ഫുട്ബോൾ ഇതിഹാസം ടി.കെ. ചാത്തുണ്ണി അന്തരിച്ചു
Wednesday, June 12, 2024 9:02 AM IST
തൃശൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. പുലർച്ചെ 7.45ന് കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രോഗം മൂർഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്കു 12ന് വടൂക്കര ശ്മശാനത്തിൽ.
ചാലക്കുടി നഗരസഭയിൽ പൊതുദർശനത്തിനു വയ്ക്കരുതെന്നും തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാകണം പൊതുദർശനമെന്നും റീത്തിനു പകരം ഫുട്ബോൾ വയ്ക്കണമെന്നും കുറിപ്പെഴുതിവച്ചിട്ടാണു ചാത്തുണ്ണി വിടവാങ്ങുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ ക്ലബുകളുടെ പരിശീലകനായിരുന്ന ചാത്തുണ്ണി, ഇന്ത്യൻ ഫുട്ബോളിന്റെയും കേരള ഫുട്ബോളിന്റെയും ഇതിഹാസ അധ്യായമാണ്. സന്തോഷ് ട്രോഫിയിൽ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചു.
വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരിൽ ഒരാളായി പേരെടുത്തു. എഫ്സി കൊച്ചിൻ, ഡെംപോ എസ്സി, സാൽഗോക്കർ എഫ്സി, മോഹൻ ബഗാൻ എഫ്സി, ചർച്ചിൽ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ്, ജോസ്കോ എഫ്സി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.എം. വിജയൻ അടക്കമുള്ള ശിഷ്യൻമാരുടെ വലിയ നിരയുണ്ടു അദ്ദേഹത്തിന്. 14 വർഷത്തെ ഫെഡറേഷൻ കപ്പിൽ കേരള പോലീസ് മുത്തമിട്ടത് ചാത്തുണ്ണിയുടെ പരിശീലന തന്ത്രങ്ങളുടെ മികവിലായിരുന്നു.
ചാലക്കുടി പോലീസ് സ്റ്റേഷനു സമീപം തുന്പരത്തി കണ്ടുണ്ണിയുടെയും പാർവതിയുടെയും ആറുമക്കളിൽ രണ്ടാമനായി 1945 ജനുവരി രണ്ടിനു ജനനം. ചാലക്കുടി സെന്റ് മേരീസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസ് മുതൽ ഫുട്ബോൾ കളിച്ചുതുടങ്ങി.
സോഷ്യൽ സ്റ്റഡീസ് എടുത്തിരുന്ന ആലേങ്ങാടൻ റപ്പായി മാഷായിരുന്നു ഫുട്ബോൾ കളിക്കാരുടെ പ്രിയപ്പെട്ട ഗുരു. ഭക്ഷണം, ജഴ്സി, യാത്രാക്കൂലി എന്നിവ മാഷ് വക. ഒന്‍പതിൽ തോറ്റതോടെ സ്കൂളിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങി. ഇന്ത്യൻ ആർമിയുടെ ഇഎംഎ വിഭാഗത്തിലും പിന്നീടു ജൂണിയർ ടീമിലും ഇടം നേടി.
ആർമി സ്റ്റാഫിന്റെ ചീഫ് ജനറൽ ജെ.എൻ. ചൗധരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അണ്ടർ 19 ടീമിൽ അംഗമായി. പ്രസിദ്ധമായ ഡൂറന്റ് കപ്പിൽ കളിക്കാൻ എൻട്രി ലഭിച്ചു. പിന്നീട് വിവിധ ക്ലബുകൾ. 15 വർഷത്തെ കളി ജീവിതത്തിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കായി സന്തോഷ് ട്രോഫി കളിച്ചു.
1970-ൽ റഷ്യ, 73 -ൽ ജർമനി ടീമുകൾക്കെതിരേ ഇന്ത്യൻ ഇലവിനിലും അതേ വർഷം ക്വാലാലംപൂരിൽ നടന്ന മെർദേക്ക ടൂർണമെന്റിൽ രാജ്യത്തിനായി ബൂട്ടണിഞ്ഞു. 78-ൽ ബംഗളൂരു എൻഐഎസിൽ പരിശീലകനാകാനുള്ള കോഴ്സിൽ ചേർന്നു. പിന്നീട് 1979 ഓഗസ്റ്റ് 18ന് കേരള സ്പോർട്സ് കൗണ്‍സിലിൽ പ്രവേശിച്ചു. ഭാര്യ: സ്വർണലത. മക്കൾ: രേഖ, റിങ്കു. മരുമക്കൾ: പ്രമോദ്- ദുബായ്, ബിജു- ഐടി കാക്കനാട്.