1,45,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിച്ചു ഹ്യുണ്ടായ്
പി.പി ചെറിയാൻ
Thursday, November 28, 2024 8:21 AM IST
ഇൻഡ്യാന: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, തങ്ങളുടെ 1,45,000ലധികം ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. വാഹനങ്ങളിൽ പവർ ലോസ് സംഭവിക്കാനുള്ള സാധ്യതയാണ് ഇവ തിരിച്ചുവിളിക്കുള്ള കാരണം. ഇത് അപകട സാധ്യത വർധിപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2022 മുതൽ 2024 വരെയുള്ള അയോണിക് അഞ്ച് മോഡലുകളും, 2023 മുതൽ 2025 വരെയുള്ള അയോണിക് ആറ് മോഡലുകളും ജെനസിസ് ബ്രാൻഡിന്റെ നിരവധി ഇലക്ട്രിക് മോഡലുകളുമാണ് അപകട സാധ്യതയുള്ളതെന്ന് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ കണ്ടെത്തി. ഇതിൽ 2023 - 2025 ജെനസിസ് ജിവി60, 2023 - 2025 ജെനസിസ് ജിവി70 ഇലക്ട്രിഫൈഡ്, 2023 - 2024 ജെനസിസ് ജി80 എന്നീ മോഡലുകളും ഉൾപ്പെടുന്നു.
ഈ വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ പ്രാദേശിക ഹ്യുണ്ടായ് ഡീലർഷിപ്പിൽ ബന്ധപ്പെട്ട് പ്രശ്നം പരിശോധിച്ച് ആവശ്യമെങ്കിൽ കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാം. ഹ്യുണ്ടായ് ജനുവരി 17 മുതൽ ഉടമകൾക്ക് ഈ തിരിച്ചുവിളിയെക്കുറിച്ചുള്ള കത്തുകൾ അയയ്ക്കും.