മാര്‍പാപ്പയ്ക്ക് സ്നേഹോപഹാരം സമ്മാനിച്ച് സാദിഖലി തങ്ങള്‍
Tuesday, December 3, 2024 10:08 AM IST
വത്തിക്കാന്‍ സിറ്റി: ശ്രീനാരായണ ഗുരു സംഘടിപ്പിച്ച പ്രഥമ സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടന്ന സര്‍വമത സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.
കുശലാന്വേഷണങ്ങള്‍ക്കു ശേഷം സ്നേഹോപഹാരമായി മാര്‍പാപ്പയ്ക്ക് പുസ്തകവും സമ്മാനിച്ചു. മതങ്ങളുടെയെല്ലാം അന്തഃസത്ത മൈത്രിയാണെന്നും വൈവിധ്യങ്ങളെ സഹിഷ്ണുതയോടെ സമീപിച്ച് മാനവ സ്നേഹം ഉയര്‍ത്തിപ്പിടിക്കണമെന്നും സര്‍വമത സമ്മേളനത്തിന്റെ ഭാഗമായി അഗസ്റ്റീനിയാനു സർവകലാശാല ഹാളിൽ നടന്ന സെമിനാറില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു.
എല്ലാ മനുഷ്യരും അവരുടെ വംശീയതയോ മതപരവും സാംസ്കാരികവുമായ പാരമ്പര്യമോ നോക്കാതെ, ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശത്തിലൂടെ സാമൂഹികവും മതപരവുമായ ഉണര്‍വ് പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീനാരായണ ഗുരു തന്റെ ജീവിതം സമര്‍പ്പിച്ചു എന്ന മാര്‍പാപ്പയുടെ നിരീക്ഷണം എല്ലാവരും ഹൃദയത്തിലേറ്റണം.
നാനാത്വത്തിൽ ഏകത്വമെന്ന മാനവ മൈത്രിയിലധിഷ്ഠിതമായ ബഹുസ്വരതയെ സ്വാംശീകരിക്കാനും പ്രചരിപ്പിക്കാനും എല്ലാവരും മുന്നോട്ടു വരണമെന്നും സാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു.
അഡ്വ. ഹാരിസ് ബീരാന് എംപി, എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, സജീവ് ജോസഫ്, സനീഷ് കുമാര്‍ ജോസഫ്, പി.വി. ശ്രീനിജന്, മാര്‍ത്തോമാ സഭ അല്മായ ട്രസ്റ്റി അഡ്വ. ആന്‍സില്‍ കോമാട്ട് തുടങ്ങി ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. സ്വാമി ഋതംഭരാനന്ദ സര്‍വമത പ്രാര്‍ഥന നടത്തി.