തങ്ങളുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു, പ്രസംഗം സദുദ്ദേശ്യപരമെന്ന് കുഞ്ഞാലിക്കുട്ടി
Sunday, February 4, 2024 1:01 PM IST
മലപ്പുറം: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പിന്തുണച്ച് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സദുദ്ദേശ്യത്തോടെയാണ് തങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
തങ്ങളുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതില്‍ പ്രതിഷേധിക്കേണ്ടതില്ല എന്നായിരുന്നു തങ്ങളുടെ പ്രസ്താവന. അയോധ്യവിഷയം രാഷ്ട്രീയവത്ക്കരിച്ച് തെരഞ്ഞെടുപ്പ് വിജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
എന്നാല്‍ സാമുദായിക ഐക്യത്തിന് വേണ്ടിയുള്ള ശ്രമമാണ് തങ്ങള്‍ നടത്തിയത്. അയോധ്യയുടെ പേരില്‍ ആളുകളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം ചെറുക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ പ്രസംഗത്തെ മോശമായി ചിത്രീകരിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ജനുവരി 24ന് നടത്തിയ പ്രസംഗമാണ് വിവാദമായത്. അയോധ്യയിലെ രാമക്ഷേത്രവും അവിടെ നിര്‍മിക്കാനിരിക്കുന്ന ബാബറി മസ്ജിദും ഒരേ പോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണെന്നായിരുന്നു പരാമര്‍ശം.
രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിന്റെ ആവശ്യമാണ് രാമക്ഷേത്രം. അതില്‍ പ്രതിഷേധിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.