ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജി; 90 ലക്ഷം രൂപ നഷ്ടമായി
Thursday, January 16, 2025 11:59 AM IST
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജി. ജസ്റ്റീസ് ശശിധരന് നമ്പ്യാര്‍ക്കാണ് 90 ലക്ഷം രൂപ നഷ്ടമായത്. ഷെയര്‍ ട്രേഡിംഗിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ജഡ്ജിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് കേസെടുത്തു. രണ്ട് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അയന ജോസഫ്, വര്‍ഷ സിംഗ് എന്നിവര്‍ക്കെതിരേയാണ് കേസ്.
ഓണ്‍ലൈന്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ ശേഷമായിരുന്നു തട്ടിപ്പ്. ഈ ഗ്രൂപ്പില്‍ നമ്പര്‍ ചേര്‍ത്തതിന് ശേഷം 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തു.
ഇവര്‍ നല്കിയ പേയ്മെന്റ് ലിങ്ക് വഴി കഴിഞ്ഞ മാസം പല തവണയായി പണം കൊടുക്കുകയായിരുന്നു. പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ ബുധനാഴ്ച തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് കൊച്ചി സൈബര്‍ പോലീസിന് കൈമാറും.