വിജയന്റെ ആത്മഹത്യ: പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പോലീസ്
Thursday, January 16, 2025 3:17 PM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണക്കേസിൽ കോണ്ഗ്രസ് നേതാക്കൾക്ക് ജാമ്യം നൽകരുതെന്ന് വയനാട് പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ പോലീസ്. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കപ്പെടാമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കോൺഗ്രസ് നേതാക്കൾ നൽകിയ മുൻകൂർ ജാമ്യപേക്ഷയിലാണ് പോലീസിന്റെ വാദം. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിഡിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരെയാണ് ബത്തേരി പോലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തത്.
ഹർജിയിൽ ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ എന്നിവരുടെ വാദങ്ങൾ ബുധനാഴ്ച പൂർത്തിയായിരുന്നു. കെ.കെ.ഗോപിനാഥന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങളാണ് ഇന്ന് നടന്നത്.
എൻ.എം. വിജയന് ആത്മഹത്യ ചെയ്യാനുള്ള മാനസിക പ്രശ്നം ഉണ്ടായിരുന്നുവെന്നും മകന് കൂടി വിഷം നൽകിയത് എന്തിനാണെന്ന് പരിശോധിക്കണമെന്നും ഗോപിനാഥ് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പ്രശ്നം കൂടി ഈ വിഷയത്തിൽ ഉണ്ടോ എന്ന് കൂടി പരിശോധിക്കണമെന്നും ഗോപിനാഥ് ആവശ്യപ്പെട്ടു. ജാമ്യത്തിനായി എന്ത് വ്യവസ്ഥകളും അംഗീകരിക്കാൻ തായാറാണെന്നും ഗോപിനാഥൻ പറഞ്ഞു.
കേസിൽ കെപിസിസി പ്രസിഡന്റിന് വിജയൻ എഴുതിയ കത്ത് ആത്മഹത്യ കുറിപ്പായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മൂന്ന് പ്രതികളും തമ്മിൽ ഗൂഢാലോചന നടത്തിയോ എന്നും അന്വേഷണം വേണം. ആത്മഹത്യ കുറിപ്പിൽ പാർട്ടി കാരണമാണ് എൻ.എം. വിജയൻ നശിച്ചതെന്ന പരാമർശം ഉണ്ടായിരുന്നു. സാന്പത്തിക പ്രശ്നങ്ങളെ തുടർന്ന് മാനസിക സമ്മർദം അദ്ദേഹത്തിനുണ്ടായിരുന്നു.
അതോടൊപ്പം വിജയന്റെ ഡയറി കുറിപ്പും പോലീസ് കോടതിയിൽ ഹാജരാക്കി. കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തിലെ പല പരാമർശങ്ങളും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഡയറി കുറിപ്പ് എന്നും പ്രോസിക്യൂഷൻ വാദിച്ചു.
പി.പി. ദിവ്യയുടെ കേസും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ആത്മഹത്യാ പ്രേരണാക്കേസിൽ ദിവ്യയെ അറസ്റ്റ് ചെയ്തു. നിയമത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ ജനുവരി 18ന് കോടതി വിധിപറയും.