ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ല; സ്കാനിംഗ് സെന്ററുകള്‍ പൂട്ടി
Saturday, November 30, 2024 7:54 PM IST
ആലപ്പുഴ: ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ സ്കാനിംഗ് സെന്ററുകള്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. മന്ത്രി വീണാ ജോർജ് നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ നിർദേശ പ്രകാശം മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കി.
നിയമപ്രകാരം സ്കാനിംഗിന്റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്.
വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്കാനിംഗിൽ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നില്ലെന്ന് അനീഷും സുറുമിയും വ്യക്തമാക്കിയിരുന്നു. ഏഴ് തവണ സ്കാന്‍ ചെയ്തിട്ടും വൈകല്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ലാബുകളുടെ ലൈസൻസ് റദ്ദാക്കിയതായി ആരോഗ്യ വകുപ്പ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ അനു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടത്തിയാണ് സ്കാനിംഗ് സെന്ററുകൾസീൽ ചെയ്തത്.