ചാൾസ് ഡ്രു 1904ൽ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിൽ ജനിച്ചു. വൈദ്യശാസ്ത്രത്തിൽ ഉന്നതപഠനം നടത്തിയ ആദ്യ കറുത്ത വംശജനായിരുന്നു അദ്ദേഹം. രക്തനിവേശവും രക്തബാങ്കും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന പഠനമേഖല. രക്തപ്ലാസ്മ ദീർഘകാലം കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള മാർഗം കണ്ടെത്തിയത് അദ്ദേഹമാണ്. അതുപോലെ അമേരിക്കയിൽ രക്ത ബാങ്കുകളുടെ വികസനത്തിന് നേതൃത്വം നല്കിയതും അദ്ദേഹംതന്നെയാണ്. ചാൾസ് ഡ്രു രക്ത നിവേശനത്തിന് പ്ലാസ്മ ഉപയോഗിക്കുന്നതിന്റെ മെച്ചങ്ങൾ ഡോക്ടർമാരെ ബോധ്യപ്പെടുത്തി.
ഏത് രക്തഗ്രൂപ്പുകാർക്കും നല്‍കാമെന്നതും ശീതീകരണ സംവിധാനം ഇല്ലാതെ തന്നെ ഏറെക്കാലം കേടുകൂടാതെ സംരക്ഷിക്കാമെന്നതും പ്ലാസ്മയുടെ മെച്ചമാണ്. ഈ കണ്ടെത്തലുകൾ രണ്ടാം ലോക മഹായുദ്ധത്തിൽ അനേകം ഭടന്മാരുടെ ജീവൻ രക്ഷിച്ചു. വെള്ളക്കാരുടെ രക്തത്തോടൊപ്പം കറുത്ത വംശജരുടെ രക്തം സൂക്ഷിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ അമേരിക്കൻ യുദ്ധവകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് അദ്ദേഹം തന്റെ സ്ഥാനങ്ങൾ രാജിവച്ചു. ഒരു അപകടത്തിൽപ്പെട്ട് അദ്ദേഹം 45 -ാം വയസിൽ മരണത്തിനു കീഴടങ്ങി.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്