സോളാർ വെളിപ്പെടുത്തൽ: ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ലെന്ന് കെ. സുരേന്ദ്രൻ
Friday, May 17, 2024 2:05 PM IST
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം ഒത്തുതീർപ്പാക്കിയെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഇരുമുന്നണിക്കുമെതിരേ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രൻ.
ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ തെളിവാണെന്നും സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ബിജെപി ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു. സോളാർ സമരം അട്ടിമറിക്കാനാണ് തുടക്കം മുതൽ സിപിഎം ശ്രമിച്ചത്. എന്നാൽ ബിജെപിയായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ ധർമം നിറവേറ്റിയത്. അധികാരത്തിലേറിയപ്പോൾ പിണറായി വിജയനും സംഘവും പതിവ് കലാപരിപാടിയായ ഒത്തുതീർക്കൽ പദ്ധതി നടപ്പിലാക്കി. ഇന്നത്തെ എംപിയും അന്നത്തെ പാർട്ടി ചാനലിന്റെ മേധാവിയുമായിരുന്ന ജോൺ ബ്രിട്ടാസാണ് അതിന് ഒത്താശ ചെയ്തതെന്ന മുണ്ടക്കയത്തിന്റെ ആരോപണം ഗൗരവതരമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ബാർക്കോഴ കേസ്, പാലാരിവട്ടം കേസ് തുടങ്ങി മാസപ്പടി കേസിൽ വരെ ഇടത്- വലത് അവിശുദ്ധ ബന്ധം കേരളം കണ്ടതാണ്. അഴിമതിയും ഒത്തുതീർപ്പും മാത്രമാണ് രണ്ട് മുന്നണികളുടെയും കൈമുതലെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് 2013 ഓഗസ്റ്റ് 12ന് നടന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം ഒന്നര ദിവസം കൊണ്ട് അവസാനിച്ചത് എങ്ങനെയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ സോളാര്‍ ഇരുണ്ടപ്പോള്‍ എന്ന പേരില്‍ എഴുതിയ പരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തല്‍.
താന്‍ കൂടി ഇടപെട്ടുകൊണ്ടാണ് സമരം ഒത്തുതീര്‍പ്പാക്കിയത്. അതിന് തുടക്കം കുറിച്ചത് ജോണ്‍ ബ്രിട്ടാസിന്റെ ഫോണ്‍ കോളാണെന്ന് ലേഖകൻ വെളിപ്പെടുത്തി. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ എന്ന് ബ്രിട്ടാണ് തന്നെ വിളിച്ച് ചോദിച്ചു. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഇതെന്ന് തനിക്ക് ബോധ്യമായി.
ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്ന് ബ്രിട്ടാസ് ചോദിച്ചു. ജുഡീഷല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്നു താന്‍ ചൂണ്ടിക്കാട്ടി. അത് പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി എന്ന് ബ്രിട്ടാസ് പറഞ്ഞു.
പിന്നീട് താന്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മന്‍ ചാണ്ടി പി.കെ.കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോയെന്ന് ചോദിച്ചു.
താന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്ന് കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു.
തുടര്‍ന്ന് ഇടതു പ്രതിനിധിയായി എന്‍.കെ.പ്രേമചന്ദ്രന് യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു.
മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചെന്നും ലേഖനത്തില്‍ പറയുന്നു. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ലേഖകന്‍ വ്യക്തമാക്കി.