സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
Friday, May 17, 2024 3:08 PM IST
കോട്ടയം: സോളാര്‍ വിഷയത്തിലെ എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം സിപിഎം മുന്‍കൈയെടുത്ത് ഒത്തുതീര്‍പ്പാക്കിയെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി പുതുപ്പള്ളി എംഎൽഎയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ.
സോളാർ സമരം ന്യായമില്ലാത്ത സമരമായിരുന്നുവെന്നും ന്യായവും നീതിയും ഇല്ലാത്തതുകൊണ്ടാണ് പിടിച്ചുനില്ക്കാൻ സാധിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരു കാമ്പുമില്ലാത്ത കേസ് ആണെന്ന് അറിഞ്ഞായിരുന്നു സമരം. അത് പിണറായി വിജയന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമ്പതുവർഷം കൊണ്ട് അതു തെളിഞ്ഞു. ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് നടന്നത്. വ്യാജ വാർത്തകളുടെ പിന്നാലെ പോകുകയാണ് സിപിഎം ചെയ്തതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.