പോലീസിന്റെ പ്രോജക്ട് ഹോപ്പ്; എസ്എസ്എല്‍സി, പ്ലസ്ടു പാസായത് 331 വിദ്യാര്‍ഥികള്‍
സീമ മോഹന്‍ലാല്‍
Wednesday, May 15, 2024 8:07 PM IST
കൊച്ചി: കേരള പോലീസിന്റെ പ്രോജക്ട് ഹോപ്പി (ഹെല്‍പ്പിംഗ് അദേഴ്സ് പ്രൊമോട്ട് എജ്യുക്കേഷന്‍) ലൂടെ സംസ്ഥാനത്ത് ഇത്തവണ സ്റ്റേറ്റ് സിലബസില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ചത് 331 പേര്. എസ്എസ്എല്‍സി പരീക്ഷ 35 പേരും പ്ലസ്ടു പരീക്ഷ 615 പേരുമാണ് എഴുതിയത്. ഇതില്‍ 23 പേര് എസ്എസ്എല്‍സി പരീക്ഷ പാസായി. 308 പേരാണ് പ്ലസ്ടു പരീക്ഷ പാസായത്.
പ്രോജക്ട് ഹോപ്പിനു കീഴില്‍ 1,244 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 594 പേരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുണ്ട്. ഇവര്‍ ഇടയ്ക്കുവച്ച് പഠനം ഉപേക്ഷിച്ചുപോയവരാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗിനു കീഴില്‍ പഠിച്ച ഇവരുടെ പരീക്ഷ പൂര്‍ത്തിയായത് കഴിഞ്ഞയാഴ്ചയാണ്. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനത്തിന് ഇനിയും സമയം എടുക്കും.
തിരുവനന്തപുരം റൂറലില്‍ നിന്നാണ് കൂടുതല്‍ പേര് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇവിടെ നിന്നും 15 പേര് പരീക്ഷ എഴുതി. രണ്ടാം സ്ഥാനം കൊല്ലം സിറ്റിക്കാണ് - 12 പേര്. 11 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ കോഴിക്കോട് സിറ്റിയാണ് മൂന്നാം സ്ഥാനത്ത്. എറണാകുളം ജില്ലയില്‍നിന്ന് ഇത്തവണ ആരും എസ്എസ്എല്‍സി പരീക്ഷ എഴുതിയില്ല.
പ്ലസ്ടു പരീക്ഷ എഴുതിയ കുട്ടികളില്‍ 166 വിദ്യാര്‍ഥികളുമായി തിരുവനന്തപുരം റൂറലാണ് ഒന്നാം സ്ഥാനത്ത്. കോഴിക്കോട് റൂറലില്‍ നിന്ന് 130 പേരും കോഴിക്കോട് സിറ്റിയില്‍ നിന്ന് 122 പേരും പ്ലസ്ടു പരീക്ഷ എഴുതി.
കൊച്ചി സിറ്റിയില്‍ നിന്ന് 84 പേരും എറണാകുളം റൂറലില്‍ നിന്ന് 64 പേരുമാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. പ്രോജക്ട് ഹോപ്പ് പദ്ധതിയിലൂടെ എല്ലാ ജില്ലകളില്‍ നിന്നും പ്ലസ്ടു പരീക്ഷ എഴുതാന്‍ ഈ വർഷം വിദ്യാര്‍ഥികളുണ്ടായിരുന്നു.
പ്രോജക്ട് ഹോപ്പ് വഴി 2017 മുതല്‍ 2023 വരെയുള്ള അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ 1304 വിദ്യാര്‍ഥികളും പ്ലസ്ടു പരീക്ഷയില്‍ 1945 വിദ്യാര്‍ഥികളും ഉന്നത വിജയം നേടി വിവിധ ജോലികളില്‍ പ്രവേശിച്ചു. ഇക്കാലയളവില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് 1,464 പേരും പ്ലസ്ടു പരീക്ഷ 3,356 പേരും എഴുതി.
പരാജിതരായവരെ വീണ്ടും പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതിനുള്ള ക്ലാസുകള്‍ കൊടുക്കുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ്ടു പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചവര്‍ക്കും പരീക്ഷയില്‍ പരാജിതരായവര്ക്കും സൗജന്യ തുടര്‍ പഠനത്തിനായി ചിരി ഹെല്‍പ്പ് ലൈന്‍ നമ്പറായ 9497900200-ല്‍ രജിസ്റ്റര്‍ ചെയ്യാം.
എന്താണ് പ്രോജക്ട് ഹോപ്പ്
വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന 18 വയസിനു താഴെയുള്ള കുട്ടികളെ അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും സമൂഹത്തില്‍ അന്തസോടെ ജീവിക്കുന്നതിനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് ഡിവിഷനു കീഴില്‍ 2017 ല്‍ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ഹോപ്പ്. എഡിജിപി പി. വിജയനായിരുന്നു പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്. പദ്ധതിക്കായി ഒരു വര്‍ഷത്തേക്ക് 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിഹിതം.