പടക്കങ്ങൾ പൊട്ടിച്ച് വിവാഹാഘോഷം; നവജാതശിശു ഗുരുതരാവസ്ഥയിൽ
Thursday, January 16, 2025 11:26 AM IST
കണ്ണൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് നവജാത ശിശു ഗുരുതരാവസ്ഥയിൽ. 22 ദിവസം പ്രായമുള്ള കുഞ്ഞിന് അപസ്മാരമുൾപ്പെടെ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചത്.
ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആഘോഷം.
നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പോലീസിൽ പരാതി നൽകി.