ജൈവവൈവിധ്യം
ഭൂമിയിൽ വസിക്കുന്ന വൈവിധ്യമാർന്ന മുഴുവൻ ജീവസമൂഹങ്ങളും അവയുടെ ആവാസ വ്യവസ്ഥകളും ചേരുന്നതാണ് ജൈവവൈവിധ്യം. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവരൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം കൊണ്ട് അർഥമാക്കുന്നത്. സൂക്ഷ്മജീവികൾ മുതൽ ഭീമാകാരജീവികൾ വരെ ഉൾപ്പെടുന്ന സന്പന്നമായ ഒരു ജൈവസമൂഹം ഭൂമിയിലുണ്ട്. ജന്തുക്കളും സസ്യങ്ങളും സൂക്ഷ്മജീവികളുമൊക്കെ അടങ്ങിയതാണ് ജൈവവൈവിധ്യം.
ആവാസ വ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ വൈവിധ്യമുണ്ടെങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഏതാണ്ട് 17.5 ലക്ഷം ജീവികളെ ഇതുവരെ മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിന്റെ പതിന്മടങ്ങ് ജീവികളെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഇന്നുകാണുന്ന ജൈവവൈവിധ്യം കോടാനുകോടി വർഷങ്ങളിലൂടെ സംഭവിച്ച പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യന്റെ ഇടപെടലിന്റെയും ഭാഗമാണ്. പ്രകൃതിയിലെ സന്പന്നമായ വൈവിധ്യങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളുടെ നിലനിൽപ്പ് ജൈവവൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു.
ജൈവവൈവിധ്യം എന്ന പദം
ജീവമണ്ഡലത്തിലെ ജൈവസന്പന്നത സൂചിപ്പിക്കുന്ന ജൈവവൈവിധ്യം (ബയോഡൈവേഴ്സിറ്റി) എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ വാൾട്ടർ ജി. റോസൻ ആണ്. 1985ലായിരുന്നു അത്. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ആദ്യ ഭൗമ ഉച്ചക്കോടി ജൈവവൈവിധ്യ അന്താരാഷ്ട്ര ഉടന്പടി അംഗീകരിക്കുകയുണ്ടായി. അതിൽ ബയോഡൈവേഴ്സിറ്റി എന്ന പദത്തെ ഇങ്ങനെ നിർവചിക്കുന്നു. ഭൂമിയിൽ കരയിലും കടലിലും മറ്റെല്ലാ ജലീയ ആവാസവ്യവസ്ഥകളിലും വസിക്കുന്ന വൈവിധ്യമാർന്ന എല്ലാ ജീവസമൂഹങ്ങളും അവയുടെ വിഭിന്നമായ ആവാസ വ്യവസ്ഥകളും ചേർന്നാതാണ് ജൈവവൈവിധ്യം.
ആവാസവ്യവസ്ഥകളുടെ വൈവിധ്യം
വൈവിധ്യമാർന്ന ജീവികൾ ഒന്നിച്ചു വസിക്കുന്ന ആവാസവ്യവസ്ഥകളാണ് ജീവമണ്ഡലത്തിന്റെ അടിസ്ഥാനഘടകം. ജീവികളെല്ലാം ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് പരസ്പരം ആശ്രയിച്ച് ജീവിക്കുന്നു. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളാൽ സന്പന്നമാണ് ഭൂമി. വനം, സമുദ്രം, പുൽമേടുകൾ, തുന്ദ്ര, തണ്ണീർതടങ്ങൾ, മരുഭൂമി എന്നിവയെല്ലാം വ്യത്യസ്ത ആവാസവ്യവസ്ഥകളാണ്. ആവാസ വ്യവസ്ഥകൾ ജൈവസന്പന്നതയിൽ വ്യത്യസ്തത പുലർത്തുന്നു. ഒരു പ്രത്യേക ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ജീവികളെല്ലാം ആ ആവാസവ്യവസ്ഥയുടെ മാത്രം ഭാഗമല്ല. ഒരു ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ജീവികളിൽ ചിലവയെങ്കിലും മറ്റ് ആവാസവ്യവസ്ഥകളുടെ ഭാഗമായി കാണപ്പെടുന്നു. ഭൂമുഖത്തെ ഭൂരിഭാഗം ജീവികളും കാണപ്പെടുന്നത് ഉഷ്ണമേഖല മഴക്കാടുകളിലാണ്.
സ്പീഷിസുകളുടെ വൈവിധ്യം
ഭൂമിയിൽ കാണപ്പെടുന്ന വ്യത്യസ്ത ജീവജാതികളുടെ വൈവിധ്യമാണ് സ്പീഷിസുകളുടെ വൈവിധ്യം. സസ്യങ്ങൾ, ജന്തുക്കൾ, സൂക്ഷ്മജീവികൾ എന്നിവയിൽ തന്നെയുള്ള വിവിധ വിഭാഗങ്ങളെല്ലാം ചേരുന്ന ജൈവവൈവിധ്യമാണിത്. എന്താണ് ഒരു സ്പീഷിസ്? സ്വാഭാവിക ലൈഗിംക പ്രജനനത്തിലൂടെ പ്രത്യുത്പാദനശേഷിയുള്ള സന്താനങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന ജീവികളുടെ ഗണമാണ് സ്പീഷിസ്. പുല്ലും തെങ്ങും മാവും സസ്യങ്ങളാണ്. പക്ഷേ, ഇവ ഓരോന്നും ഒരു സ്പീഷിസിൽ ഉൾപ്പെടുന്നില്ല. കൊതുകും ചിത്രശലഭവും നായയും നീലത്തിമിംഗലവും ജന്തുക്കളാണ്. ഇവയും വ്യത്യസ്ത സ്പീഷിസുകളാണ്. സൂക്ഷ്മജീവികളിലുമുണ്ട് ഈ വൈവിധ്യം. ഈ സ്പീഷിസുകളെല്ലാം ഭക്ഷ്യശൃംഖലയുടെ വ്യത്യസ്ത കണ്ണികളായി പ്രവർത്തിക്കുന്നു. സ്പീഷിസുകളുടെ വൈവിധ്യമാണ് ഭക്ഷ്യശൃംഖലയെയും ആവാസവ്യവസ്ഥയെയും നിലനിർത്തുന്നത്. ഭൂമധ്യരേഖയ്ക്കടുത്താണ് സ്പീഷിസുകളുടെ വൈവിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. മതിയായ സൂര്യപ്രകാശത്തിന്റെ ലഭ്യത, കാലവർഷ ലഭ്യത എന്നിവ ഈ പ്രദേശത്തെ സ്പീഷിസുകളുടെ വൈവിധ്യത്തിന് കാരണമാകുന്നു.
വ്യത്യസ്ത തലങ്ങൾ
വ്യത്യസ്ത സ്പീഷിസുകൾ തമ്മിലും അവയ്ക്കുള്ളിലെ ജീനുകൾ തമ്മിലും അവ ജീവിക്കുന്ന ആവാസവ്യവസ്ഥകൾ തമ്മിലുമുള്ള വൈവിധ്യം ജൈവവൈവിധ്യത്തിന്റെ വ്യത്യസ്ത തലങ്ങളാണ്. സ്പീഷിസുകളുടെ വൈവിധ്യം, ജനിതകവൈവിധ്യം, ആവാസവ്യവസ്ഥകളുടെ വൈവിധ്യം എന്നിങ്ങനെയുള്ള ജൈവവൈവിധ്യത്തിന്റെ വ്യത്യസ്ത തലങ്ങൾ
പരിചയപ്പെടാം.
ജനിതക വൈവിധ്യം
സ്പീഷിസുകൾ ഓരോന്നിലും ജനിതകപരമായി ധാരാളം വൈവിധ്യങ്ങളുണ്ട്. ജീവികൾ അതിന്റെ തന്നെ സ്പീഷിസിലുള്ള മറ്റൊരു ജീവിയിൽനിന്ന് വ്യത്യസ്തത പുലർത്തുന്നു. മനുഷ്യനിലെ ജനികത വൈവിധ്യം നമുക്ക് പരിചയപ്പെടാം. വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ മനുഷ്യർ വ്യത്യസ്തരാണ് എന്നു നമുക്ക് അറിയാം. നമ്മുടെ രാജ്യത്തെ മനുഷ്യരിൽ തന്നെ വൈവിധ്യം കാണാൻ കഴിയും.
വനം
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥകളിൽ ഈ ആവാസവ്യവസ്ഥ കാണപ്പെടുന്നു. കരയിലെ 38 ശതമാനവും ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. പുൽച്ചെടികൾ, കുറ്റിച്ചെടികൾ, മരങ്ങൾ, സൂക്ഷ്മജീവികൾ, ചെറുതും വലുതുമായ മൃഗങ്ങൾ, ഇഴജന്തുക്കൾ, പക്ഷികൾ എന്നിങ്ങനെ വൈവിധ്യമാർന്ന ജീവികളാൽ സന്പന്നമാണ് ഈ ആവാസ വ്യവസ്ഥ.
മരുഭൂമി
സിംഹം, ഒട്ടകം, തുടങ്ങിയ ജന്തുക്കളുടെയും ഒട്ടകപ്പക്ഷി പോലുള്ള പക്ഷികളുടെയും പാന്പുകൾ, തേളുകൾ എന്നിവയുടെയും കള്ളിച്ചെടി, ചെറിയ ചെടികൾ എന്നിവയുടെയും ആവാസ സ്ഥാനം. ലോകത്തെ കരഭൂമിയുടെ അഞ്ചിലൊന്ന് ഭാഗവും ഈ ആവാസവ്യവസ്ഥയാണ്.
പുൽമേടുകൾ
പുൽവർഗസസ്യങ്ങളും ഷഡ്പദങ്ങളും ഉരഗങ്ങളും ചെറിയ മൃഗങ്ങളുമൊക്കെ ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്നു.
സമുദ്രം
ഭൂമിയിലെ ഏറ്റവും വലിയ ജല ആവാസവ്യവസ്ഥ. കടലിലെയും കരയിലെയും ജീവജാലങ്ങളുടെ നിലനിൽപ്പിന് ഈ ആവാസവ്യവസ്ഥ മുഖ്യപങ്ക് വഹിക്കുന്നു. സസ്യജന്തുപ്ലവകങ്ങൾ മുതൽ ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നിലത്തിമിംഗലം വരെ ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്.
തണ്ണീർത്തടങ്ങൾ
ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ, കണ്ടൽപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ചെറുതും വലുതുമായ നിരവധി കായലുകളുടെയും ചിറകളുടെയും ശൃംഖലയാണിത്. ജൈവവൈവിധ്യ സന്പന്നമായ പ്രദേശമാണ് കണ്ടൽക്കാടുകൾ. ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളുടെ കൂട്ടത്തിൽ ആമസോണ് ഉൾപ്പെടുന്നു.
തുന്ദ്ര
തണുത്ത പ്രദേശമായ ഈ ആവാസവ്യവസ്ഥയിൽ പായലുകൾ, ലൈക്കനുകൾ, ചെറിയ സസ്യങ്ങൾ എന്നിവ കാണപ്പെടുന്നു. ധ്രുവക്കരടി, ആർക്ടിക് കുറുക്കൻ, ആർക്ടിക് മുയൽ തുടങ്ങിയവ ഈ ആവാസ വ്യവസ്ഥയിലെ മുഖ്യ കണ്ണികളാണ്.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്