ചരിത്ര നേട്ടവുമായി ഇസ്രോ; സ്പേസ് ഡോക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കി
Thursday, January 16, 2025 9:52 AM IST
ന്യൂഡല്‍ഹി: ബഹിരാകാശത്തുവച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിംഗ്(സ്പേഡെക്സ്) ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഇസ്രോ. നാലാമത്തെ പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്.
സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറുമാണ് കൂടിച്ചേർന്നത്. ഇതില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇസ്രോ.
ഡിസംബർ 30ന് ആണ് ഭൂമിയിൽനിന്ന് പിഎസ്എൽവി റോക്കറ്റിൽ രണ്ട് ഉപഗ്രഹങ്ങളുടെ യാത്ര തുടങ്ങിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്-01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്-02 എന്നീ ഉപഗ്രഹങ്ങളാണ് അയച്ചത്.
സ്പേസ് ഡോക്കിംഗ് സാധ്യമായതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന് അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രോയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിംഗ്. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ–4 എന്നീ പദ്ധതികൾക്കും മുതൽക്കൂട്ടാകും.