കുതിച്ചുയർന്ന് സ്വർണവില; 59,000 കടന്നു, രണ്ടാഴ്ചയ്ക്കിടെ കൂടിയത് 2,000 രൂപ
Thursday, January 16, 2025 11:11 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുകയറുന്നു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്നു വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 59,120 രൂപയിലും ഗ്രാമിന് 7,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,090 രൂപയായി ഉയര്‍ന്നു.
തുടര്‍ച്ചയായ അഞ്ചുദിവസത്തെ മുന്നേറ്റത്തിന് ശേഷം ചൊവ്വാഴ്ച താഴെവീണ സ്വർണവിലയാണ് ബുധനാഴ്ച മുതൽ തിരിച്ചുകയറിയത്. ബുധനാഴ്ച 80 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ടാഴ്ചയ്ക്കിടെ 2,000 രൂപയാണ് സ്വർണത്തിന് വർധിച്ചത്. നിലവിൽ ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വര്‍ണവില ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപ കടക്കുകയും ചെയ്തു.
ഡിസംബർ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഡിസംബർ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിലയെ സ്വാധീനിച്ചത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2,697 ഡോളറായി ഉയര്‍ന്നു.
അതേസമയം, വെള്ളിയുടെ വിലയും ഉയർച്ചയുടെ പാതയിലാണ്. ഗ്രാമിന് രണ്ടുരൂപ വർധിച്ച് 99 രൂപയിലെത്തി.