാബയ്ക്കടുത്ത് കഫ് പരേഡ് തീരത്തുകൂ ടെയാണ് ഭീകരർ ഇന്ത്യൻ മണ്ണിൽ കടന്നത്.
ചെന്നൈ: ദഹനസംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടി.
ആരോഗ്യനില മെച്ചപ്പെട്ടതായും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ ബുള്ളറ്റിനിൽ അറിയിച്ചു. 1980 തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് 2018 ഡിസംബർ 12നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി ചുമതലയേറ്റത്.
മാർ ജോർജ് കൂവക്കാട്ടിനും സംഘത്തിനും ഇന്ന് ഗോവ രാജ്ഭവനിൽ സ്വീകരണം
പനാജി: നിയുക്ത കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിനും വത്തിക്കാനിൽനിന്നുള്ള പ്രതിനിധിസംഘത്തിനും ഇന്ന് ഗോവ രാജ്ഭവനിൽ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സ്വീകരണം നൽകും. രാവിലെ പത്തിനാണു പരിപാടി.
മാർ ജോർജ് ജേക്കബ് കൂവക്കാട്ടിനു പുറമെ മറ്റൊരു നിയുക്ത കർദിനാളായ റൊളാന്തസ് മാക്റിക്കസ്, വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് പ്രതിനിധി ആർച്ച്ബിഷപ് ഡോ. എഡ്ഗാർ പേഞ്ഞ പാർറ, ഗോവ ആർച്ച്ബിഷപ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, സഹായമെത്രാൻ ഡോ. സിമിയാവോ എന്നിവരുൾപ്പെടുന്ന സംഘമാണ് രാജ്ഭവനിലെത്തുന്നത്.
കോൽക്കത്ത കൊലപാതകം: ജൂണിയർ ഡോക്ടറുടെ മാതാപിതാക്കൾ പ്രതിപക്ഷനേതാവിനെ കണ്ടു
കോൽക്കത്ത: കോൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂണിയർ ഡോക്ടറുടെ മാതാപിതാക്കൾ നീതിതേടി പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയെ കണ്ടു.
രാജ്ഭവനു മുന്നിൽ അടുത്തമാസം പത്തിന് കുത്തിയിരിപ്പ് സത്യഗ്രഹം ഉൾപ്പെടെ സമരപരിപാടികളിലേക്ക് ബിജെപി കടക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സുവേന്ദു അധികാരി മാധ്യമങ്ങളോടു പറഞ്ഞു. രാഷ്ട്രീയതാത്പര്യങ്ങൾ മാറ്റിവച്ച്, സംഭവത്തിലെ സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കും-അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ജൂണിയർ ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. അതിനുശേഷമുണ്ടായ ദുഃഖകരമായ അവസ്ഥകൾ മാതാപിതാക്കൾ പ്രതിപക്ഷനേതാവിനു വിവരിച്ചു നൽകി.
ഭരണഘടനയിൽനിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് "മതേതരത്വം’, "സോഷ്യലിസം’ എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭേദഗതി നടന്നിട്ട് ഏകദേശം 44 വർഷങ്ങൾക്കുശേഷം അതിനെ വെല്ലുവിളിക്കുന്നതിൽ ന്യായീകരണമില്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
1976ൽ പാസാക്കിയ 42-ാം ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഒരുകൂട്ടം റിട്ട് ഹർജികളിൽ വിധി പറയാൻ കഴിഞ്ഞ 22ന് കോടതി മാറ്റിവച്ചിരുന്നു.
മതേതരത്വം എന്ന ആശയം സമത്വത്തിനുള്ള അവകാശത്തിന്റെ ഒരു വശത്തെ പ്രതിനിധീകരിക്കുന്നു. സോഷ്യലിസം സാന്പത്തികവും സാമൂഹികവുമായ നീതിയുടെ തത്വം ഉൾക്കൊള്ളുന്നു, അതിൽ സാന്പത്തികമോ സാമൂഹികമോ ആയ സാഹചര്യങ്ങൾ കാരണം ഒരു പൗരനും കുറവുണ്ടാകില്ലെന്ന് ഭരണകൂടം ഉറപ്പാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഭരണഘടനയുടെ ആമുഖത്തിൽ ഈ രണ്ടു പദങ്ങൾ കൂട്ടിച്ചേർത്തത്, മാറി മാറി വരുന്ന ഭരണകൂടങ്ങൾക്ക് നയരൂപീകരണത്തിനോ ഭരണഘടനാപരമായ അവകാശങ്ങൾക്കോ വെല്ലുവിളിയാകുന്നില്ലെങ്കിൽ ഹർജികളിൽ കൂടുതൽ പരിശോധന ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
42-ാം ഭേദഗതി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ അടിയന്തരാവസ്ഥക്കാലത്തെ പല തീരുമാനങ്ങളും തെറ്റല്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു. അതോടൊപ്പം മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
42-ാം ഭേദഗതിയിലൂടെ അടിയന്തരാവസ്ഥകാലത്ത് "സോഷ്യലിസം’, "മതേതരത്വം’ എന്നീ പദങ്ങൾ ഭരണഘടനയുടെ ഭാഗമാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നും ഇവ ഭരണഘടനയിൽനിന്നു നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവും മുൻ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വനി ഉപാധ്യായ, ബൽറാം സിംഗ് എന്നിവരാണു കോടതിയെ സമീപിച്ചത്.
അദാനിയിൽ സ്തംഭിച്ച് ആദ്യദിനം
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം ലോക്സഭയും രാജ്യസഭയും പൂർണമായി സ്തംഭിച്ചു.
പഴയ പാർലമെന്റിലെ (സംവിധാൻ സദൻ) സെൻട്രൽ ഹാളിൽ ഇന്നു നടക്കുന്ന ഭരണഘടനാ ദിനാഘോഷം പ്രമാണിച്ച് ഇന്ന് ഇരുസഭകൾക്കും അവധി നൽകിയതിനാൽ നാളെ രാവിലെയാകും ഇനി പാർലമെന്റ് സമ്മേളിക്കുക.അദാനി ഗ്രൂപ്പിന്റെ അഴിമതി, കൈക്കൂലി, സാന്പത്തിക ക്രമക്കേടുകൾ എന്നിവയെക്കുറിച്ചു ചർച്ച ചെയ്യണമെന്ന് ലോക്സഭയും രാജ്യസഭയും ഇന്നലെ രാവിലെ ചേർന്നയുടൻ പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.
വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടു കേസ് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് സർക്കാർ വഴങ്ങാത്തതിനെത്തുടർന്ന് സമ്മേളനത്തിന്റെ തുടക്കം മുതൽ സഭ പാടെ സ്തംഭിച്ചു.
സഭാനടപടികൾ നിർത്തിവച്ച് അദാനി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ നോട്ടീസ് നൽകിയിരുന്നു. മണിപ്പുരിലെയും യുപിയിലെ സംബാലിലെയും അക്രമങ്ങൾ ചർച്ച ചെയ്യാനും ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ജനങ്ങൾക്കു സഹായം നൽകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യാനും കേരള എംപിമാർ ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിരുന്നു.
അദാനി വിഷയത്തിൽ ഉൾപ്പെടെ ചർച്ച ആവശ്യപ്പെട്ട് ചട്ടം 267 പ്രകാരം 13 നോട്ടീസുകൾ ലഭിച്ചതായി ചെയർമാൻ ധൻകർ രാജ്യസഭയിൽ പറഞ്ഞു. എന്നാൽ ഇവ അനുവദിക്കാനാകില്ലെന്ന് അധ്യക്ഷൻ അറിയിച്ചതോടെ പ്രതിപക്ഷം ബഹളം തുടങ്ങി.
അദാനി വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം എഴുന്നേറ്റതോടെ നാളെ രാവിലെ ചേരുന്നതുവരെ സഭ പിരിഞ്ഞതായി സ്പീക്കർ ഓം ബിർല അറിയിച്ചു.
രാജ്യസഭയിലും രാവിലെ പ്രതിപക്ഷം അദാനി വിഷയം ഉയർത്തിയതോടെ 11.15 വരെ പിരിഞ്ഞു. വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം അദാനി ചർച്ച ആവശ്യപ്പെട്ടതോടെ നാളത്തേക്കു പിരിഞ്ഞതായി ചെയർമാൻ ജഗദീപ് ധൻകർ അറിയിച്ചു.
ഭരണഘടനാ വാർഷികം: പ്രതിപക്ഷനേതാക്കളെ ഒഴിവാക്കിയതിൽ പ്രതിഷേധം
ന്യൂഡൽഹി: ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികദിനമായ ഇന്നു പാർലമെന്റിൽ നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ലാത്തതിൽ പ്രതിഷേധം.
ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതിൽനിന്ന് രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കിയ നടപടിക്കെതിരേ പ്രതിപക്ഷ "ഇന്ത്യ’മുന്നണിയിലെ നേതാക്കൾ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തെഴുതി. ഇരുസഭകളിലെയും പ്രതിപക്ഷസ്ഥാനം ഭരണഘടനാപരമായ പദവിയാണെന്നും അർഹമായ പ്രാധാന്യം നൽകി ചടങ്ങിനെ അഭിസംബോധന ചെയ്യാനായി ക്ഷണം നൽകണമെന്നും പ്രതിപക്ഷനേതാക്കൾ ആവശ്യപ്പെട്ടു.
നിലവിൽ രാഷ്ട്രപദി ദ്രൗപതി മുർമുവിനും ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമാണു പഴയ പാർലമെന്റ് കെട്ടിടത്തിലെ സെൻട്രൽ ഹാളിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കാനുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ പ്രധാനമന്ത്രി ഇവിടെവച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യില്ലെന്ന് സൂചനയുണ്ട്.
പകരം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്വാൾ, ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ എന്നിവരുടെ സാന്നിധ്യത്തിൽ സുപ്രീംകോടതിയിൽ നടക്കുന്ന ചടങ്ങിലായിരിക്കും പ്രധാനമന്ത്രി പ്രസംഗിക്കുക.
ചടങ്ങിൽ പ്രതിപക്ഷ നേതാക്കൾക്കുകൂടി സംസാരിക്കാൻ അനുവാദം നൽകണമെന്ന് സ്പീക്കർക്കു നൽകിയ കത്തിൽ എംപിമാരായ കനിമൊഴി, സുപ്രിയ സുലെ, പി. സന്തോഷ് കുമാർ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ഒപ്പുവച്ചു.
വന്യജീവി ആക്രമണം; നഷ്ടപരിഹാരം പത്തു ലക്ഷമാക്കി ഉയർത്തിയെന്നു കേന്ദ്രം
ന്യൂഡൽഹി: വന്യജീവി ആക്രമണത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം പത്തു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും ലോക്സഭയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.
അടൂർ പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് സഹമന്ത്രി കീർത്തി വർധനൻ സിംഗാണു മറുപടി നല്‍കിയത്.
നഷ്ടപരിഹാരത്തിനുള്ള കേന്ദ്രവിഹിതം പ്രത്യേകമായി സംസ്ഥാനങ്ങൾക്കു നൽകുന്നില്ല.
വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടിൽനിന്നാണ് തുക നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ 84 പേർ കൊല്ലപ്പെട്ടതായും മന്ത്രി അറിയിച്ചു.
കേന്ദ്രസർക്കാർ പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി
ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനുള്ള കേന്ദ്രസർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ചു നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസിനെ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞ ഓഗസ്റ്റ് 8, 9, 10 തീയതികളിൽ വയനാട് സന്ദർശിച്ചു തയാറാക്കിയ റിപ്പോർട്ട് ആഭ്യന്തരമന്ത്രി, ധനമന്ത്രി, കൃഷിമന്ത്രി എന്നിവരുടെ സബ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് നിർമല അറിയിച്ചു.
കേരള സർക്കാരിന്റെ വിശദമായ റിപ്പോർട്ടുകൾകൂടി കേന്ദ്രത്തിനു ലഭിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടുകൾ പരിശോധിച്ച് വയനാടിനു നൽകേണ്ട പ്രത്യേക കേന്ദ്രസഹായം ഉടൻ പ്രഖ്യാപിക്കുമെന്നും നിർമല വ്യക്തമാക്കി.
ഇതോടൊപ്പം ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കേണ്ടതിനു നൽകേണ്ട കേന്ദ്രസഹായം, വിഴിഞ്ഞം പദ്ധതിക്കു നൽകേണ്ട കേന്ദ്രസഹായം എന്നിവയെല്ലാം എത്രയും വേഗം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
സംബാൽ സംഘർഷം: എസ്പി എംപിക്കെതിരേ കേസ്: 25 പേർ അറസ്റ്റിൽ
ലക്നോ: ഉത്തര്‍പ്രദേശിലെ സംബാലിൽ മസ്ജിദിൽ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധം അക്രമത്തിൽ കലാശിച്ചതിനെത്തുടർന്ന് സമാജ്വാദി പാര്‍ട്ടി എംപി സിയ ഉർ റഹ്മാൻ ബരാക് ഉൾപ്പെടെ 400 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ വെടിയേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾകൂടി ഇന്നലെ മരണത്തിനു കീഴടങ്ങി. ഇതോടെ മരണസംഖ്യ നാലായി.
സംഘർഷത്തിന്റെ പേരിൽ 25 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് എഫ്ഐആറുകളാണ് തയാറാക്കിയിരിക്കുന്നത്. എംപിക്കുപുറമേ സമാജ്വാജി പാർട്ടി എംഎൽഎ ഇക്ബാൽ മഹമൂദിന്റെ മകൻ സുഹൈൽ ഇക്ബാൽ ഉൾപ്പെയുള്ളവർക്കെതിരേയാണു കേസ്.
നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച അധികൃതർ ഈ മാസം 30 വരെ പുറത്തുനിന്നുള്ളവർക്ക് നഗരത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. സംബാൽ മേഖലയിൽ ഇന്റർനെറ്റ് സേവനവും റദ്ദാക്കി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘർഷത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടു. ലാത്തിച്ചാർജിലും കല്ലേറിലും പോലീസുകാരടക്കം ഇരുനൂറോളം പേർക്ക് പരിക്കേറ്റു. ഭൂരിഭാഗവും ചികിത്സയിൽ തുടരുകയാണ്.
അതേസമയം വെടിവയ്പിനുപിന്നിൽ ആരാണ് എന്നതിൽ വ്യക്തതയില്ല. പോലീസും പ്രക്ഷോഭകാരികളും വിഷയത്തിൽ പരസ്പരം പഴിചാരുകയാണ്. വെടിവയ്പ് ഉൾപ്പെടെ അക്രമത്തിനു പിന്നിൽ പോലീസാണെന്നാണ് എംപിയുടെ ആരോപണം.
വെടിവയ്പിനായി പോലീസ് സ്വന്തം തോക്കുകൾ അല്ല ഉപയോഗിച്ചത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ഗൂഢാലോചനയെത്തുടർന്നാണെന്നും അദ്ദേഹം ആരോപിച്ചു.
സിയ ഉര് റഹ്മാൻ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നുവെന്നും വീഡിയോദൃശ്യങ്ങളിൽ ഇതു വ്യക്തമാണെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പറഞ്ഞു. അക്രമത്തിനു പിന്നിൽ ബിജെപിയാണെന്നും തെരഞ്ഞെടുപ്പ് ക്രമക്കേടുകളിൽനിന്നു ശ്രദ്ധതിരിക്കുകയാണ് ലക്ഷ്യമെന്നും അഖിലേഷ് യാദവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
നാടൻ തോക്കിൽനിന്നു വെടിയേറ്റാണ് മൂന്നുപേരുടെയും മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി ഡിവിഷണൽ കമ്മീഷണർ ആഞ്ജനേയ് കുമാർ സിംഗ് അറിയിച്ചു. വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
പോലീസും പ്രാദേശിക ഭരണകൂടവുമാണ് സംഘർഷത്തിന്റെ ഉത്തരവാദികളെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി പറയുന്നു. മോസ്കിൽ കഴിഞ്ഞദിവസം നടന്നത് കോടതി ഉത്തരവിനെത്തുടർന്നുള്ള സർവേയല്ല. നിയമവിരുദ്ധമായാണു സർവേ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനു പിന്നാലെ സഫർ അലിയെ പോലീസ് അറസ്റ്റ് ചെയ്തു.
മുഗള്‍ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജുമാ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കമാണ് സംഘർഷത്തിനു കാരണം. 1529ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഭാഗികമായി തകര്‍ത്തെന്ന് പറയപ്പെടുന്ന ഹരിഹര്‍ മന്ദിറിന്റെ മുകളിലാണ് മോസ്ക് എന്ന് ആരോപിച്ച് ഒരുവിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്ന് കോടതി നിർദേശപ്രകാരം സർവേ നടത്താനെത്തിയ സംഘത്തെ തടഞ്ഞതാണ് സംഘർഷത്തിനു വഴിതുറന്നത്.
പള്ളിത്തർക്കം: ഉദ്യോഗസ്ഥർക്കെതിരേയുള്ള ഹൈക്കോടതി നടപടി തടഞ്ഞ് സുപ്രീംകോടതി
ന്യൂഡൽഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി. സർക്കാരുകൾക്ക് മതസ്ഥാപനങ്ങൾ ഏറ്റെടുക്കാമോ എന്ന വിഷയത്തിൽ ഡിസംബർ മൂന്നിന് കോടതി വാദം കേൾക്കും.
പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രധാന കേസ് ഇനി പരിഗണിക്കില്ലെന്നും സർക്കാരുകൾക്ക് മതസ്ഥാപനം ഏറ്റെടുക്കാൻ സാധിക്കുമോ എന്ന വിഷയം മാത്രമായിരിക്കും ഡിസംബറിൽ പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രതികരണവും കോടതി തേടി.
ഓർത്തഡോക്സ്- യാക്കോബായ തർക്കത്തിൽ ഉൾപ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ ഇരുപതോളം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.
ഇതു ചോദ്യം ചെയ്താണ് ഉദ്യോഗസ്ഥർ സുപ്രീംകോടതിയെ സമീപിച്ചത്. പള്ളികളിൽ പ്രവേശിക്കാനും ശുശ്രൂഷകൾ നടത്താനും സംരക്ഷണം നൽകാൻ നിർദേശം നൽകിയിട്ടും നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭാംഗങ്ങൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
സുരേന്ദ്രന്റെ രാജിവാർത്തകൾ തള്ളി ജാവദേക്കർ
ന്യൂഡൽഹി: പാലക്കാട്ടെ തോൽവിക്കു പിന്നാലെ ബിജെപി സംസ്ഥാനനേതൃത്വത്തിൽ അഴിച്ചു പണി നടത്തുമെന്ന വാർത്തകൾ തള്ളി ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ.
തെരഞ്ഞടുപ്പ് തോൽവിക്കു പിന്നാലെ കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റുസ്ഥാനം രാജിവയ്ക്കുമെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന് പിന്തുണയുമായി ജാവദേക്കർ രംഗത്തുവന്നത്.
തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് ആരും രാജിവയ്ക്കില്ലെന്നും അത്തരം യുക്തിപ്രകാരം എൽഡിഎഫിന്റെ തോൽവിയിൽ പിണറായി വിജയനും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തോൽവിയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജിവയ്ക്കേണ്ടിവരുമെന്ന് ജാവദേക്കർ പറഞ്ഞു.
ബിജെപി നേതാക്കൾ രാജിവയ്ക്കുമെന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് എൽഡിഎഫും യുഡിഎഫുമാണ്. ബിജെപിയിൽ ആരും രാജിവയ്ക്കില്ലെന്നും പാർട്ടി ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ജാവദേക്കർ വ്യക്തമാക്കി.
പ്രതിപക്ഷത്തിനെതിരേ പ്രധാനമന്ത്രി
ന്യൂഡൽഹി: ജനങ്ങൾ ആവർത്തിച്ചു തിരസ്കരിച്ചവർ പാർലമെന്റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാർലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു മോദി പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ആരോഗ്യകരമായ ചർച്ചകൾ പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
ആരോഗ്യകരമായ ചർച്ചകൾ അത്യന്താപേക്ഷിതമാണ്. എന്നാൽ ദൗർഭാഗ്യവശാൽ ജനങ്ങളാൽ തിരസ്കരിക്കപ്പെട്ട ചില വ്യക്തികൾ തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങൾക്കായി പാർലമെന്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. പാർലമെന്റ് നടപടികൾ നിർത്തിവയ്പ്പിക്കുകയാണ് അവരുടെ പ്രാഥമിക ലക്ഷ്യം.
എന്നാൽ അതു പലപ്പോഴും വിജയിക്കാറില്ല. ഇത്തരം പ്രവൃത്തികൾ പുതിയ ആശയവും ഊർജവും ഉൾക്കൊള്ളുന്ന പുതിയ എംപിമാർക്ക് സഭയിൽ സംസാരിക്കുന്നതിനുള്ള അവസരം നിഷേധിക്കപ്പെടുകയാണെന്നും മോദി പറഞ്ഞു.
ഇത്തരക്കാർ ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിയുന്നില്ല. ഇതു വോട്ടർമാരുടെ ആവർത്തിച്ചുള്ള തിരസ്കരണത്തിലേക്കു നയിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഫഡ്നാവിസ് മുഖ്യമന്ത്രിയാകും
മുംബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനത്തേക്കു ഫഡ്നാവിസിന്റെ പേരിന് ബിജെപി ഹൈക്കമാൻഡ് അംഗീകാരം നല്‍കിയെന്നാണു സൂചന. ശിവസേന (ഷിൻഡെ) നേതാവ് ഏക്നാഥ് ഷിൻഡെ, എൻസിപി (അജിത്) നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.
രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന ഷിൻഡെയുടെ ആവശ്യം ബിജെപി നേതൃത്വം പരിഗണിച്ചില്ല. 132 സീറ്റോടെ ബിജെപി തിളക്കമാർന്ന വിജയം നേടിയതോടെ ഷിൻഡെയുടെ വിലപേശൽശക്തി കുറഞ്ഞു. കേവലഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ മാത്രം കുറവാണ് ബിജെപിക്കുള്ളത്. 57 സീറ്റാണു മഹായുതിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്കുള്ളത്. അജിത് പവാറിന്റെ പിന്തുണ ഫഡ്നാവിസിനായിരുന്നു.
41 അംഗങ്ങളാണ് അജിത് പക്ഷ എൻസിപിക്കുള്ളത്. മുന്തിയ വകുപ്പുകളക്കം 12 മന്ത്രിസ്ഥാനമാണ് ഷിൻഡെ പക്ഷത്തിനു ലഭിക്കുക. എൻസിപിക്ക് പത്തു മന്ത്രിസ്ഥാനം കിട്ടിയേക്കും. 43 മന്ത്രിസ്ഥാനങ്ങളിൽ പകുതിയോളം ബിജെപി സ്വന്തമാക്കുമെന്നാണു റിപ്പോർട്ട്.
അതേസമയം, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നാണ് മുതിർന്ന ശിവസേന നേതാവ് പ്രതികരിച്ചത്. ഷിൻഡെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന് പാർട്ടി ഒന്നടങ്കം ആവശ്യപ്പെടുന്നു. ബിഹാർ മാതൃകയാക്കി ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേന നേതാക്കളുടെ ആവശ്യം. ബിഹാറിൽ ചെറിയ കക്ഷിയായ ജെഡി-യുവിന്റെ നേതാവ് നിതീഷ്കുമാറിനെ മുഖ്യമന്ത്രിയാക്കിയ കാര്യം ശിവസേന ചൂണ്ടിക്കാട്ടുന്നു.
മഹായുതിയെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച ലഡ്കി-ബഹിൻ യോജന ഷിൻഡെയുടെ ആശയമായിരുന്നുവെന്നു പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഫഡ്നാവിസിന് അജിത് പവാർ പിന്തുണ പ്രഖ്യാപിച്ചതോടെ ഷിൻഡെയ്ക്കു മുന്നിൽ മറ്റു മാർഗങ്ങളില്ല. പ്രതിപക്ഷം തീർത്തും ദുർബലമായതോടെ മറുകണ്ടം ചാടിയിട്ടും പ്രയോജനമില്ല.
ആദിത്യ താക്കറെ ശിവസേന നിയമസഭാ കക്ഷി നേതാവ്
മുംബൈ: ആദിത്യ താക്കറെയെ ശിവസേന (ഉദ്ധവ്) നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനായ ആദിത്യ മുംബൈ വർളിയിൽനിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്.
ഭാസ്കർ ജാദവിനെ പാർട്ടി ഗ്രൂപ്പ് ലീഡറായും സുനിൽ പ്രഭുവിനെ ചീഫ് വിപ്പായും തെരഞ്ഞെടുത്തു. 20 അംഗങ്ങളുള്ള ശിവസേന(ഉദ്ധവ്)ആണു പ്രതിപക്ഷത്തെ വലിയ ഒറ്റക്കക്ഷി.
മണിപ്പുരിലെ അക്രമങ്ങൾ കേന്ദ്രത്തിന്റെ അറിവോടെ: മുൻ ആഭ്യന്തര സെക്രട്ടറി
ന്യൂഡൽഹി: മണിപ്പുരിന്റെ ചരിത്രത്തിൽ മുന്‍പൊരിക്കലും കുക്കികളും മെയ്തെയ്കളും തമ്മിൽ ഏറ്റുമുട്ടിയിട്ടില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള.
സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ നടപ്പാക്കുന്നതുകൊണ്ടോ പോലീസിനെ അഴിച്ചുവിടുന്നതുകൊണ്ടോ മണിപ്പുരിലെ പ്രശ്നത്തിനു പരിഹാരമാകില്ലെന്നും പക്ഷപാതിയും സംഘർഷങ്ങളുടെ പ്രേരകശക്തിയുമെന്ന് കരുതപ്പെടുന്ന മുഖ്യമന്ത്രി ബിരേൻ സിംഗിനെ നീക്കണമെന്നും പിള്ള ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമാണ് ഒരു പരിധിവരെ മണിപ്പുരിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഒരു പത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം തുറന്നടിച്ചു.
കുക്കികളും നാഗാ വിഭാഗക്കാരും തമ്മിലും നാഗകളും മെയ്തെയ്കളും തമ്മിലും സംഘർഷങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ കുക്കികളും മെയ്തെയ്കളും പരസ്പരം ഏറ്റുമുട്ടിയ ചരിത്രമില്ല.
കുക്കികളെ നിന്ദിച്ചുകൊണ്ടുള്ള പ്രചാരണത്തിനു നേതൃത്വം നൽകുന്ന അരംബായി തെങ്കോൾ എന്ന സ്വകാര്യ സായുധ സേനയ്ക്കു രൂപം നൽകിയത് മുഖ്യമന്ത്രി ബിരേൻ സിംഗാണെന്നു പിള്ള ആരോപിച്ചു.
ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത് എൻഎസ്യുഐ
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത് എൻഎസ്യുഐ.
കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ എൻഎസ്യുഐ ഏഴു വർഷത്തിനുശേഷമാണ് ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ് സ്ഥാനം നേടുന്നത്. ജോയിന്റ് സെക്രട്ടറിസ്ഥാനവും എൻഎസ്യുഐ നേടി.
ആർഎസ്എസ് പിന്തുണയുള്ള എബിവിപി വൈസ് പ്രസിഡന്റ്, സെക്രട്ടറിസ്ഥാനങ്ങൾ നേടി. നേരത്തേ മൂന്നു സീറ്റുകളുമായി എബിവിപിയായിരുന്നു യൂണിയൻ ഭരിച്ചിരുന്നത്.
എൻഎസ്യുഐയുചെ റൗണക് ഖത്രി 1300 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.