വീണ്ടും ഒരു മലയാളി വിജയഗാഥ; ബോക്സിംഗിൽ നാഷണൽ ചാമ്പ്യനായി ആൽവിൻ
ഷൈമോൻ തോട്ടുങ്കൽ
Wednesday, November 27, 2024 1:09 PM IST
ന്യൂകാസിൽ: സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് കുടിയേറിയ മലയാളി കുടിയേറ്റക്കാർ എംപിയായും മേയറായും കൗൺസിലറായും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പുതുചരിതം രചിക്കുമ്പോൾ രണ്ടാം തലമുറയിൽ ഈ നാട്ടിൽ ജനിച്ചു വളർന്ന പുതുതലമുറയും ഈ നാടിന്റെ ഭാഗമായി തദ്ദേശീയരോട് മത്സരിച്ച് വിവിധ മേഖലകളിൽ തിളങ്ങുകയാണ്.
ന്യൂകാസിലിൽ നിന്നാണ് വീണ്ടും ഒരു മലയാളി വിജയഗാഥ പിറന്നിരിക്കുന്നത്. പുതുതലമുറയിലെ മാധവപ്പള്ളിൽ ആൽവിൻ ജിജോ 46 കിലോ ബോക്സിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി മാറി.
യുകെയിൽ എത്തിയ കാലം മുതൽ സാമുദായിക, സാംസ്കാരിക മേഖലകളിലും ബ്രിട്ടനിൽ നിന്നും തദ്ദേശീയരായ നിരവധി സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുകയും യുകെയിലെ ക്നാനായ കാത്തലിക് അസോസിയേഷൻ മുൻ വൈസ് പ്രെസിഡന്റും ഇപ്പോൾ ന്യൂകാസിൽ ക്നാനായ മിഷന്റെ കൈക്കാരന്മാരിൽ ഒരാളുമാണ് ഇന്റർനാഷണൽ ടൂർ ഓപ്പറേറ്ററുമായ ജിജോ മാധവപ്പള്ളിൽ - സിസി ജിജോ ദമ്പന്തികളുടെ പുത്രനാണ് അടുപ്പമുള്ളവർ കുട്ടപ്പൻ എന്ന് വിളിക്കുന്ന ആൽവിൻ ജിജോ.
ചെറുപ്പം മുതൽ ബോക്സിംഗ് മത്സരങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആൽവിനെ മാതാപിതാക്കൾ സർവ പ്രോത്സാഹനവും നൽകി കൂടെ നിന്നതാണ് നാഷണൽ അസോസിയേഷൻ ഫോർ ബോയ്സ് ആൻഡ് ഗേൾസ് നടത്തിയ ഈ മത്സരത്തിലെ വിജയിയാകാൻ ആൽവിനെ പ്രാപ്തനാക്കിയത്.
ബില്ലിംഗ്ഹാമിൽ ആണ് ഈ മത്സരത്തിന്റെ ആദ്യ മത്സരങ്ങൾ അരങ്ങേറിയത്. തുടർന്ന് ബ്ലാക്ബേണിൽ നടന്ന സെമി ഫൈനലിൽ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾ ആണ് കഴിഞ്ഞ ദിവസം ബ്രിഡ്ലിംഗ്ടണിൽ നടന്ന ഫൈനൽ മത്സരങ്ങളിലേക്ക് അൽവിന് വഴിയൊരുക്കിയത്.
ചെറുപ്പത്തിൽ തന്നെ ബോക്സിംഗ് മേഖലയിൽ മികച്ച നേട്ടം കൈവരിച്ച സഹോദരന് മാതാപിതാക്കളോടൊപ്പം സർവ പിന്തുണയും നൽകി സിനിമാ മോഡൽ രംഗത്തും നൃത്ത നൃത്യങ്ങൾ ഉൾപ്പടെയുള്ള മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. ആർലിൻ ജിജോയും ആഷിൻ ജിജോയും ഉണ്ട്.
ന്യൂകാസിലിലെ മലയാളി അസോസിയേഷനുകളുടെയും ക്നാനായ സീറോമലബാർ അസോസിയേഷനുകളുടെയും എല്ലാ പരിപാടികളിലും സജീവ സാനിധ്യവും പ്രചോദനവും ആണ് ജിജോയും സിസിയും ഡോ ആർലിനിനും അഷിനിനും ആൽവിനും ഉൾപ്പെടുന്ന മാധവപ്പള്ളിൽ കുടുംബം.