രചിന് രവീന്ദ്രയ്ക്കും രക്ഷിക്കാനായില്ല; കിവീസിനെ 63 റൺസിന് വീഴ്ത്തി ലങ്ക, ജയസൂര്യയ്ക്ക് ഒമ്പതു വിക്കറ്റ്
Monday, September 23, 2024 2:07 PM IST
ഗാലെ: ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 63 റണ്‍സ് ജയം. 275 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 211 റൺസിനു പുറത്തായി. വിക്കറ്റ് വീഴ്ചയ്ക്കിടെ രചിൻ രവീന്ദ്രയുടെ (92) ഒറ്റയാൾ പോരാട്ടം വിഫലമായപ്പോൾ മത്സരത്തിലാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ലങ്കൻ താരം പ്രഭാത് ജയസൂര്യയാണ് കളിയിലെ താരം. സ്കോര്‍- ശ്രീലങ്ക: 305, 309, ന്യൂസിലന്‍ഡ്: 340, 211.
എട്ടിന് 207 റൺസ് എന്ന നിലയിൽ അവസാനദിനം ക്രീസിലിറങ്ങിയ കിവീസിന് വെറും മൂന്ന് റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. അവസാന ദിവസം രണ്ട് വിക്കറ്റ് ശേഷിക്കെ 68 റണ്‍സായിരുന്നു ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരറ്റത്ത് പിടിച്ചുനിന്ന രചിൻ രവീന്ദ്രയിലായിരുന്നു കിവീസ് പ്രതീക്ഷ മുഴുവനും.
എന്നാല്‍, രണ്ടാം ഓവറില്‍ രചിന് രവീന്ദ്രയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പ്രഭാത് ജയസൂര്യ കിവീസ് ജയപ്രതീക്ഷകൾ തല്ലിക്കെടുത്തി. പിന്നാലെ തന്റെ അടുത്ത ഓവറിൽ വില്യം ഒറൂര്ക്കെയെ (പൂജ്യം) ബൗള്‍ഡാക്കിയ ജയസൂര്യ ലങ്കയ്ക്ക് വിജയം സമ്മാനിച്ചു. രണ്ടാമിന്നിംഗ്സിൽ അഞ്ചുവിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ജയസൂര്യ ആദ്യ ഇന്നിംഗ്സിൽ നാലുവിക്കറ്റ് വീഴ്ത്തിയിരുന്നു. 35 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയശേഷമാണ് കിവീസ് തോല്‍വി വഴങ്ങിയത്.
നേരത്തെ, 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിന് ടോം ലാഥം(28), കെയ്ന്‍ വില്യംസൺ (30), രചിന് രവീന്ദ്രയും(92), ടോം ബ്ലണ്ടൽ (30) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ഡെവൺ കോൺവേ (നാല്), ഡാരില്‍ മിച്ചല്‍(എട്ട്), ഗ്ലെന്‍ ഫിലിപ്സ് (നാല്), മിച്ചല്‍ സാന്റ്നര്‍ (രണ്ട്), ക്യാപ്റ്റന്‍ ടിം സൗത്തി(രണ്ട്) എന്നിവർ രണ്ടക്കം പോലും കാണാതെ പുറത്തായി.