വിജിലൻസ് മേധാവിയും നാടുവിടുന്നു; അവധി അപേക്ഷ നൽകി ടി.കെ. വിനോദ്കുമാർ
Friday, September 29, 2023 9:16 PM IST
തിരുവനന്തപുരം: ഡിജിപി പദവിയിലുള്ള സംസ്ഥാന വിജിലൻസ് മേധാവി ടി.കെ. വിനോദ് കുമാർ നാടുവിടാൻ ഒരുങ്ങുന്നു. അമേരിക്കയിലെ സർവകലാശാലയിൽ അധ്യാപക ജോലി സ്വീകരിക്കുന്നതിനായി വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് ഒന്നര വർഷത്തെ അവധി തേടി വിനോദ് കുമാർ സർക്കാരിന് അപേക്ഷ നൽകി.
സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ അദ്ദേഹം വൈകാതെ തന്നെ അമേരിക്കയിലേക്ക് പോകും. അനുമതി സർക്കാർ നിഷേധിച്ചാൽ, 2025 വരെ സർവീസ് കാലാവധിയുള്ള വിനോദ് കുമാർ കേരളത്തിൽ തുടരും.
നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന് ശേഷം പോലീസ് സേനയിലെ സീനിയർ വിനോദ് കുമാർ ആണ്. എന്നാൽ, ഇദ്ദേഹം സംസ്ഥാന പോലീസ് മേധാവിയാകാനുള്ള സാധ്യത കുറവാണ്. ആറ് മാസത്തെ സർവീസ് ബാക്കിയുള്ളവരെ മാത്രമേ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കു എന്ന നിബന്ധന ഉള്ളതിനാലാണിത്.
ദർബേഷ് സാഹിബിന്റെ കാലാവധി പൂർത്തിയായതിന് ശേഷം നാല് മാസം കൂടി മാത്രമാകും വിനോദ് കുമാർ സർവീസിൽ തുടരുക.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ തുടർച്ചയായി ആറ് വർഷം ഇന്റലിജൻസ് എഡിജിപിയായിരുന്നു വിനോദ്കുമാർ. തുടർന്നു ഡിജിപിയായി കഴിഞ്ഞ ഓഗസ്റ്റിൽ സ്ഥാനക്കയറ്റം ലഭിച്ചതോടെ വിജിലൻസ് മേധാവിയായി.