അണ്ടർ 19 ഏഷ്യാ കപ്പ്; ഇന്ത്യയ്ക്ക് തോൽവി
Saturday, November 30, 2024 8:23 PM IST
ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. പാക്കിസ്ഥാനെതിരായ മത്സരത്തിൽ 43 റൺസിനാണ് ഇന്ത്യൻ യുവനിരക്ക് കാലിടറിയത്. സ്കോര്‍ പാക്കിസ്ഥാന് 281 -7, ഇന്ത്യ 47.1 ഓവറില്‍ 238ന് ഓള് ഔട്ട്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ 281 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയുടെ പോരാട്ടം 47.1 ഓവറിൽ 238 റണ്‍സില്‍ അവസാനിച്ചു. ഓപ്പണര്‍ ഷഹ്സെയ്ബ് ഖാന്റെ സെഞ്ചുറി(159) സഹ ഓപ്പണര്‍ ഉസ്മാന് ഖാന്റെ അര്‍ധ സെഞ്ചുറിയുമാണ് (60) പാക് ഇന്നിംഗ്സിനു ശക്തമായ അടിത്തറയിട്ടത്.
ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ 160 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഇന്ത്യയ്ക്കായി സമർഥ് നാഗരാജ് മൂന്നും ആയുഷ് മത്രെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ നിരയിൽ നിഖിൽ കുമാർ 67 റൺസെടുത്തു തിളങ്ങി.
പത്താമനായി ക്രീസിലെത്തി വെടിക്കെട്ട് നടത്തിയ മലയാളി താരം മുഹമ്മദ് ഇനാന്റെയും പോരാട്ടം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 22 പന്തിൽ രണ്ടു വീതം സിക്സുകളും ഫോറുകളും പറത്തിയ ഇനാൻ 30 റൺസ് നേടി.
കിരൺ ചോർമലെ (30 പന്തിൽ 20), ആയുഷ് മത്രെ (14 പന്തിൽ 20) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാര്‍. പാക്കിസ്ഥാന് വേണ്ടി അലി റാസ മൂന്ന് വിക്കറ്റെടുത്തു. ഷഹ്സെയ്ബ് ഖാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. തിങ്കളാഴ്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.