നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയൻ അംബാസഡർ
Tuesday, December 10, 2024 10:17 AM IST
ന്യൂഡൽഹി: നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയൻ അംബാസഡർ എച്ച്.ഇ. അന്റോണിയോ ബാർട്ടോളി. കേരളത്തിൽനിന്നുള്ള നഴ്സുമാർക്ക് ഇറ്റലിയിൽ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്ക്കൊപ്പം ഇറ്റാലിയൻ ഭാഷ കൂടി നഴ്സുമാർ പഠിക്കണമെന്നും കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിൽ അംബാസഡർ വ്യക്തമാക്കി.
ഇറ്റലിയും കേരളവും തമ്മിലുള്ള സാംസ്കാരിക ഇടപെടലുകളും സഹകരണങ്ങളും കൂടുതൽ മെച്ചപ്പെടുത്താനുള്ള സാധ്യതകളും ചർച്ചയുടെ ഭാഗമായി. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഇറ്റാലിയൻ അംബാസഡറും ഇറ്റാലിയൻ സ്ഥാപനങ്ങളും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി കെ.വി. തോമസ് പറഞ്ഞു.