ഫ്രാൻസിസ് മാർപാപ്പ സംസ്കൃതത്തിലുള്ള അന്തർദേശീയ പ്രാർഥനാഗാനം പ്രകാശനം ചെയ്തു
പി.ഡി. ജോർജ് നടവയൽ
Wednesday, November 27, 2024 3:49 PM IST
റോം: ഫ്രാൻസിസ് മാർപാപ്പ "കർത്താവിന്റെ പ്രാർഥന' ( Our Father in Heaven) എന്ന അന്തർദേശീയ ആത്മീയ ഗാനം ഇറ്റലിയിലെ റോമിൽ വച്ച് പ്രകാശനം ചെയ്തു. "സർവേശ' എന്ന പേരിൽ സംസ്കൃതത്തിലുള്ള ഈ ഗാനത്തിന്റെ വരികൾ ‘ക്രിസ്തുഭാഗവതം’ എന്ന ക്ലാസിക് കാവ്യത്തിന്റെ രചയിതാവായ മഹാകവി പി.സി. ദേവസ്യയുടേതാണ്.
സംഗീതം ഒരുക്കിയത് ഫാ. ഡോ. പോൾ പൂവത്തിങ്കൽ സിഎംഐയും മനോജ് ജോർജും ആണ്. പാശ്ചാത്യ ക്ലാസിക്കൽ ശൈലിയിൽ കർണാടക രാഗമായ "നടഭൈരവി'യുടെ മനോഹരമായ മിശ്രിതമാണിത്. പാടിയത് പത്മവിഭൂഷൺ ഡോ.കെ.ജെ.യേശുദാസും ഫാ. പോൾ പൂവത്തിങ്കലും ഒപ്പം 100 വൈദികരും 100 കന്യാസ്ത്രീകളും സംഗീത കോറസ് അംഗങ്ങളും ആണ്.
ലോസ് ആഞ്ചൽസ് ചേംബർ ഓർക്കസ്ട്ര ഹോളിവുഡ് യുഎസ്എ, മനോജ് ജോർജ് & രാകേഷ് ചൗരസ്യ (മുംബൈ) എന്നിവർ ഓർക്കസ്ട്ര ചെയ്തു. മാറ്റ് ബ്രൗൺലി (ഹോളിവുഡ്), ലൂക്ക് ബൗലോക്ക് (ഫ്ലോറിഡ), സജി ആർ. നായർ & അഫ്താബ് ഖാൻ (മുംബൈ) എന്നീ വിദഗ്ദ്ധർ റിക്കോഡിംഗ് നിർവഹിച്ചു.
മൂന്നു തവണ ഗ്രാമി അവാഡ് ജേതാവായ പ്രശസ്ത സംഗീത സംവിധായകൻ റിക്കി കെജ് ആണ് സർവേശ ആൽബത്തിന്റെ സഹനിർമാതാവ്. ജെയ്സൺ ജോസ് (ബോസ്റ്റൺ യുഎസ്എ), അഭിലാഷ് വളാച്ചേരി, മെൻഡസ് ആന്റണി എന്നിവർ ഛായാഗ്രഹണം ഭംഗിയാക്കി.
ഒട്ടിസം, സെറിബ്രൽ പാൾസി, മാനസ്സിക വിഭിന്നശേഷി എന്നീ അവസ്ഥകളുള്ള കുട്ടികളുടെ മസ്തിഷ്ക വളർച്ചയെ സഹായിക്കുന്നതിനുള്ള ന്യൂറോളകജിക് മ്യൂസിക് തെറപ്പിയുടെ ഭാഗമായി തൃശൂർ ചേതന ഗാനാശ്രമം നിർമിച്ചതാണ് ഈ ഗാനോപഹാരം.